കൊല്ലത്തിന്റെ നൗറീൻ യുകെയിൽ യുവ മേയർ

യുകെയിൽ ഇൗസ്‌റ്റ് റൈഡിങ് കൗൺസിലില്‍ ആദ്യത്തെ യുവ മേയറായ നൗറീൻ അബ്‌സീൻ സനൂജ് കൗണ്‍സില്‍ മീറ്റിങ്ങില്‍ സംസാരിക്കുന്നു
ജയൻ ഇടയ്‌ക്കാട്
Published on Jul 27, 2026, 01:15 AM | 1 min read
കൊല്ലം
കൊല്ലത്തുനിന്നുള്ള പന്ത്രണ്ടുകാരി നൗറീൻ അബ്‌സിൻ സനൂജ് യുകെ ഇൗസ്റ്റ് റൈഡിങ് യോർക്ക് ഷെയർ കൗൺസിലിലെ ആദ്യത്തെ യുവ മേയറായി. പ്രായത്തെ വെല്ലുന്ന മിടുക്കിലൂടെ ബ്രിട്ടീഷ് ജനതയുടെ കൈയടി നേടിയാണ് സൗത്ത് ഹൻസ്ലി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി നൗറീൻ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 11നും 18നും മധ്യേ പ്രായമുള്ള 47 സ്ഥാനാർഥികളാണ് യുകെ യൂത്ത് പാർലമെന്റിൽ യുവ മേയർ സ്ഥാനത്തേക്ക് മത്സരിച്ചത്. 5000 വോട്ടർമാരുണ്ടായിരുന്നു. ഓരോ സ്ഥാനാർഥിയും അവരുടെ മുൻഗണനാ വിഷയങ്ങൾ വിശദീകരിക്കുകയും വിലയിരുത്തപ്പെടുകയും ചെയ്‌തതില്‍നിന്നാണ് വിജയികളെ പ്രഖ്യാപിച്ചത്. 14 വയസ്സുള്ള ഡാരാഗ് വാൽഷെയും 16വയസ്സുള്ള എമിലി മിഡിൽടണും യൂത്ത് പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. യുവാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുകയും പ്രധാനപൗര പരിപാടികളിൽ പ്രതിനിധീകരിക്കുകയും ചെയ്യുകയാണ് മേയറുടെ ദൗത്യം. സായുധസേനാ ദിനം, യോർക്ക്‌ഷെയർ ദിനാഘോഷങ്ങൾ, ചെയർമാൻസ് അവാർഡുകൾ എന്നിവ ഉൾപ്പെടെ പൗര ഇടപെടലുകളിൽ ചെയർമാനൊപ്പം പങ്കെടുക്കണം. യുവാക്കൾക്കും തദ്ദേശസ്ഥാപാനങ്ങൾക്കുമിടയിലെ കണ്ണിയായി പ്രവർത്തിക്കണം. ഒരു വർഷമാണ് മേയറുടെ കാലാവധി. ലിൻഡ ജോൺസണാണ് കൗൺസിലിന്റെ പുതിയ ചെയർമാൻ. കൊല്ലം മാടൻനട മിൻഷാ മൻസിലിൽ അബ്‌സിൻ സനൂജ് സെയ്‌ദ് മുഹമ്മദിന്റെയും ബെനീറ്റയുടെയും മകളാണ് നൗറീൻ. മൂന്നാം ക്ലാസ് വരെ തൃശൂർ ഡോൺ ബോസ്‌കോ സ്‌കൂളിലായിരുന്നു പഠനം.യുകെയിലെ ഹള്ളിൽ എന്‍ജിനിയറാണ് സനൂജ്. അക്കൗണ്ടന്റാണ് ബെനീറ്റ. നൗറീന്റെ സഹോദരൻ അമീൻ ആറാം ക്ലാസ് വിദ്യാർഥിയാണ്.









0 comments