29 January Wednesday

വീണയുടെ രുചിലോകത്തിന‌് പത്ത‌ുലക്ഷം സബ‌്സ‌്ക്രൈബേഴ‌്സ‌്

ശ്രീരാജ‌് ഓണക്കൂർUpdated: Monday Jul 8, 2019

കൊച്ചി> തൃശൂർ ഗഡികളുടെ വായിൽ കപ്പലോടിക്കുന്ന ‘തൃശൂർ സ‌്പെഷ്യൽ മീൻകറി’യൊരുക്കിയാണ‌് വീണ ഇ–-ലോകത്തിന‌് പരിചിതയാകുന്നത്. യുട്യൂബിൽ ‘വീണാസ‌് കറി വേൾഡ‌്’ ചാനലിൽ അപ‌്‌ലോഡ‌് ചെയ‌്ത വീഡിയോ വളരെ പെട്ടെന്നുതന്നെ വൈറലായി. പിന്നീടങ്ങോട്ട‌് നിരവധി പാചക വീഡിയോകൾ. ഇപ്പോൾ 10 ലക്ഷത്തിലധികം സബ‌്സ‌്ക്രൈബേഴ‌്സുമായി യൂട്യൂബിന്റെ ഗോൾഡൻ ബട്ടൺ അവാർഡ‌് സ്വന്തമാക്കിയിരിക്കുകയാണ‌്  തൃശൂർ പെരിഞ്ഞനം സ്വദേശിനി വീണ ജാൻ. ഈ അവാർഡ‌് സ്വന്തമാക്കുന്ന ആദ്യ മലയാളി വനിത കൂടിയാണ‌് വീണ.

നാടൻ സാമ്പാർ, കുലുക്കി സർബത്ത‌്, പാലപ്പം, ചിക്കൻ തോരൻ തുടങ്ങി കൊതിയൂറുന്ന വിഭവങ്ങൾ തയ്യാറാക്കുന്ന വീഡിയോകളാണ‌് വീണയെ ഭക്ഷണപ്രിയരുടെ പ്രിയങ്കരിയാക്കിയത‌്.  ഭർത്താവ‌് ജാൻ ജോഷിയുമായി ദുബായിൽ താമസിക്കുന്ന വീണ യുട്യൂബ‌് ചാനൽ ആരംഭിച്ചത‌് 2015 നവംബർ മൂന്നിനാണ‌്. ഒറ്റയ‌്ക്കിരിക്കുമ്പോഴുള്ള ബോറടി മാറ്റാൻ 2008ൽ ബ്ലോഗ‌് എഴുതിയാണ‌് തുടക്കം.
ഭർത്താവിന‌് ബ്രിട്ടീഷ‌് എയർവേയ‌്സിലായിരുന്നു അന്ന‌് ജോലി. ബ്ലോഗിലെ പാചകക്കുറിപ്പുകൾക്ക‌് ഒരുപാട‌് അഭിനന്ദനങ്ങളെത്തി. പാചകം ചെയ്യുന്ന വീഡിയോകൂടി ഉൾപ്പെടുത്താൻ ആവശ്യം ഉയർന്നതോടെ യുട്യൂബ‌് ചാനൽ തുടങ്ങി. അമ്മയാണ‌് പാചകത്തിലെ ഗുരു. പണ്ട‌് വീട്ടിൽ വരുന്ന അതിഥിളും ബന്ധുക്കളുമെല്ലാം ഭക്ഷണത്തിന‌് നല്ല കൈപ്പുണ്യമെന്ന സർട്ടിഫിക്കറ്റ‌് നൽകിയത‌് ആത്മവിശ്വാസം കൂട്ടിയതായും വീണ പറയുന്നു.

ക്യാമറ ട്രൈപോഡിൽ വച്ച‌ാണ‌് വീഡിയോ ഷൂട്ട‌്. അതുകഴിഞ്ഞ‌് എഡിറ്റിങ‌്. വെജിറ്റേറിയൻ ഭക്ഷണം കൂടുതൽ ഇഷ്ടപ്പെടുന്ന വീണ നാടൻ വിഭവങ്ങളുടെ വീഡിയോകളാണ്‌ കൂടുതലും ഇടാറുള്ളത‌്. കുക്കർ ഉപയോഗിച്ച‌് എളുപ്പത്തിൽ സദ്യകളിൽ കാണുന്ന പിങ്ക‌് പാലടയുണ്ടാക്കുന്ന വീഡിയോയാണ‌് വീണയുടെ  ആരാധകരുടെ എണ്ണം വർധിപ്പിച്ചത‌്. നാട്ടിലും ദുബായിലും ഒരുപാടുപേർ  തിരിച്ചറിയുന്നതായും കഴിഞ്ഞ ദിവസം തൃശൂർ പാവറട്ടിയിൽനിന്ന‌് ഒരു വീട്ടമ്മ രാവിലെ പരിചയപ്പെടാനെത്തിയതായും വീണ പറയുന്നു.
‘‘താൻ എങ്ങിനെയാണോ അങ്ങനെ തന്നെയാ‌ണ‌് ക്യാമറയുടെ മുന്നിലും. അഭിനയിക്കാൻ അറിയില്ല.  ഒരുപാട‌് സംസാരിക്കാൻ ഇഷ്ടമുള്ളവർക്ക‌് വീഡിയോ ഇഷ്ടപ്പെടും‌. അല്ലാത്തവർക്ക‌് ഇഷ്ടപ്പെടണമെന്നില്ല’’–-വീണ തുടർന്നു. എമിറേറ്റ‌്സിൽ ബിസിനസ‌് അനാലിസിസ‌് മാനേജരായി ജോലി ചെയ്യുന്ന ഭർത്താവ‌് ജാൻ ജോഷി എല്ലാ പിന്തുണയുമായി വീണയ‌്ക്കൊപ്പമുണ്ട‌്. അവനീത‌്‌‌‌, ആയുഷ‌് എന്നിവരാണ‌് മക്കൾ.

 


പ്രധാന വാർത്തകൾ
 Top