പരേതരുടെ ഓർമയ്ക്ക്

സനു കുമ്മിൾ
Published on Apr 14, 2026, 12:39 AM | 1 min read
കടയ്ക്കൽ
‘പരേതർക്കുവേണ്ടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരാൾ’– ഒറ്റ വാക്യത്തിൽ ആർ ശ്രീകുമാറിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കടയ്ക്കൽ കുറ്റിക്കാട് നെല്ലിപ്പള്ളി ആശംസയിൽ ആർ ശ്രീകുമാർ (62) ആണ് പരേതർക്കുവേണ്ടി സ്വന്തം ജീവിതം മാറ്റിവയ്ക്കുന്നത്. 10വർഷം മുമ്പാണ് ഫെയ്‌സ്ബുക്കിൽ തന്റെ അക്കൗണ്ട് വഴി മരിക്കുന്നവരുടെ ഓർമദിനം പോസ്റ്റ് ചെയ്ത് തുടങ്ങിയത്. പരേതർക്കുവേണ്ടി അന്ന് തുടങ്ങിയ ശീലം ഇന്നും മുടക്കമില്ലാതെ തുടരുന്നു. നേരിട്ടും പത്രങ്ങൾ വഴിയും അറിയുന്ന മരണവാർത്തകളും മരണവിവരങ്ങളും അന്നന്ന് തന്നെ ശ്രീകുമാർ ഡയറിയിൽ എഴുതും. പരേതരുടെ ഫോട്ടോയും സംഘടിപ്പിച്ച് ഫോണിൽ സൂക്ഷിക്കും. ഇവയാണ് ഓർമദിനത്തിൽ പോസ്റ്റ് ചെയ്യുക. ലോക പ്രശസ്‌തരായവർ മുതൽ അയൽക്കാർ വരെ ആ ലിസ്റ്റിൽ ഉണ്ടാകും. കടയ്ക്കൽ പ്രദേശത്തെ ഒട്ടുമിക്കവരുടെയും ഓർമദിനങ്ങൾ ശ്രീകുമാറിന്റെ ഫെയ്‌സ് ബുക്കിൽ പോസ്റ്റുകളായി വരാറുണ്ട്. ഫെയ്‌സ് ബുക്കിന് പുറമെ വാട്സാപ് ഗ്രൂപ്പുകളിലും ഇവ പങ്കുവയ്ക്കും. പലരുടെയും ഓർമദിനങ്ങളുടെ പോസ്റ്റുകൾ കണ്ട് അപരിചിതരായവർ പോലും ഫോണിൽ വിളിക്കാറുണ്ടെന്ന് ശ്രീകുമാർ പറയുന്നു. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു ശ്രീകുമാർ. കടയ്ക്കൽ വിപ്ലവനായകൻ ഫ്രാങ്കോ രാഘവൻപിള്ളയുടെ ചെറുമകനാണ്.











0 comments