എന്‍ എസ് സഹകരണ ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം

കൊല്ലം
മരണാനന്തര അവയവദാന പ്രക്രിയ മികവോടെ പൂര്‍ത്തീകരിച്ച എന്‍ എസ് സഹകരണ ആശുപത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം. നോൺ-ട്രാൻസ്‌പ്ലാന്റ് ഓർഗൻ റിട്രീവൽ സെന്റർ വിഭാഗത്തിൽ 2025ലെ സംസ്ഥാനതല പുരസ്കാരത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് കൂടരഞ്ഞിയിൽ നീന്തൽകുളത്തിലുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ 2025 ഡിസംബര്‍ 30ന് എന്‍ എസ് ആശുപത്രിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ച കൊല്ലം ഉമയനല്ലൂര്‍ സൗപര്‍ണികയിൽ ഡോ. അശ്വിന്‍ മോഹനചന്ദ്രന്റെ (32)അവയവങ്ങള്‍ നാലുപേര്‍ക്ക് ദാനം ചെയ്യുന്നതിൽ മാതൃകാ പ്രവര്‍ത്തനം നടത്തിയിരുന്നു. നാല് അവയവങ്ങളിൽ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്കും ഹൃദയവാൽവ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കൽ സയന്‍സസിലെ രോഗിക്കും നേത്രപടലങ്ങള്‍ ചൈതന്യ ഐ ഹോസ്പിറ്റൽ ആന്‍ഡ് റിസര്‍ച്ച്സെന്ററിലെ രോഗിക്കുമാണ് നൽകിയത്. എന്‍ എസ് ആശുപത്രിയിലെതന്നെ മുന്‍ ഡോക്ടറായ അശ്വിന്റെ അവയവങ്ങളാണ് അച്ഛന്‍ മോഹനചന്ദ്രന്‍നായര്‍, അമ്മ അമ്മിണിയമ്മ എന്നിവരുടെ സമ്മതപ്രകാരം വളരെ വേഗത്തിൽ അവയവദാന പ്രക്രിയ പൂര്‍ത്തീകരിച്ചത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന സ്മൃതിവന്ദനം ചടങ്ങിൽ മന്ത്രി കെ മുരളീധരനിൽനിന്ന് ആശുപത്രി വൈസ് പ്രസിഡന്റ് എ മാധവന്‍പിള്ള, സെക്രട്ടറി പി ഷിബു എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, കെ– സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നോബിള്‍ ഗ്രേഷ്യസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ വി മീനാക്ഷി, ഹെൽത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ജമാൽ എന്നിവര്‍ പങ്കെടുത്തു.










0 comments