29 September Friday

എല്ലാവർക്കും ചിരിക്കാനറിയാം. സങ്കടം വരുമ്പോൾ എല്ലാവരും കരയും

തനുജ ഭട്ടതിരിUpdated: Sunday Dec 15, 2019

ചെറിയ കുട്ടിയായിരുന്നപ്പോൾ, എനിക്ക് പരിചയവും ശീലവുമില്ലാത്തതെന്തു കാണുമ്പോഴും 'അതെന്താ അങ്ങനെ ?അവരെന്താ അങ്ങനെ ?'എന്നച്ഛനോട് ചോദിക്കുമായിരുന്നു.

വ്യത്യാസം ചോദിക്കുമ്പോൾ എന്തൊക്കെ ഒരുപോലെയുണ്ടെന്ന് നോക്കാൻ അച്ഛൻ പറയും. അപ്പോൾ പൂണുനൂലിട്ടവർക്കും തൊപ്പിവച്ചവർക്കും കുരിശിട്ടവർക്കും, കാഷായം ധരിച്ചവർക്കും ളോഹ ഇട്ടവർക്കും, സാരിയുടുത്തവർക്കും, ചേല ധരിച്ചവർക്കും ചട്ട ഇട്ടവർക്കും (അന്നത്തെ ഭാഷ) മുട്ടാക്കിട്ടവർക്കും ഒക്കെ രണ്ടു കണ്ണും ഒരു മൂക്കും രണ്ടു ചെവിയും ഒക്കെ ഒരു പോലെ.

എല്ലാർക്കും ചിരിക്കാനറിയാം . സങ്കടം വരുമ്പോൾ എല്ലാരും കരയും. അങ്ങനെ  നോക്കിയപ്പോൾ വ്യത്യാസമൊക്കെ മാറി എല്ലാരും ഒന്നായി.
ആപ്പിൾക്കച്ചവടത്തിനായി അച്ഛൻ ഒരു കാശ്മീരിയുമായി ചങ്ങാത്തത്തിലായപ്പോൾ, അയാൾ വീട്ടിൽ വന്നപ്പോൾ , അയാളെന്താ ഒരുപാട് വെളുത്ത് പൊക്കം കുറഞ്ഞിരിക്കുന്നതെന്ന് അതുകൊണ്ട് ചോദിച്ചില്ല.

അയാൾക്കും കണ്ണും മൂക്കും ചെവിയും നമ്മുടെ പോലെയുണ്ടായിരുന്നു .

നിയമം വന്നാലും ഭേദഗതി വന്നാലും എനിക്ക് മനുഷ്യർ മനുഷ്യരായിക്കും. തലവെട്ടും എന്നു പറഞ്ഞാലും അതിൽ മാറ്റമില്ല

അങ്ങനെ ജനിച്ചു വീണ മുതൽ എന്റഛൻ പഠിപ്പിച്ച, ഒന്നായി എന്തൊക്കെയുണ്ടെന്ന് നോക്കി ജീവിക്കാൻ പഠിച്ച ശീലം, ഞാൻ മരിച്ചുമണ്ണടിഞ്ഞാലും മാറില്ല.
നിയമം വന്നാലും ഭേദഗതി വന്നാലും എനിക്ക് മനുഷ്യർ മനുഷ്യരായിക്കും. തലവെട്ടും എന്നു പറഞ്ഞാലും അതിൽ മാറ്റമില്ല. എന്തുകൊണ്ടെന്നാൽ നമ്മൾ ജനിച്ചപ്പോൾ മുതൽ ശീലിക്കുന്നത് മാറ്റാൻ പറ്റാത്തതുകൊണ്ടു തന്നെ.

സമാധാനം.. എന്റെ മക്കൾ കാഴ്ചപ്പാടിൽ മാത്രമല്ല സ്വന്തം ജീവിതത്തിലെ ഓരോ തെരഞ്ഞെടുപ്പിലും ഒരു വേർതിരിവ് ഇല്ലാതെ ഇടപെടുന്നു. ഞാൻ നിക്കുന്നിടത്തുനിന്ന് എത്രയോ മുന്നിലേക്ക് മാനവികതയിലും മനുഷ്യത്വത്തിലും എത്തിക്കാണാൻ പറ്റി എന്നതാണ്, ഒരു അമ്മ എന്ന നിലയിൽ മാത്രമല്ല ,ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് കിട്ടിയ വലിയ അംഗീകാരം.

എനിക്കൊരു പേടിയുമില്ല. കൂടുതൽ പറയാനുമില്ല. ബുദ്ധിയും സ്നേഹവും പ്രസരിപ്പിച്ച് നമ്മുടെയൊക്കെ കുഞ്ഞുങ്ങൾ നമ്മൾ സ്വപ്നം കാണുന്ന ഒരു രാജ്യം പണിയുക തന്നെ ചെയ്യും.

.താൽക്കാലികമായതിനെ പിഴുതെറിഞ്ഞ് ശാശ്വതമായത് പുനസൃഷ്ടിക്കാൻ നിലം ശുദ്ധമാക്കുന്ന ഏർപ്പാടാണ് കാലം ഇപ്പോൾ നടത്തുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.
തെറ്റോ ശരിയോ എന്നൊരു ചർച്ചയില്ല. ഭൂമിയിലാകെയുള്ള എല്ലാ മനുഷ്യർക്കും മനുഷ്യർ എന്നറിയപ്പെടാനാണ് അർഹത!
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top