24 July Wednesday

സോപാനത്തിലേക്ക് കൊട്ടിക്കയറി

വിജയ് സി എച്ച് vijaych8222@gmail.comUpdated: Sunday Jun 4, 2023


ആചാരങ്ങളുടെ കാർക്കശ്യം തരണം ചെയ്യുന്നതിൽ ഇതുവരെയും വിജയിച്ചിട്ടില്ലാത്തൊരു ക്ഷേത്രകലയാണ് സോപാന സംഗീതം.  സോപാനപ്പടിയുടെ സമീപംനിന്ന്‌ പുരുഷന്മാരാണ് ഇടയ്ക്ക കൊട്ടി സംഗീതം ആലപിക്കുന്നത്. എന്നാൽ പുതിയ കാലത്ത് അപൂർവമായി സ്ത്രീകളും ഈ കല അഭ്യസിക്കുന്നു. അക്കൂട്ടത്തിൽ തരംഗം തീർക്കുന്ന പ്രതിഭയാണ് തീർഥാഞ്ജലി കൃഷ്ണ. മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിനിയാണ്‌.

കലയിലെ തരംതിരിവ്
ക്ഷേത്രാചാരം എന്ന നിലയിൽ പുരുഷന്മാരാണ് സോപാന സംഗീതം ആലപിക്കുന്നത്. ക്ഷേത്രകല പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകൾക്കും അവതരിപ്പിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കലയിലെന്തിന് തരം തിരിവ്? ഭാരം കൂടിയ ചെണ്ട ചുമലിൽ തൂക്കി, ഇരു കൈകൾ കൊണ്ടും തകൃതിയായി കൊട്ടുന്നത്രയും ക്ലേശം, ചെറിയ ഉപകരണമായ ഇടയ്ക്ക വായനയ്ക്കും ഒപ്പമുള്ള വായ്‌പാട്ടിനുമില്ലല്ലോ. ഇടയ്ക്കയുടെ ഒരു വട്ടത്തിൽ മാത്രമേ കൊട്ടുന്നുള്ളൂ. അഭിരുചിയുള്ളവർക്ക്, സ്ത്രീ-പുരുഷ ഭേദമന്യേ, നന്നായി പാടാൻ കഴിയും. അർഥം മനസ്സിലാക്കി പാടുമ്പോഴും അതിനൊത്ത് താളത്തിൽ കൊട്ടുമ്പോഴുമാണ് സോപാന സംഗീതത്തിന് ചേതന ലഭിക്കുന്നത്.

വിമർശിക്കപ്പെട്ടില്ല
സോപാന സംഗീതം സ്ത്രീ അനുഷ്ഠിക്കുന്നതിനാൽ വിവേചനപരമായ വിമർശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഗുരുക്കന്മാർ പെൺകുട്ടികളെ ഇടയ്ക്ക വാദനം അഭ്യസിപ്പിക്കുന്നുണ്ട്. എന്റെ ഇടയ്ക്ക വായനയിലോ, കീർത്തന ആലാപനത്തിലോ, പിഴവുള്ളതായി ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. പരിശീലനം ലഭിച്ചാൽ ഇടയ്ക്ക മനോഹരമായി ആർക്കും കൊട്ടാവുന്നതേയുള്ളൂ. സാധകവും കൈവഴക്കവുമാണ് നിർണായകമാകുന്നത്. പാട്ടിലും കൊട്ടിലും നിരന്തരമായ ഗൃഹപാഠങ്ങൾ അനിവാര്യമാണ്.

ജയദേവ കവിയുടെ അഷ്ടപദി
സോപാന സംഗീതം ഹാർദമായ നാദോപാസനയാണ്. കർണാടക സംഗീതം കേരളത്തിൽ പ്രചാരം നേടുന്നതിനുമുമ്പു തന്നെ ഇടയ്ക്കയിൽ താളമിട്ടു പാടുന്ന കീർത്തനരൂപം  ഉണ്ടായിരുന്നു. ആരംഭ കാലങ്ങളിൽ ഈ അവതരണത്തെ കൊട്ടിപ്പാട്ടുസേവ എന്നും വിളിച്ചു. മഹാകവി ജയദേവന്റെ അഷ്ടപദി ശ്ലോകങ്ങളായിരുന്നു ആലപിച്ചിരുന്നത്. വീട്ടുകാർ നിരുത്സാഹപ്പെടുത്താതിരുന്നതിനാലാണ് ഞാൻ ഈ വാദ്യം പഠിച്ചത്. ചില ചെറിയ ക്ഷേത്രങ്ങളിൽ മാത്രമാണ്, അവിടത്തെ ഭാരവാഹികളുടെ അനുമതി നേടി സോപാനത്തിനരികെ നിന്നുകൊണ്ട് ഞാൻ ഇടയ്ക്ക കൊട്ടിപ്പാടിയത്. ക്ഷേത്ര പരിസരങ്ങളിലെ ആഘോഷങ്ങളിലും പൊതുവേദികളിലും ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയ പരിപാടികളിലുമാണ് ഞാൻ പതിവായി ഇടയ്ക്ക കൊട്ടി പാടുന്നത്.

ആരാധന
കുട്ടിക്കാലത്ത്  ക്ഷേത്രങ്ങളിൽ പോകുമ്പോഴൊക്കെ  ഈ വാദ്യം പഠിക്കണമെന്ന മോഹം ഉള്ളിൽ നാമ്പിട്ടിരുന്നു. ഇടയ്ക്കയുടെ മനോഹരമായ രൂപവും അതിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ വർണങ്ങളിലുള്ള പൊടിപ്പുകളും വല്ലാതെ ആകർഷിച്ചു. നൂലുകൊണ്ടുണ്ടാക്കിയ 64 പൊടിപ്പുകളുടെ കുലകൾ ഇടയ്ക്കയെ ഏറെ മനോഹരമാക്കുന്നു. ഓരോ പൊടിപ്പും ഓരോ കലയെ പ്രതിനിധാനം ചെയ്യുന്നതാണ്. ഭാരതീയ സിദ്ധാന്തമനുസരിച്ച്, കലകളെ ഗീതം, വാദ്യം, നൃത്യം, നാട്യം തുടങ്ങി 64 വിഭാഗമായി തരം തിരിച്ചിട്ടുണ്ട്.  
പരിശീലനം

അഞ്ചു വർഷമായി  അഭ്യസിച്ചുവരുന്നു. ഏലൂർ ബിജുവാണ് ഗുരു. ആദ്യമായി ആശാന്റെ അടുത്തെത്തുമ്പോൾ സംഗീതമെന്നത്  അറിയാത്തൊരു മേഖലയായിരുന്നു. ആശാൻ ഒരു വരി പാടിത്തന്നത് ഏറ്റുപാടാൻ കഴിയാതെ അദ്ദേഹത്തെ നോക്കി ഇരുന്നിട്ടുള്ള നിമിഷങ്ങൾ ധാരാളം ഉണ്ട്.  കർണാടക സംഗീതം മൂന്ന് വർഷം പഠിച്ചു. അങ്ങനെ ഇടയ്ക്ക വാദനത്തോടൊപ്പം കീർത്തനങ്ങളുടെ ആലാപവും വഴങ്ങി. എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ ഭഗവതി ക്ഷേത്രത്തിലാണ് പരിശീലനം ആദ്യം തുടങ്ങിയതെങ്കിലും പിന്നീടത് പറവൂരിലുള്ള ആശാന്റെ ഭവനത്തിലേക്കു മാറ്റി. സാധകം പൂർണതയിലെത്തിയപ്പോൾ സ്വന്തമായൊരു ഇടയ്ക്ക വാങ്ങി, കൂടെ പാടേണ്ട ഗീതികകൾ ഗുരുവിന്റെ ഉപദേശം മാനിച്ചുകൊണ്ടു തെരഞ്ഞെടുത്തു. ആലാപന കല മുറപ്രകാരം പഠിച്ചപ്പോൾ, ഗീതികകൾ തെരഞ്ഞെടുക്കുന്നതും വായ്ത്താരികൾ രൂപപ്പെടുത്തി അവ പാടി അനർഗളമാക്കുന്നതും ഉചിതമായ ഇടയ്ക്ക വാദനവുമെല്ലാം അനായാസമായി.

അരങ്ങേറ്റം
കഴിഞ്ഞ വർഷം ഗുരുവായൂരിൽ അരങ്ങേറ്റം കുറിച്ചു.  തൃശൂരിലെ വടക്കുംനാഥൻ ക്ഷേത്രത്തിൽ ഉൾപ്പെടെ സോപാന സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക വായനയുടെ വ്യാപ്തിയും സോപാന സംഗീതത്തിന്റെ അർഥങ്ങളുമറിയാൻ കാതങ്ങൾ എത്രയോ ഇനിയും താണ്ടേണ്ടതുണ്ട്.

ഇടയ്ക്കയും നൃത്തവും
സോപാന സംഗീതത്തോടൊപ്പം ഭരതനാട്യവും മോഹിനിയാട്ടവും എനിക്കു പ്രിയപ്പെട്ട കലാരൂപങ്ങളാണ്. ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രണ്ടു നൃത്തശാഖകളും അരങ്ങേറിയിട്ടുമുണ്ട്. വേദിയിൽ സോപാനസംഗീതം അവതരിപ്പിക്കുമ്പോൾ ആലപിക്കുന്ന കീർത്തനത്തിലെ സാഹിത്യത്തിനു യോജിച്ച മുദ്രകൾ പലപ്പോഴും ചിന്തയിൽ തെളിഞ്ഞു നിൽക്കും. ഇക്കാരണത്താൽ, നൃത്തവും സോപാന സംഗീതവും സമന്വയിപ്പിക്കുന്നൊരു സംഗതിക്കു രൂപം നൽകി. എന്റെ യൂട്യൂബ് ചാനൽ വഴി പ്രശസ്ത ചലച്ചിത്ര സം‌വിധായകൻ ഷാജി എൻ കരുൺ പുറത്തിറക്കിയ ‘ചെമ്പൊന്നാട്ടം' ഏറെ ജനപ്രിയമായി. എന്റെ നൃത്തഭാഷ്യത്തിന് ഏലൂർ ബിജു സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചു. തിരുവമ്പാടി വിനോദ് മാരാരുടെ ഇടയ്ക്ക വാദനം ‘ചെമ്പൊന്നാട്ട'ത്തെ വേറിട്ട അനുഭവമാക്കി. പുതിയൊരു ഇടയ്ക്ക-നൃത്തം ചിട്ടപ്പെടുത്താനുള്ള മോഹമാണ് ഉള്ളു നിറയെ. അതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.

കുടുംബ പശ്ചാത്തലം
തെക്കൻ തൃശൂരിലെ കല്ലൂരിൽ നെല്ലിക്കൽ വീട്ടിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ മോഹനനും മിനിയുമാണ് അച്ഛനമ്മമാർ. ഇടയ്ക്ക അവതരണവും ഗവേഷണവും ഒരുമിച്ചു കൊണ്ടുപോകുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top