വിശ്വാസികളെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ അണിനിരത്തണം:- പി ജയരാജൻ

കൊല്ലം
വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നത് സിപിഐ എം മാത്രമാണെന്നും അതിനാലാണ് സനാതനികളെക്കുറിച്ച് പുസ്തകം എഴുതിയതെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. എൻ എസ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പി ജയരാജൻ രചിച്ച സനാതനികളുടെ ഹിന്ദുത്വവഴികൾ എന്ന പുസ്തക ചർച്ചയിൽ പുസ്തകത്തെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ അധിനിവേശം കേരള സമൂഹത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതാണ് പുസ്തകം പ്രധാനമായും ചർച്ചചെയ്യുന്നത്. വർഗീയശക്തികൾ ശ്രമിക്കുന്നത് വിശ്വാസികളെ അവരുടെ പക്ഷം നിർത്തുന്നതിനാണ്. എന്നാല്‍, വിശ്വാസികളെ വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ അണിനിരത്തണം. വിശാലമായ കാഴ്ചപ്പാടുകൾ പ്രാദേശികമായി അവതരിപ്പിക്കണമെന്നും വർഗീയതയെ തോൽപ്പിക്കാൻ ഒന്നിക്കണമെന്നും എല്ലാ വർഗീയതകളെയും ചെറുക്കുന്നതിനുള്ള തുറന്ന ചർച്ചകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടിയില്‍ എസ് എൽ സജികുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെ ക്രട്ടറി എസ് സുദേവൻ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം ചിന്താജെറോം, ജില്ലാകമ്മിറ്റി അംഗം എ എം ഇക്ബാൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ചർച്ചയിൽ അഡ്വ. ഡി സുരേഷ്‌കുമാർ, അഡ്വ. കെ പി സജിനാഥ്, കൊട്ടിയം രാജേന്ദ്രൻ, ഡോ. സി ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാരി, ഹരിലാൽ എന്നിവർ പങ്കെടുത്തു.










0 comments