കരുത്തോടെ കടയ്ക്കൽ

സനു കുമ്മിൾ
Published on Feb 12, 2026, 12:00 AM | 1 min read
കടയ്ക്കൽ
ചുട്ടുപൊള്ളുന്ന മകരച്ചൂടിലും അലകടൽപോലെ ജനം ഒഴുകിയെത്തിയപ്പോൾ എൽഡിഎഫ് തെക്കൻ മേഖലാ ജാഥയ്ക്ക് കടയ്ക്കലിൽ നൽകിയ സ്വീകരണം ആവേശപ്പൂരമായി. കടയ്ക്കൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ തയ്യാറാക്കിയ സ്വീകരണ കേന്ദ്രത്തിലേക്ക് ഉച്ചയോടെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രണ്ടോടെ സദസ്സ് നിറഞ്ഞു. വനിതകളുടെ ശിങ്കാരിമേളം, ബാൻഡ് മേളം, മുത്തുക്കുട, പേപ്പർ ഷോപ്പർ, വർണ ബലൂണുകൾ തുടങ്ങിവയുടെ അകമ്പടിയോടെയായിരുന്നു ജാഥാ സ്വീകരണം. ചുവപ്പുസേനാ മാർച്ചും ആവേശം വിതച്ചു. ജാഥാ ക്യാപ്റ്റനെയും മറ്റു നേതാക്കളെയും തുറന്ന ജീപ്പിൽ വേദിയിലേക്ക് ആനയിച്ചു. സമ്മേളന നഗറിലേക്ക് എത്തിയ നേതാക്കളെ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം എസ് ബുഹാരി സ്വാഗതം പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി, സിപിഐ എം ജില്ലസെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ, സിപിഐ സംസ്ഥാന നിർവാഹകസമിതി അംഗം മുല്ലക്കര രത്നാകരൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ബാലചന്ദ്രൻ, എം നസീർ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ ലതാദേവി, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയേൽ, സിപിഐ എം ഏരിയ സെക്രട്ടറി വി സുബ്ബലാൽ, കുരീപ്പുഴ ശ്രീകുമാർ, എൽഡിഎഫ് കൺവീനർ അഡ്വ. ആർ ഗോപാലകൃഷ്ണപിള്ള, ആർജെഡി ജില്ലാ പ്രസിഡന്റ് ഷെബീർ മാറ്റാപ്പള്ളി, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനത സംസ്ഥാന സംസ്ഥാന കമ്മിറ്റിഅംഗം മോഹൻദാസ് രാജധാനി, എൻസിപി സംസ്ഥാന കമ്മിറ്റി അംഗം ആർ കെ ശശിധരൻപിള്ള, കോൺഗ്രസ് എസ് സംസ്ഥാന നിർവാഹക സമിതി അംഗം പുത്തൂർ സനിൽ, കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി അംഗം ആർ ശശിധരൻപിള്ള എന്നിവർ സംബന്ധിച്ചു.











0 comments