നിലച്ചു... അച്ഛനൊപ്പമുള്ള ആവണിയുടെ യാത്ര

അപകടത്തിൽ മരിച്ച അജയൻ ആചാരിയുടെ വീട്ടിൽ എത്തിയ കെ എൻ ബാലഗോപാൽ എംഎൽഎ അജയന്റെ മകൾ ആവണിയോടൊപ്പം
ജി രംഗനാഥൻ
Published on Jun 24, 2026, 12:55 AM | 1 min read
കൊട്ടാരക്കര
സ്നേഹനിധിയായ അച്ഛന്റെ ജീവൻ കവർന്ന ടിപ്പർ അപകടം നേരിൽകണ്ട ഞെട്ടലിലാണ് പതിനാലുകാരി ആവണി. കെഎസ്ആർടിസി പുനലൂർ ഡിപ്പോയിലെ മെക്കാനിക് വിഭാഗം ജീവനക്കാരനായ നീലേശ്വരം മുക്കോണിമുക്ക് അനഘഭവനിൽ അജയൻ ആചാരി ജോലിക്ക് പോകാനായി എല്ലാ ദിവസവും രാവിലെ മകളോടൊപ്പമാണ് വീട്ടിൽനിന്ന് ഇറങ്ങുക. ഇരുമ്പനങ്ങാട് എഇപിഎം എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ ആവണി കൊട്ടാരക്കരയിലാണ് ട്യൂഷൻ ക്ലാസിന് പോകുന്നത്. എല്ലാ ദിവസത്തെയുംപോലെ ഇന്നലെയും ഒരുമിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. അപകടം നടന്നസ്ഥലത്ത് അച്ഛനോടൊപ്പമാണ് ആവണിയും നിന്നത്. പിന്നീട് കൂട്ടുകാരികൾനിന്ന ഭാഗത്തേക്കുമാറി. കളിച്ചുചിരിച്ച് സന്തോഷം പങ്കിടവെയാണ് അമിത വേഗത്തിൽ വന്ന ടിപ്പർ അപകടം ഉണ്ടാകുന്നത്. ടിപ്പർ കണ്ട് ആവണിയും കൂട്ടുകാരികളും ഓടി മാറുകയായിരുന്നു. കൺമുന്നിൽ നടന്ന ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ട അച്ഛൻ ഇനിമുതൽ തന്നോടൊപ്പം വീട്ടിൽനിന്ന് ഇറങ്ങാൻ ഉണ്ടാകില്ലെന്ന് ആവണിക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.










0 comments