ad
Deshabhimani

print edition ​ഗോത്ര വർ​ഗ പോരാളികൾ

a
വെബ് ഡെസ്ക്

Published on Aug 13, 2026, 01:30 AM | 3 min read

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ 
ഗോത്രവർഗസമൂഹങ്ങളുടെ പോരാട്ടങ്ങൾക്ക് 
അതുല്യമായ 
സ്ഥാനമാണുള്ളത്. 
സ്വന്തം മണ്ണും സ്വത്വവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കാൻ 
ഗോത്രവർഗ നേതാക്കൾ 
നടത്തിയ ധീരമായ 
ചെറുത്തുനിൽപ്പുകൾ 
പലതും മുഖ്യധാരാ 
ചരിത്രത്തിന്റെ ഭാഗമായില്ല. 
ഈ ധീരദേശാഭിമാനികളെക്കുറിച്ചുള്ള 
ചോദ്യോത്തരങ്ങൾ


1. 1784-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പോരാട്ടം നയിച്ച പ്രമുഖ ഗോത്രവർഗ നേതാവ്?

തിൽക്കാ മാഞ്ചി (1750–1785) ( സായുധ കലാപത്തിനായി ബീഹാറിലെ ഭഗൽപൂർ മേഖലയിൽ സാന്താൾ, പഹാരിയ ഗോത്രവിഭാഗങ്ങളെ സംഘടിപ്പിച്ചു. ആദരസൂചകമായി 1991-ൽ ഭഗൽപൂർ സർവകലാശാലയെ ‘തിൽക്കാ മാഞ്ചി ഭഗൽപൂർ യൂണിവേഴ്സിറ്റി' എന്ന് പുനർനാമകരണം ചെയ്തു.)


2. പഴശിരാജാവിന്റെ സൈന്യത്തിലെ കുറിച്യവിഭാഗം തലവനും 1802-ൽ വയനാട്ടിലെ പനമരം കോട്ട പിടിച്ചെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതുമായ ഗോത്രവർഗ പോരാളി?

തലയ്ക്കൽ ചന്തു (1805-ൽ ബ്രിട്ടീഷുകാർ ഇദ്ദേഹത്തെ പിടികൂടി വധിച്ചു)


3. പഴശിരാജാവിനു ശേഷം വയനാട്ടിൽ ബ്രിട്ടീഷ് ചൂഷണത്തിനെതിരെ 1812-ൽ കുറിച്യ, കുറുമ ഗോത്രവർഗ വിഭാഗങ്ങളെ ഒരുമിപ്പിച്ച് ‘കുറിച്യ ലഹള'യ്ക്ക് നേതൃത്വം നൽകിയ പ്രധാന നേതാവ്?

രാമൻ നമ്പി (പ്ലാക്ക ചന്തു, ആയിരവീട്ടിൽ കോണ്ടപ്പൻ, വെങ്കള്ളോട്ട് കേളു, പൂരിക്കവീട്ടിൽ കനേരി കുഞ്ഞൻ, മാമ്പിലാട്ടോടൻ യാമു എന്നിവർക്കൊപ്പം പോരാടി.)


4. 1829 മുതൽ 1833 വരെ മേഘാലയയിലെ ഖാസി കുന്നുകളിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത്?

തിരോട്ട് സിങ്‌ (1802–1835) (മേഘാലയയിലെ ഖാസി ഗോത്രവർഗക്കാരുടെ പരമാധികാരം സംരക്ഷിക്കാൻ പോരാടി.)


5. 1837-ൽ സിംഗ്ഭൂം മേഖലയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഹോ കലാപത്തിന് നേതൃത്വം നൽകിയ നേതാവ്?

പോട്ടോ ഹോ / പോട്ടോ സർദാർ (ജാർഖണ്ഡിലെ സിംഗ്ഭൂം മേഖലയിൽ 1837-ൽ ഹോ ഗോത്രവർഗക്കാരെ സംഘടിപ്പിച്ചു.)


6. 1831–32 കാലഘട്ടത്തിൽ നടന്ന കോൾ കലാപത്തിന് നേതൃത്വം നൽകിയ ഒറാവോൺ നേതാവ്?

ബുദ്ധു ഭഗത് (1792–1832) (ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ മേഖലയിൽ പോരാട്ടം നയിച്ചു)


7. 1832–33 കാലത്ത് നടന്ന ഭൂമിജ് കലാപത്തിന് നേതൃത്വം നൽകിയ നേതാവ്?

ഗംഗാ നാരായൺ സിങ്‌ (ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ജംഗിൾ മഹൽ മേഖലയിൽ നടത്തിയ പോരാട്ടത്തെ ബ്രിട്ടീഷുകാർ "ഗംഗാ നാരായണിന്റെ ഹംഗാമ’ എന്ന്‌ വിശേഷിപ്പിച്ചു.)


8. 1855-ൽ സാന്താൾ കലാപത്തിന് നേതൃത്വം നൽകിയ സഹോദരങ്ങൾ?

സിദ്ധു മുർമു (1815–1855), കാനു മുർമു (1820–1855) ( ജാർഖണ്ഡിൽ നടന്ന പോരാട്ടങ്ങളിൽ സഹോദരങ്ങളായ ചാന്ദും ഭെെരവും പിന്തുണച്ചു.)


9. സാന്താൾ കലാപത്തിൽ സിദ്ധുവിനും കാനുവിനുമൊപ്പം പോരാടിയ വനിതകൾ?

ഫൂലോ മുർമു, ജാനോ മുർമു


10. നാഗാ പ്രതിരോധത്തിന്റെ പ്രതീകമായ വനിത?

റാണി ഗൈഡിൻല്യു (1915–1993) (ജവഹർലാൽ നെഹ്റുവാണ് "റാണി’ എന്ന ബഹുമതിപ്പേര് നൽകിയത്. 1982-ൽ പത്മഭൂഷൺ നൽകി ആദരിച്ചു.)


11. 1857-ൽ പീരങ്കിക്ക് മുന്നിൽ കെട്ടിനിർത്തി വധിക്കപ്പെട്ട ഗോണ്ട് രാജവംശത്തിലെ പിതാവും പുത്രനും?

രാജാ ശങ്കർ ഷാ, കൻവർ രഘുനാഥ് ഷാ (മധ്യപ്രദേശിലെ ഗഢാ-മണ്ഡല മേഖലയിലെ ഗോണ്ട് ഗോത്രവർഗരാജവംശത്തിൽപ്പെട്ട ഇവർ 1857-ൽകലാപത്തിന് നേതൃത്വം നൽകിയതിനാണ് വധിക്കപ്പെട്ടത്.)


12. ഛത്തീസ്ഗഡിലെ സോനാഖാൻ മേഖലയിൽ 1857-ലെ ലഹളയിൽ പങ്കെടുത്ത ബിഞ്ച്വാർ ഗോത്രവർഗ നേതാവ്?

വീർ നാരായൺ സിങ് (1795–1857) (ഛത്തീസ്ഗഡിലെ സോനാഖാൻ മേഖലയിൽ പ്രവർത്തിച്ചു.)


13.ജയന്തിയ കുന്നുകളിൽ 1862-ൽ ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയതിന് പരസ്യമായി തൂക്കിലേറ്റിയ വിപ്ലവകാരി?

യു കിയാങ് നങ്ബ (U Kiang Nangbah)


14. 1872-ൽ മേഘാലയയിലെ ഗാരോ കുന്നുകളിൽ രക്തസാക്ഷിത്വം വഹിച്ച ഇദ്ദേഹത്തിന്റെ ഛായാചിത്രം ഇന്ത്യൻ പാർലമെന്റ് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആര്? പാ ടോഗൻ നെങ്മിഞ്ച സാങ്മ


15. ‘ഇന്ത്യൻ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന ഭിൽ പോരാളി?

താന്തിയ ഭിൽ (1840–1889) (മധ്യപ്രദേശിലെ ഭിൽ ഗോത്രവർഗക്കാർക്കിടയിൽ പോരാട്ടം നയിച്ചു.


16. മിസോറമിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ പ്രമുഖ നേതാവ്?

പാസൽത ഖുവാങ്ചേര (Pasaltha Khuangchera)(1850–1890)


17. "ഉൽഗുലാൻ’ എന്ന മഹാകലാപത്തിന് നേതൃത്വം നൽകിയ നേതാവ്?

ബിർസ മുണ്ട (1875–1900) (ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ മേഖലയിൽ

മുണ്ട ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടി. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഛായാചിത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള ഏക ഗോത്രവർഗനേതാവ്‌.)


18. 1910-ലെ ഭൂംകൽ സമരത്തിന് നേതൃത്വം നൽകിയത്?

ഗുന്ദാ ദുർ( ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ 1910-ൽ നടന്ന കലാപത്തിന്റെ നായകൻ.)


19. 1913-ലെ മംഗഡ് സമരത്തിന് നേതൃത്വം നൽകിയ നേതാവ്?

ഗോവിന്ദ് ഗുരു (1858–1931) (നാടോടി ഗോത്രവിഭാഗമായ ബഞ്ചാര സമുദായത്തിൽ ജനിച്ച ഇദ്ദേഹം ഭിൽ ഗോത്രക്കാരുടെ അവകാശങ്ങൾക്കായി ഭഗത് പ്രസ്ഥാനം രൂപീകരിച്ചു.


20. അഹിംസ അടിസ്ഥാനമാക്കിയ താനാ ഭഗത് പ്രസ്ഥാനത്തിന് രൂപം നൽകിയ ഒറാവോൺ നേതാവ്?

ജാത്ര ഭഗത് (1888–1916) (1914-ൽ ജാർഖണ്ഡിലെ ഛോട്ടാനാഗ്പൂർ മേഖലയിൽ പ്രസ്ഥാനം ആരംഭിച്ചു. )


21. തെലങ്കാനയിലെ ആദിലാബാദ് മേഖലയിൽ ഗോണ്ട് ഗോത്രവർഗക്കാരുടെ ജലം, കാട്, ഭൂമി അവകാശങ്ങൾക്കായി ‘ജൽ, ജംഗൾ, സമീ’ മുദ്രാവാക്യമുയർത്തി പോരാടിയ നേതാവ്?

കൊമരം ഭീം (1901–1940)


22. ഗറില്ലാ തന്ത്രങ്ങൾ ഉപയോഗിച്ച് ആന്ധ്രാപ്രദേശിൽ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ വിപ്ലവകാരി?

അല്ലൂരി സീതാരാമ രാജു (1897–1924) (ഗോത്രവർഗക്കാരനല്ലായിരുന്നിട്ടും ആന്ധ്രാപ്രദേശിലെ ഗോദാവരി മേഖലയിൽ കോയ ഉൾപ്പെടെയുള്ള ഗോത്രസമൂഹങ്ങളെ സംഘടിപ്പിച്ച് 1922-ൽ രമ്പ കലാപത്തിന് നേതൃത്വം നൽകി. "മാന്യം വീരുഡു’ എന്നറിയപ്പെട്ടു.)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home