പ്രകടനപത്രികയുടെ ഉള്ളറിഞ്ഞ് മോണിങ് വാക്ക്

ജയൻ ഇടയ്ക്കാട്
Published on Apr 05, 2026, 01:51 AM | 2 min read
കൊല്ലം
പതിവുകാഴ്‌ചകൾക്കപ്പുറം പ്രഭാപൂരിതമായിരുന്നു ദുഃഖവെള്ളിദിനം പൂവറ്റുരിലെ പ്രഭാതം. നാട് ഒരുമിച്ചുണർന്നു, നയം വ്യക്തമാക്കി മുന്നേറുന്ന നാടിന്റെ നായകനൊപ്പം നടന്നു. തലമുറ വ്യത്യാസമില്ലാതെ ഹാപ്പിയായ സഞ്ചാരം. ജെൻസികളുടെ തൂവെള്ള തൊപ്പിയിലും ടീഷർട്ടുകളിലും തിളക്കമുള്ള ചുവപ്പ് ലിഖിതം. ബാലഗോപാലാണ് വിശ്വസിക്കാം, മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ. ജനസഹസ്രം ഇതിനകം വൈറലാക്കിയ മോണിങ് വാക്ക് വിത്ത് കെഎൻബി ആശുപത്രിമുക്കിൽനിന്നാണ് ആരംഭിച്ചത്. കൈരളി ടിവിയിലെ ഗുഡ്‌മോണിങ് കേരളത്തിൽ ലൈവാണ് മോണിങ് വാക്ക്. വർത്തമാനം എൽഡിഎഫ് മാനിഫെസ്റ്റോയിലേക്ക് കടന്നു. 3000രൂപ ക്ഷേമ പെൻഷൻ, ലൈഫ് മിഷൻ 2... അഭിമാനത്തോടെ പ്രകടനപത്രിക ഉയർത്തുന്ന ഉറപ്പുള്ള വാഗ്‌ദാനങ്ങൾ. വാക്കുപാലിച്ചൊരു സർക്കാർ വീണ്ടും കേരളജനതയ്‌ക്ക് നൽകുന്ന ഹ്യദയസാക്ഷ്യമാണ് ഇതെന്നുപറയാൻ അഞ്ച് വർഷം പതറാതെനിന്ന് ഖജനാവിന്റെ താക്കോൽ സൂക്ഷിച്ച ബാലഗോപാൽ അല്ലാതെ മറ്റാര്. നടത്തയ്‌ക്കിടെ എതിരെവന്ന കാർ ഒതുക്കിയശേഷം ഗ്ലാസ് താഴ്‌ത്തി ഫാ. ജസ്റ്റിന്റെ വിജയാഭിവാദ്യം. കൈതക്കോട് പള്ളിയിലേക്കുള്ള യാത്രയിലായിരുന്നു ഫാദർ. തുടർന്നുള്ള വർത്തമാനത്തിൽ ദുഃഖവെള്ളിയുടെ സന്ദേശം കടന്നുവന്നു. ദുഃഖവെള്ളിയും ഇൗസ്റ്ററും നന്മയ്‌ക്കൊപ്പം തിന്മകളുടെയും ഓർമപ്പെടുത്തലാണെന്നു പറഞ്ഞപ്പോൾ ഒപ്പം നടന്നവരും കാതോർത്തു. ഒറ്റുകാരെ പലയിടത്തും നമ്മൾ കാണാറുണ്ട്. എന്നാൽ, എത്ര ഒറ്റിയാലും നന്മ ഉയർത്തെഴുന്നേൽക്കുമെന്നത് ചരിത്രം. തുടക്കം മുതൽ ഉൗർജസ്വലരായി കുടെയുണ്ട് ജെൻസികളായ അലി, അഫി, ഇഷാൻ, ബ്രിട്ടോ. ഇവരോട് ഇടയ്‌ക്ക് അൽപ്പം കുശലം. പ്ലസ് വൺ വിദ്യാർഥി നീരജ്, ബിരുദ വിദ്യാർഥികളായ ദീപ്‌തി, മോനിഷ എല്ലാവരും ഉഷാർ. എല്ലാ പഞ്ചായത്തിലും കളിക്കളങ്ങൾ യാഥാർഥ്യമാക്കിയതിന് പുതുതലമുറയുടെ ബിഗ്‌സല്യൂട്ട്. മുന്നോട്ടുനടക്കുന്പോൾ ദേ സഖാവെ ചായ എന്നുപറഞ്ഞ് രമണിയെന്ന വീട്ടമ്മയെത്തി. പൂവറ്റൂർ ജങ്‌ഷൻ ചുറ്റി ക്ഷേത്രമൈതാനിയിൽ മോണിങ് വാക്കിന് സമാപനം. ക്ഷേത്രമൈതാനിയിൽ യുവാക്കളുടെ ബാഡ്‌മിന്റണിലും ക്രിക്കറ്റിലും പങ്കെടുത്ത് മടക്കം. വികസന വീഥിയിൽ നടന്നുതീരാതെ മുന്നേറുകയാണ് കെ എൻ ബാലഗോപാൽ. ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലൂടെ സഞ്ചാരം ആറുദിവസം പിന്നിട്ടു. സ്ഥാനാർഥി സ്വീകരണം തുടങ്ങി രണ്ടാം ദിവസമായിരുന്നു എൽഡിവൈഎഎഫ് നേതൃത്വത്തിൽ ആദ്യത്തെ പ്രഭാതനടത്തം സംഘടിപ്പിച്ചത്. നെടുമൺകാവ്, എഴുകോൺ, നെടുവത്തൂർ, പ്ലാമൂട് - പള്ളിക്കൽ, വെളിയം എന്നിവിടങ്ങൾ പിന്നിട്ടു. നെടുമൺകാവ് മാർക്കറ്റ് സമുച്ചയവും അറക്കടവ് പാലവും സോഹോ കോർപറേഷനും എല്ലാം ആ നടത്തയുടെ പശ്ചാത്തലത്തിൽ ദ്യശ്യചാരുതയോടെ തലയെടുപ്പിൽ നിൽക്കുന്നു.






0 comments