സിറ്റി ഗ്യാസ് പദ്ധതി പുരോഗമിക്കുന്നു
അടുപ്പെരിയും പ്രകൃതിവാതകത്തിൽ

സുരേഷ് വെട്ടുകാട്ട്
Published on Apr 26, 2026, 12:02 AM | 1 min read
കരുനാഗപ്പള്ളി
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്ത് കാത്തിരുന്ന് വിഷമിക്കുന്നവർക്ക് ആശ്വാസ വാർത്ത. പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് ഉടൻ പാചകവാതകം എത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് പൈപ്പ് ലൈൻ വഴി എത്തിക്കുകയാണ്. 2022ൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പൈപ്പ് ലൈന്‍ വഴി പാചകവാതകം എത്തിക്കുന്നതിന് മുൻ എൽഡിഎഫ് ഭരണസമിതി നേതൃത്വത്തിൽ നടപടി ആരംഭിച്ചിരുന്നു. പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഉപയോക്താക്കളുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയെങ്കിലും സ്റ്റോറേജ് യൂണിറ്റ് സ്ഥാപിക്കാനുള്ള തടസ്സം മൂലം പദ്ധതി നീണ്ടു. എന്നാല്‍, ഇപ്പോൾ പന്മന പഞ്ചായത്ത് കേന്ദ്രീകരിച്ച് നടപടികൾ പുരോഗമിക്കുകയാണ്. കെഎംഎംഎല്ലിന്റെ ഉടമസ്ഥതയിലുള്ള അര ഏക്കറിൽ ലിക്വിഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് പ്ലാന്റ് നിർമിക്കാന്‍ ധാരണയായി. പദ്ധതി നടപ്പാക്കുന്ന തിങ്ക് ഗ്യാസ് കമ്പനി പ്ലാന്റ് നിർമാണം ഏതാണ്ട് പൂർത്തിയാക്കി. കൊച്ചിയിൽനിന്ന് എത്തിക്കുന്ന ലിക്വിഡ് 600 ഇരട്ടി ഗ്യാസാക്കി മാറ്റാനുള്ള സംവിധാനമാകും ഇവിടെ ഉണ്ടാകുക. പ്ലാന്റ് നിൽക്കുന്ന പ്രദേശം ഉൾപ്പെടുന്ന പന്മന പഞ്ചായത്തിലാകും പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. പഞ്ചായത്തിന്റെ അനുമതിക്കായി കത്ത് നൽകി. അനുമതി ലഭിക്കുന്നതോടെ പൈപ്പ് സ്ഥാപിക്കൽ ആരംഭിക്കും. ഇവിടെ പൂർത്തീകരിച്ചശേഷം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.










0 comments