സ്വാതന്ത്ര്യദിനം ആഘോഷിച്ച് കൊല്ലം

സ്വന്തം ലേഖകൻ
Published on Aug 16, 2026, 02:09 AM | 1 min read
കൊല്ലം
ഇന്ത്യയുടെ 80–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ജില്ല. ജീവനും ജീവിതവും രാജ്യത്തിനായി സമർപ്പിച്ച അനേകരുടെ ത്യാഗത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ സ്‌മരണകൾ - ഇരമ്പി. ഓഫീസുകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും പതാക ഉയർത്തിയശേഷം സ്വാതന്ത്ര്യ സ്‌മരണ പുതുക്കി . ആശ്രാമം മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മന്ത്രി ഷിബു ബേബിജോൺ അഭിവാദ്യം സ്വീകരിച്ചു. പരേഡിൽ പങ്കെടുക്കാനെത്തിയ സിവിൽ എക്‌സൈസ് ഓഫീസർ കെ അജിത് മന്ത്രിയുടെ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു. രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് ഉള്‍പ്പെടെ 23 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജിഎച്ച്എസ് പൂയപ്പള്ളി, ക്രിസ്തുരാജ് എച്ച്എസ്എസ്, എസ്‌പിസി കൊല്ലം, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് എന്നിവയിലെ ബാന്‍ഡ് പ്ലറ്റൂണുകൾ പരേഡിന് മികവേകി. ജില്ലാ പൊലീസ് ആസ്ഥാനം റിസർവ് ഇൻസ്പെക്ടർ കെ മഹേഷ് പരേഡ് നയിച്ചു. ഡിഎച്ച്ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ വി ദിനേശായിരുന്നു സെക്കൻഡ് ഇന്‍ കമാൻഡന്റ്. പരേഡിൽ പങ്കെടുത്ത പ്ലറ്റൂണുകള്‍ക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. സർക്കാർ ടിടിഐ സംഘത്തിന്റെ ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. കലക്‌ടർ ആനി ജുല തോമസ്, സിറ്റി പൊലീസ് കമീഷണർ ഹേമലത, റൂറൽ എസ് പി ഷാജി സുഗുണൻ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ എ കെ ഹഫീസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി,സബ് കലക്ടർ അഖിൽ വി മേനോൻ, ഡെപ്യൂട്ടി മേയർ ഡോ. കരുമാലിൽ ഉദയ സുകുമാരൻ, എഡിഎം എസ് സജീദ്, കൊല്ലം തഹസിൽദാർ എ എസ് അജിലാൽ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.










0 comments