2 കടകളിൽനിന്ന് 6.13 ലക്ഷം കവർന്നു


സ്വന്തം ലേഖകൻ
Published on Sep 15, 2026, 01:54 AM | 1 min read
എഴുകോൺ
ഒരു മാനേജ്മെന്റിന് കീഴിലുള്ള രണ്ട് കടകളിൽനിന്നായി 6.13 ലക്ഷം രൂപ കവർന്നു. കൂട്ടുപങ്കാളിത്തത്തിൽ നടത്തുന്ന എഴുകോൺ മാക് മെറ്റൽ കമ്പനി, മാക് ട്രേഡിങ് കമ്പനി എന്നിവിടങ്ങളിൽ തിങ്കൾ പുലർച്ചെ രണ്ടിനാണ് മോഷണം നടന്നത്. റെയിൻകോട്ട് ധരിച്ച മൂന്നുപേർ മുഖംമറച്ച് കടകളിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. എഴുകോൺ ജങ്‌ഷന് സമീപം അടുത്തടുത്താണ് ഇരു സ്ഥാപനങ്ങളും. മാക് മെറ്റൽസിന്റെ പിറകിലെ തകിട് ഷീറ്റ് തകർത്താണ് മോഷണ സംഘം അകത്തുകടന്നത്. പിക്കാസ് ഉപയോഗിച്ച് ഓഫീസ് മുറിയുടെ വാതിൽ തകർത്ത് മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. സമീപത്തെ മരത്തിലൂടെ മുകളിൽ കയറി ഷീറ്റ് ഇളക്കി മാറ്റിയാണ് മാക് ട്രേഡിങ് കമ്പനിയിൽ കയറിയത്. ഇവിടെ ലോക്കർ തുറന്നാണ് പണമെടുത്തത്. ലോക്കറിന്റെ താക്കോൽ മേശയിലാണ് സൂക്ഷിച്ചിരുന്നത്. എഴുകോൺ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കടകൾക്കുള്ളിലെ വസ്തുക്കൾ എവിടെയൊക്കെയാണെന്ന് നല്ല ധാരണയുള്ളവരാകും മോഷ്ടാക്കളെന്ന് പൊലീസ് സംശയിക്കുന്നു. 6,13,570 രൂപ കവർന്നതായി കാണിച്ച് പങ്കാളികളിൽ ഒരാളായ എഴുകോൺ പോച്ചംകോണം കാർത്തികയിൽ ചന്ദ്രലാൽ എഴുകോൺ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.










0 comments