കശാപ്പ് ചെയ്യുന്നത് പൗരത്വത്തെ

കശാപ്പ് ചെയ്യുന്നത് പൗരത്വത്തെ

വി എസ് വിഷ്‌ണുപ്രസാദ്
Published on Oct 09, 2026, 01:30 AM | 2 min read
നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന പ്രകാശ് രാജ്, അഞ്ചുതവണ ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ കലാകാരനാണ്. ഇപ്പോൾ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻവേണ്ടി പോരാടുന്നവരുടെ മുൻനിരക്കാരനുമാണ്. സംഘപരിവാറിന്റെ വർഗീയ, ഏകാധിപത്യ നടപടികൾക്കെതിരെ തെരുവിൽ പോരാടാനും പോരാടുന്നവർക്കൊപ്പം അടിയുറച്ചുനിൽക്കാനും അദ്ദേഹമുണ്ട്.
ബിജെപി അവരുടെ സിംഹാസനം ഉറപ്പിക്കാൻ കൊണ്ടുവന്ന വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃ പരിശോധന(എസ്‌ഐആർ)യ്‌ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രകാശ് രാജ് ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിക്കുകയാണ്. ബുധനാഴ്‌ച തിരുവനന്തപുരത്തെത്തിയ അദ്ദേഹം, എസ്‌ഐആർ എങ്ങനെയാണ് ഇന്ത്യൻ ജനാധിപത്യത്തിന് വെല്ലുവിളിയാകുന്നതെന്ന് സംസാരിച്ചു.
എന്തുകൊണ്ട് എസ്‌ഐആറിനെതിരെ പൗരർ അണിനിരക്കണം
രാജ്യത്താകമാനം 13 കോടിയിലധികം വോട്ടർമാരെയാണ് എസ്‌ഐആറിലൂടെ നീക്കം ചെയ്‌തിരിക്കുന്നത്. ആദിവാസികൾ, ദളിതർ, മുസ്ലിങ്ങൾ, ക്രൈസ്‌തവർ , ഇടതുപക്ഷ ചിന്താഗതിക്കാർ എന്നിവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കിയിരിക്കുകയാണ്. ‘വോട്ടർമാർ’ എന്നത് വെറും നന്പരല്ല. അവർ രക്തവും മാംസവുമുള്ള മനുഷ്യരാണ്.
ഈ രാജ്യത്തെ പൗരരാണ്. കൂടുതൽ വോട്ടർമാരെ കണ്ടെത്തി ജനാധിപത്യപ്രക്രിയക്ക് ശക്തിപകരുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ജോലി, അല്ലാതെ നീക്കം ചെയ്യലല്ല. പൗരരെ കൊല്ലാനാകാത്തതുകൊണ്ട് പൗരത്വത്തെ കൊല്ലുന്ന രീതിയാണ് എസ്‌ഐആറിലൂടെ നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമീഷണറായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാജിയോടെ സമരം അവസാനിക്കാൻ പാടില്ല. യഥാർഥ ഇന്ത്യക്കാരുടെ പൗരത്വം ഇല്ലാതാക്കുന്ന എസ്‌ഐആർ തകർത്തെറിയുന്നതുവരെ പോരാട്ടം തുടരണം.
എസ്‌ഐആറിനുപിന്നിലെ ഗൂഢാലോചനകൾ
ഈ രാജ്യത്തെ പൗരരുടെമേൽ അടിച്ചേൽപ്പിച്ച മാനസികാഘാതമാണ് എസ്‌ഐആർ. മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചപ്പോൾ എസ്‌ഐആറിലെ ഗൂഢതന്ത്രങ്ങൾ മനസ്സിലാക്കാനായി. മുന്പ് എങ്ങനെയാണ് വോട്ടർ പട്ടിക പുതുക്കിയതെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഇന്ത്യ സ്വതന്ത്രരാജ്യമായപ്പോൾ ഭരണഘടന രൂപീകരിച്ചു.
സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവകാശം രാജ്യത്തെ എല്ലാവർക്കും നൽകണോ എന്നാണ് ബ്രിട്ടീഷുകാർ ചോദിച്ചത്. എന്നാൽ, നെഹ്‌റുവും അംബേദ്‌കറും മറുപടി നൽകിയത് ‘ഈ രാജ്യം അതിന്റെ പ്രതിനിധികളെ തെരഞ്ഞെടുക്കും’ എന്നായിരുന്നു. അമേരിക്കയെപ്പോലൊരു രാജ്യം എല്ലാ പൗരർക്കും വോട്ടവകാശം നൽകാൻ 200 വർഷമെടുത്തു എന്നു നാം ഓർക്കണം. എന്നാൽ, ഇന്ത്യ തുടക്കത്തിലേതന്നെ പൗരർക്ക് വോട്ടവകാശം നൽകി.
എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി
നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനും വോട്ടർ പട്ടിക ശുദ്ധീകരിക്കാനുമാണ് എസ്‌ഐആർ നടപ്പാക്കുന്നത് എന്നായിരുന്നല്ലോ ന്യായീകരണം. എന്നിട്ട് അത്തരക്കാരെ കണ്ടെത്തിയോ? എത്രപേരെ കണ്ടെത്തി? എവിടെ അതിനുള്ള തെളിവുകൾ? സുപ്രീംകോടതി ചോദിച്ചിട്ടും അതിനുള്ള തെളിവ് കൊടുത്തിട്ടില്ല.
സ്വാതന്ത്ര്യലബ്ധിക്കുശേഷം രണ്ടുവർഷത്തിലധികം നീണ്ട പ്രക്രിയയിലൂടെയാണ് ഈ രാജ്യത്തെ ഓരോരുത്തരെയും വോട്ടറായി ഉൾപ്പെടുത്തിയത്. അന്നുമുതൽ തെരഞ്ഞെടുപ്പ് കമീഷൻ വർഷത്തിൽ 365 ദിവസവും പ്രവർത്തിച്ച്, എല്ലാ ജനുവരിയിലും പുതുക്കിയ പട്ടിക അന്തിമമാക്കി ഫെബ്രുവരിയിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട്.
എസ്‌ഐആർ നടപ്പാക്കിയശേഷം പുതുക്കിയ വോട്ടർ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ ആറുമാസംമാത്രമേ എടുത്തുള്ളൂ എന്നതിലാണ് അജൻഡ തെളിയുന്നത്.
ചോദ്യങ്ങൾ ഉയർത്തുന്നവർ രാജ്യദ്രോഹികളോ
എന്തിനാണ് തെരഞ്ഞെടുപ്പ് കമീഷണറെ തെരഞ്ഞെടുക്കുന്ന രീതി മാറ്റിയത്. 2023-ൽ പാർലമെന്റിൽനിന്ന് ഭൂരിഭാഗം പ്രതിപക്ഷ എംപിമാരെയും പുറത്താക്കിയശേഷം തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് ജുഡീഷ്യൽ ഇമ്യൂണിറ്റി (നിയമപരിരക്ഷ) നൽകുന്ന നിയമം പാസാക്കിയത് എന്തിനാണ്. തങ്ങളുടെ സേവനകാലത്തോ വിരമിച്ചശേഷമോ ഇവർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന നിയമം ജനാധിപത്യത്തിൽ എങ്ങനെ ന്യായീകരിക്കാനാകും.
ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. നിയമപരമായി അംഗീകരിക്കപ്പെട്ട വോട്ടർ പട്ടിക നിലനിൽക്കെ, ആറുമാസത്തിനകം വീണ്ടും എസ്‌ഐആർ നടത്താൻ ഉത്തരവിട്ടത് എന്തടിസ്ഥാനത്തിലാണെന്ന് സാമൂഹികപ്രവർത്തക അഞ്ജലി ഭരദ്വാജ് വിവരാവകാശനിയമംവഴി ചോദിച്ചപ്പോൾ, തെരഞ്ഞെടുപ്പ് കമീഷന് മൗനമായിരുന്നു.














