Deshabhimani

പൊലീസ്‌ സർക്കിൾ ഓഫീസ് വീണ്ടും കുളത്തൂപ്പുഴയിൽ

കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനു സമീപത്തെ കെട്ടിടത്തിൽ കഴിഞ്ഞ ദിവസം മുതൽ സർക്കിൾ ഓഫീസ്  പ്രവർത്തനമാരംഭിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Sep 14, 2026, 12:17 AM | 1 min read

അഞ്ചൽ

ഒന്നരമാസം മുമ്പ് തെന്മലയിലേക്ക് മാറ്റിസ്ഥാപിച്ച പൊലീസ് സർക്കിൾ ഓഫീസ് കഴിഞ്ഞ ദിവസംമുതൽ കുളത്തൂപ്പുഴയിൽ പ്രവർത്തനമാരംഭിച്ചു. നാലു പതിറ്റാണ്ടായി കുളത്തൂപ്പുഴയിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ഭരണ സൗകര്യത്തിനെന്ന പേരിലാണ് തെന്മലയിലേക്ക് മാറ്റിയത്. എന്നാൽ യാതൊരുവിധ അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥലത്തേക്ക് ഓഫീസ് മാറ്റിയത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രതിഷേധമുയർന്നതോടെയാണ്‌ കഴിഞ്ഞദിവസം വീണ്ടും ഓഫീസ്‌ കുളത്തൂപ്പുഴയിലേക്ക് മാറ്റി വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്‌. ​എണ്‍പതുകളിൽ കുളത്തൂപ്പുഴയിൽ ആരംഭിച്ച പൊലീസ് സർക്കിൾ ഓഫീസിനു കീഴിൽ കുളത്തൂപ്പുഴ, ഏരൂർ, അഞ്ചൽ, തെന്മല പൊലീസ് സ്റ്റേഷനുകളാണ് ഉൾപ്പെട്ടിരുന്നത്. തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഏരൂർ, അഞ്ചൽ പൊലീസ് സ്റ്റേഷനുകൾ യോജിപ്പിച്ച് അഞ്ചൽ സർക്കിൾ രൂപീകരിക്കുകയും ബാക്കി പ്രദേശങ്ങൾ കുളത്തൂപ്പുഴ സർക്കിളിൽ തുടരുകയുമായിരുന്നു. ആദ്യഘട്ടത്തിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തനമെങ്കിലും പിന്നീട്‌ ആഭ്യന്തരവകുപ്പിന്റെ ക്വാർട്ടേഴ്സ് കെട്ടിടത്തിലേക്കു മാറ്റി. വർഷങ്ങളോളം ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കവെ പൊലീസ് സ്റ്റേഷനു സമീപത്തായി പുതിയ സർക്കിൾ ഓഫീസ് കെട്ടിടം നിർമിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ തെന്മല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സർക്കിൾ ഓഫീസ്‌ മാറ്റുകയായിരുന്നു. ആവശ്യമായ സ്ഥല സൗകര്യമില്ലാതെ പ്രവർത്തനമാരംഭിച്ച ഓഫീസിൽ എത്തുന്നവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ ആദിവാസി കോളനികളും മറ്റിതര പിന്നോക്ക വിഭാഗക്കാരുമടങ്ങിയ കുളത്തൂപ്പുഴ സ്റ്റേഷൻ പരിധിയിലുള്ളവർക്ക് ഓരോ ആവശ്യത്തിനും തെന്മലയിലേക്ക് എത്തിച്ചേരുന്നതിനുള്ള യാത്രാക്ലേശവും മറ്റും പരാതികൾക്ക് കാരണമായി. രാഷ്ട്രീയ തലത്തിൽ ഉയർത്തിയ പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം റദ്ദാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home