Deshabhimani

മാനംതൊട്ട പ്രതീക്ഷകളുമായി കടയ്ക്കൽ ടൂറിസം പദ്ധതി

മാറ്റിടാംപാറ
avatar
സനു കുമ്മിൾ

Published on Sep 12, 2025, 01:12 AM | 1 min read

കടയ്ക്കൽ ​

കടയ്ക്കലിന്റെ സ്വപ്നപദ്ധതിയായ കടയ്ക്കൽ ടൂറിസം പദ്ധതി നടപ്പാകുന്നു. കടയ്ക്കൽ ടൗണിലെ മാറ്റിടാംപാറ, കടയ്ക്കലിലെ ക്ഷേത്രങ്ങൾ, ക്ഷേത്രക്കുളം, വിപ്ലവ സ്മാരകം എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. മാറ്റിടാംപാറയിൽ നിർമാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ഉടൻ തുടങ്ങാനാകും. മാറ്റിടാംപാറയിലെ റ​വ​ന്യൂ​വ​ക സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റിയിട്ടുണ്ട്‌. 18.23 ആ​ർ സ്ഥ​ല​മാ​ണ് 10 വ​ർ​ഷ​ത്തെ പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ കൈ​മാ​റി​യ​ത്. ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന മാറ്റിടാംപാറയിലെ പ്രകൃതിദത്ത ഗുഹകളുടെയും താഴ്‌വാരങ്ങളിലെ പുൽമേടുകളുടെയും സാധ്യത പ്രയോജനപ്പെടുത്തി സാഹസിക ടൂറിസം, ദിവാൻ ഭരണത്തിനെതിരേ സമരം നടന്ന കടയ്ക്കൽ ചന്തയും അനുബന്ധമായുള്ള വിപ്ലവസ്മാരക ചത്വരവും പാർക്കിൽ നിർമിക്കുന്ന സാംസ്കാരികനിലയം, ക്ഷേത്രങ്ങളുടെ മധ്യത്തിൽ നാലേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രക്കുളം എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ക്ഷേത്രങ്ങളിലേക്കുള്ള പാതകളുടെ നവീകരണം, മിനി ലൈറ്റ് ടവർ സ്ഥാപിക്കൽ, കാത്തിരിപ്പുകേന്ദ്രം, ആധുനിക ശൗചാലയങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. പദ്ധതി നടപ്പാകുന്നതോടെ കടയ്ക്കലിന്റെ മുഖഛായ മാറും. വലിയ ഒറ്റപ്പാറയും ചെറുപാറക്കൂട്ടങ്ങളും ഗുഹകളും കുളവും പുൽമേടുമൊക്കെയായി പത്തൊന്പത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മാറ്റിടാംപാറമേൽനിന്നുള്ള കാഴ്ചകൾ മനോഹരദൃശ്യങ്ങളാണ്. കടയ്ക്കൽ പട്ടണത്തിൽനിന്ന്‌ ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് പ്രകൃതി മനോഹരമായ ഈ ഇടം. മാറ്റിടാംപാറയുടെ മുകളിലെത്തിയാൽ വർക്കല ബീച്ച്, ചടയമംഗലം ജടായുപ്പാറ, അഞ്ചൽ കുടുക്കത്തുപാറ എന്നിവയും കിഴക്കൻ മലയോരമേഖല ഉൾപ്പെടെയുള്ള പ്രകൃതിസൗന്ദര്യവും കാണാൻ കഴിയും. ഉദയാസ്തമയക്കാഴ്ചകളും മനോഹരമാണ്. സാഹസിക സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്‌ ഇവിടം. വലിയപാറയിലെത്തുന്നതിനു മുമ്പുള്ള ചെറിയപാറകളും പാറ അടുക്കിയപോലുള്ള കവാടങ്ങളും പാറയ്ക്കുള്ളിലെ ഗുഹകളുമൊക്കെ കൗതുകക്കാഴ്ചകളാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ കടയ്ക്കൽ വിപ്ലവത്തിലും മാറ്റിടാംപാറയ്ക്ക് വലിയ സ്ഥാനമുണ്ട്. ദിവാൻ സർ സിപിയുടെ ചോറ്റു പട്ടാളത്തിനെതിരേ പോരാട്ടംനടത്തിയ കടയ്ക്കലിലെ കർഷകജനതയുടെ ഒളിസങ്കേതങ്ങൾ ആയിരുന്നു മാറ്റിടാം പാറയിലെ ഗുഹകൾ. മാറ്റിടാംപാറ കേന്ദ്രീകരിച്ച് ടൂറിസത്തിന് വൻ സാധ്യതകളാണുള്ളത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home