കൃഷിപാഠങ്ങളുമായി അധ്യാപകനും കുടുംബവും

ജി രംഗനാഥൻ
Published on Aug 21, 2026, 01:45 AM | 1 min read
കൊട്ടാരക്കര
ഐടിഐ വിദ്യാർഥികളെ സാങ്കേതികവിദ്യ പഠിപ്പിക്കുന്ന അധ്യാപകൻ കാർഷിക മേഖലയിലും പുതിയ അധ്യായങ്ങൾ രചിക്കുന്നു. കൊട്ടാരക്കര പൂവറ്റൂർ ശ്യാമളത്തിൽ സുബിത്, ഭാര്യ അപർണ അജിത്ത്കുമാർ, മക്കളായ അഗ്നിഭഗത്, അഗ്‌നിജതൻ എന്നിവരാണ് കാർഷിക മേഖലയിൽ സജീവമായി രംഗത്തുള്ളത്. സുബിത് ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടറാണ്. സുബിത്തും കുടുംബവും കൃഷിചെയ്ത പൂക്കൾ വിളവെടുത്തു. ഹൈബ്രിഡ് ബന്തിയാണ് കൃഷി ചെയ്തത്. ഒരേക്കറിൽ നട്ട 3000തൈകളാണ് പൂവിട്ടത്. ഒരേക്കറിൽ കൃഷിചെയ്ത പാവലും, അര ഏക്കറിലെ പടവലവും വിളവെടുത്തു തുടങ്ങി. കുടാതെ ഏത്തവാഴ, ചെങ്കദളി വാഴ, ചീര, പച്ചക്കറികൾ, നെല്ല് എന്നിവയും കൃഷിചെയ്യുന്നുണ്ട്. നിരവധി കർഷക അവാർഡും ഇതിനോടകം നേടി. പരീക്ഷണാർഥമായി ഔഷധ സമൃദ്ധമായ രക്തശാലിയെന്ന നെല്‍ കൃഷിചെയ്ത് വിളവെടുത്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബന്തിപ്പൂ, പാവൽ, പടവലം വിളവെടുപ്പ് കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി പ്രിയ, ബ്ലോക്ക് പഞ്ചായത്ത്അംഗം ആർ രാജേഷ്, കൃഷി ഓഫീസർ സതീഷ് കുമാർ, അസി. കൃഷി ഓഫീസർ അജയ്, കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.








0 comments