Deshabhimani

ബാബുവിന്റെ സൈക്കിൾ 
ചവിട്ടിനെന്തൊരു മധുരം

ബാബു സെെക്കിളിൽ ഐസ് ക്രീം 
കച്ചവടം നടത്തുന്നു

ബാബു സെെക്കിളിൽ ഐസ് ക്രീം 
കച്ചവടം നടത്തുന്നു

avatar
സനു കുമ്മിൾ

Published on Aug 11, 2025, 12:28 AM | 1 min read

കടയ്ക്കൽ

ഐസ്‌ക്രീം സൈക്കിളിന്റെ മണിയൊച്ച കേട്ട്‌ പായാത്ത പഴയ തലമുറയുണ്ടാകില്ല. ഗൃഹാതുര തണുപ്പുമായി ബാബു സൈക്കിളിൽ ഐസ്ക്രീം കച്ചവടം തുടങ്ങിയിട്ട് 39 വർഷം പിന്നിടുന്നു. കാലം ഒരുപാട്‌ മാറി. സ്കൂട്ടറിലും ഓട്ടോയിലും ഓൺലൈൻ ഡെലിവറിയുമായെല്ലാം ഐസ്ക്രീം പായ്‌ക്കറ്റുകൾ വീടുകൾ തേടിയെത്തി. എന്നാലുംബെല്ല് മുഴക്കി പഴയ സൈക്കിളിൽത്തന്നെയാണ് ബാബുവിന്റെ ഐസ്ക്രീം പ്രയാണം. തിരുവനന്തപുരം കല്ലറ ഭരതന്നൂർ സ്വദേശിയായ ബാബു (ദിലീപ്‌) 22–ാം വയസ്സിലാണ് ഐസ്ക്രീം കച്ചവടം തുടങ്ങിയത്‌. നെടുമങ്ങാട്, ചിറയിൻകീഴ്, കൊട്ടാരക്കര ഗ്രാമവഴികളെല്ലാം ബാബു സൈക്കിൾ ചവിട്ടി കറങ്ങി. അന്ന്‌ സ്‌കൂൾ മുറ്റങ്ങളിലും ഉത്സവപ്പറമ്പുകളിലും കുട്ടികൂട്ടങ്ങൾ കാത്തിരിക്കുന്നത്‌ ബാബു ഓർക്കുന്നു. 1500 രൂപ വരെ സമ്പാദിക്കുന്ന ദിവസങ്ങളുണ്ടായിരുന്നു. പാൽ ഐസ്‌, മിച്ചർ ഐസ്‌ തുടങ്ങിയവയായിരുന്നു കൂടുതലും വിറ്റത്‌. കാലം മാറിയതോടെ ഐസ് ക്രീം കച്ചവടത്തിന്റെ രീതിമാറി. ഇന്ന്‌ ഐസ് ക്രീം പാർലറുകളില്ലാത്ത ഗ്രാമങ്ങളില്ല. രൂപങ്ങൾ പലതുമാറി കോൽ ഐസ് തന്നെ വീണ്ടും ട്രെന്റായി. ഇന്ന്‌ കച്ചവടത്തിൽ 300– - 350 രൂപയാണ് മിച്ചംകിട്ടുന്നതെന്ന് ബാബു പറയുന്നു. ഐസ്ക്രീം വിൽപ്പനകൊണ്ടു മാത്രം ജീവിക്കാൻ കഴിയാതെ വന്നതോടെ ബാബു ടാപ്പിങ്‌ തൊഴിലാളിയായി. രാവിലെ ടാപ്പിങ്‌ ജോലി കഴിഞ്ഞായി കച്ചവടം. ആവശ്യക്കാർ കുറഞ്ഞെങ്കിലും ഐസ്ക്രീം വിൽപ്പന നിർത്താൻ ബാബുവിന്റെ മനസ്സ്‌ അനുവദിച്ചില്ല. അതിനാൽ പഴയ സൈക്കിളിൽ തെർമോക്കോൾ പെട്ടി നിറയെ ഐസ്ക്രീമുമായി അയാളിന്നും കിലോമീറ്ററുകളോളം ചവിട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home