Deshabhimani

പൊലീസ്‌ തലപ്പത്തുള്ളവർക്ക്‌ ഗുരുതരവീഴ്‌ച

വിവിഐപി ഡ്യൂട്ടിയുടെ പേരിൽ
ഉദ്യോഗസ്ഥര്‍ക്ക് അധികഭാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 02:27 AM | 1 min read

കൊല്ലം

വിവിഐപി ഡ്യൂട്ടിയുടെ പേരിൽ പൊലീസ്‌ തലപ്പത്തുള്ളവരും സ്‌പെഷ്യൽ ബ്രാഞ്ചും കൊല്ലം സിറ്റിയിലെയും കെപി അഞ്ച്‌ ബറ്റാലിയനിലെയും സേനാംഗങ്ങൾക്ക്‌ അടിച്ചേൽപ്പിച്ചത്‌ സർവത്ര ദുരിതം. അടിയന്തര സാഹര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പൊലീസ്‌ തലപ്പത്തുള്ളവർക്കുണ്ടായ ഗുരുതര വീഴ്‌ചയുടെ ഭാരം പേറേണ്ടിവന്നത്‌ സാധാരണ പൊലീസ് ഉദ്യോഗസ്ഥരാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ശനിയാഴ്‌ച വള്ളിക്കാവിൽ അമൃതാനന്ദമയി മഠത്തിൽ വന്നുപോയ ശേഷവും മുന്നറിയിപ്പില്ലാതെ അധിക ഡ്യൂട്ടി അടിച്ചേൽപ്പിച്ചു. ഞായറാഴ്‌ച രാവിലെ എട്ടുവരെയായിരുന്നു അപ്രതീക്ഷിത അധിക ഡ്യൂട്ടി. ഇതോടെ വീട്ടിൽ പോകാമെന്ന്‌ കരുതിയ ഉദ്യോഗസ്ഥർ മാനസിക സമ്മർദത്തിലായി. ഇതിന്‌ പുറെമെ ഞായറാഴ്‌ച ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ കൊല്ലത്ത്‌ എത്തുന്നതിന്റെ പേരിലും സേനാംഗങ്ങളെ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ മാനസിക പിരിമുറുക്കത്തിലാക്കി. ആശ്രാമം ഹെലിപ്പാട്‌ മുതൽ വള്ളിക്കാവ്‌ അമൃതപുരിവരെ പൊടുന്നനെ ഡ്യൂട്ടി നിശ്ചയിക്കുകയായിരുന്നു. ഞായറാഴ്‌ച രാവിലെ ആറിന്‌ ട്രാഫിക്‌ ഡ്യൂട്ടിക്കെത്തണമെന്ന്‌ വീട്ടിൽ കിടന്നുറങ്ങിയവരെ ശനിയാഴ്‌ച അർധരാത്രിക്കുശേഷം വളിച്ചുണർത്തി അറിയിക്കുകയായിരുന്നു. ചിലർക്ക്‌ അറിയിപ്പ്‌ കിട്ടിയത്‌ ഞായറാഴ്‌ച പുലർച്ചെയും. ഇതുമൂലം ഞായറാഴ്‌ച രാവിലെ പലർക്കും കൃത്യമായി ട്രാഫിക്ക്‌ ഡ്യൂട്ടിക്കെത്താനുമായില്ല. ഇത്‌ ലോക്കൽ പൊലീസ്‌ സ്‌റ്റേഷന്റെ പ്രവർത്തനത്തെയും ബാധിച്ചു. അതിനിടെ ഭരണമാറ്റം വന്നതോടെ പൊലീസിലെ ഭരണാനുകൂല സംഘടനക്കാർ ലോക്കൽ പൊലീസ്‌ ഡ്യൂട്ടി ഉപേക്ഷിച്ച്‌ എ ആർ ക്യാന്പലേക്കും സ്‌പെഷ്യൽ യൂണിറ്റുകളിലേക്കും കുടിയേറുകയാണ്‌. ഇതുമൂലം വിവിഐപി ഡ്യൂട്ടിക്ക്‌ പോകാൻ ലോക്കൽ പൊലീസിൽ ക്ഷാമമാണ്. എആർ ക്യാന്പിലേക്കും സ്‌പെഷ്യൽ യൂണിറ്റുകളിലേക്കും വന്നവരാകട്ടെ വിവിഐപി ഡ്യൂട്ടിക്ക്‌ പോകാനും തയ്യാറയല്ല. ഇവരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കാൻ പൊലീസ്‌ തലപ്പുത്തുള്ളവർക്കും താൽപ്പര്യമില്ലെന്ന്‌ ആക്ഷേപമുണ്ട്‌. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ സന്ദർശനം പ്രമാണിച്ച്‌ വിവിഐപി ഡ്യൂട്ടി ലിസ്റ്റ് തയ്യാറാക്കി ഓർഡർ പുറപ്പെടുവിക്കാൻ വൈകിയത്‌ പോയിന്റ്‌ ഡ്യൂട്ടിക്ക്‌ എത്തേണ്ട ഉദ്യോഗസ്ഥരെ വട്ടംകറക്കിയിരുന്നു. ബ്രീഫിങ് കഴിഞ്ഞിട്ടും ഡ്യൂട്ടി എവിടെയെന്ന് അറിയാതെ പൊലീസുകാർ വലഞ്ഞത്‌ സേനയിൽ അതൃപ്‌തിക്ക്‌ കാരണമായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home