വോയിസ് ഓഫ് ചിതറ
ഹിറ്റടിച്ച് ലൈവ് പാട്ടും കഥയും വിജ്ഞാനവും

സനു കുമ്മിൾ
Published on Aug 16, 2025, 12:52 AM | 1 min read
കടയ്ക്കൽ "പ്രിയപ്പെട്ട കൂട്ടുകാരെ, ഞാൻ നിങ്ങളുടെ സനിഗ, വോയിസ് ഓഫ് ചിതറയുടെ ഇന്നത്തെ പ്രോഗ്രാമിലേക്ക് ഏവർക്കും സ്വാഗതം’– അധ്യയന ദിവസങ്ങളിൽ ഉച്ചനേരത്ത് ചിതറ കവലയിൽ നിന്നാൽ ഈ ശബ്ദം നിങ്ങളെ തേടിയെത്തും. ചിതറ ഗവ.എൽപിഎസിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ റേഡിയോ സ്റ്റേഷനിൽ നിന്നാണ് ഈ പ്രക്ഷേപണം. പഠനത്തിനൊപ്പം അറിവും വിനോദവും എന്ന ആശയം മുൻനിർത്തി തിങ്കളാഴ്ചയാണ് സ്കൂളിൽ റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്. സ്കൂൾ റിസോഴ്സ് ഗ്രൂപ്പിൽ (എസ്ആർജി )വോയിസ് ഓഫ് ചിതറ എന്ന പേരിടൽ നടത്തിയ ശേഷം അധ്യാപകരുടെ നേതൃത്വത്തിൽ അനുബന്ധ സംവിധാനങ്ങൾ ഒരുക്കി. ക്ലാസ് മുറികളിലെ ഓഡിയോ സംവിധാനങ്ങളിലൂടെയും സൗണ്ട് ബോക്സുകളുടെയും സഹായത്താൽ വിനോദവും വിജ്ഞാനവും കൗതുകവും ഉണർത്തുന്ന വൈവിധ്യമാർന്ന പരിപാടികളും പുറത്തേക്ക് ഒഴുകുന്ന രീതിയിൽ ക്രമീകരിച്ചു. ഗായകരും വാർത്താ അവതാരകരും എല്ലാം കുട്ടികൾ തന്നെ. ഓരോ ദിവസവും ഓരോ ക്ലാസുകൾക്കാണ് ചുമതല. ക്ലാസ് സമയത്തെ ബാധിക്കാത്ത തരത്തിൽ ഉച്ചനേരത്തെ ഇടവളേയിലാണ് റേഡിയോ പ്രവർത്തനം. പ്രൊമോ ഗാനത്തോട് കൂടിയാണ് പ്രക്ഷേപണം തുടങ്ങുന്നത്. ഇടയ്ക്കിടെ അറിയിപ്പും ഉണ്ടാകും. സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരമാണ് ആധുനിക സംവിധാനങ്ങളോടെയുള്ള റേഡിയോ നിലയമുള്ളത്. കുട്ടികളിലെ സർഗാത്മകത വളർത്താൻ പദ്ധതി സഹായകരമാകുമെന്നും കുരുന്നുകളുടെ എല്ലാ പ്രവർത്തനങ്ങൾക്കും കൂട്ടായി അധ്യാപകരുണ്ടെന്നും പ്രധാനാധ്യാപകൻ എസ് ബിജു പറഞ്ഞു.









0 comments