ഒപി ടിക്കറ്റിന് ക്യു നിൽക്കേണ്ട
ഇ– ഹെൽത്ത് ഹിറ്റ്

അഖിൽ സദാശിവൻ
Published on Oct 12, 2025, 01:28 AM | 2 min read
കൊല്ലം
സർക്കാർ ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാനും രോഗികളുടെ ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ ശേഖരിക്കുകയും ചെയ്യുന്ന ആരോഗ്യവകുപ്പിന്റെ ഇ– ഹെൽത്ത് സംവിധാനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. 48 ആശുപത്രിയിലാണ് ഇ– ഹെൽത്ത് സംവിധാനം. ഇതുവരെ 16, 71, 487 ജനങ്ങൾ സ്ഥിരം യുഎച്ച്ഐഡി രജിസ്ട്രഷനും 30, 53, 780 പേർ ഇ– ഹെൽത്തിലൂടെ താൽക്കാലിക രജിസ്ട്രേഷനും നടത്തി വിവിധ ആശുപത്രികളിൽ ചികിത്സ തേടി. എട്ട് ആശുപത്രിയിൽകൂടി സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. കൊല്ലം ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഗവ. വിക്ടോറിയ ആശുപത്രി, ഒന്പത് താലൂക്കാശുപത്രികൾ, രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 29 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അഞ്ച് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് നിലവിൽ സേവനം ലഭിക്കുന്നത്. മൊബൈൽ ആപ് വഴിയും വെബ്സൈറ്റ് വഴിയും ഇ– ഹെൽത്ത് ഉപയോഗിച്ച് ബുക്ക് ചെയ്യാനാകും. ആധാറും മൊബൈൽ നമ്പരും നൽകിയാൽ യുഎച്ച്ഐഡി ലഭിക്കും. ഇത് കൗണ്ടറിൽ കാണിച്ചാൽ ക്യൂ നിൽക്കാതെ ഡോക്ടറെ കാണാനാകും. വീണ്ടും ഡോക്ടറെ കാണണമെങ്കിൽ അഡ്വാൻസ് ടോക്കൺ സംവിധാനവുമുണ്ട്. ഇ– ഹെൽത്ത് സംവിധാനം ഉള്ള ഏത് ആശുപത്രിയിൽനിന്നും വ്യക്തിഗത തിരിച്ചറിയൽ നമ്പർ (യുഎച്ച്ഐഡി) വഴി സ്വകാര്യ ആശുപത്രിയിലേതിന് സമാനമായി രോഗിയുടെ പൂർണ ആരോഗ്യവിവരം ലഭിക്കും. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ഒപി ഉൾപ്പെടെ 13 വിഭാഗത്തിലേക്കും ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും നാല് വിഭാഗത്തിലേക്കും ബുക്ക് ചെയ്യാനാകും. പ്രായമേറിയവർക്ക് ഇ– ഹെൽത്ത് വഴി ബുക്ക് ചെയ്യുന്നതിന് ബോധവൽക്കരണം നടത്തുന്നതിനും ശ്രമം നടക്കുകയാണ്. ഇ– ഹെൽത്ത് ബുക്ക് ചെയ്യാം https://ehealth.kerala.gov.in എന്ന വെബ്സൈറ്റിൽ കയറി ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ 16 അക്ക യുഎച്ച്ഐഡി നമ്പർ ലഭിക്കും. പിന്നാലെ പാസ്‌വേഡ് ലഭിക്കും. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. എങ്ങനെ അപ്പോയിന്റ്മെന്റ് എടുക്കാം തിരിച്ചറിയല്‍ നമ്പരും പാസ്‍വേര്‍ഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം ന്യൂ അപ്പോയിന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയശേഷം ആശുപത്രി വിവരങ്ങളും ചികിത്സാവിഭാഗവും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിൻമെന്റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തില്‍ ലഭ്യമായ ടോക്കണുകള്‍ ദൃശ്യമാകും. രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ ലഭ്യമാകും. ടോക്കണ്‍ പ്രിന്റും എടുക്കാം. ടോക്കണ്‍ വിവരങ്ങള്‍ എസ്എംഎസ് ആയും ലഭിക്കും.ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. പോര്‍ട്ടല്‍ വഴി ചികിത്സാവിവരങ്ങള്‍, ലാബ് റിസള്‍ട്ട്, പ്രിസ്‌ക്രിപ്ഷന്‍ എന്നിവയും ലഭ്യമാകും.









0 comments