27 November Sunday

സോണിയക്ക്‌ ഇനി മജിസ്‌ട്രേട്ട്‌ വേഷം

സുജിത് ബേബിUpdated: Sunday Apr 3, 2022

വെള്ളിത്തിരയിലുമില്ല, മിനിസ്ക്രീനിലുമില്ല, ഉണ്ടായിരുന്ന ഫെയ്‌സ്‌ബുക് അക്കൗണ്ടിലുമില്ല. സോണിയ എവിടെ പോയി എന്ന ചോദ്യത്തിനൊടുക്കം ഉത്തരമായിരിക്കുന്നു. സോണിയ ഇനിയങ്ങോട്ട്‌ മജിസ്ട്രേട്ട്‌ വേഷത്തിൽ തിളങ്ങും –- സിനിമയിലല്ല, ജീവിതത്തിൽ. മിനിസ്ക്രീനിലെ ആക്‌ഷനും കട്ടിനുമിടയിൽ അഭിഭാഷകയായി ജീവിക്കുമ്പോൾ ഉള്ളിൽപ്പോലും തോന്നാതിരുന്ന ആഗ്രഹമായിരുന്നു ജുഡീഷ്യറി എന്നത്‌. കാലമെന്ന മഹാ സംവിധായകനാണ്‌ സോണിയക്ക്‌ മജിസ്ട്രേട്ടിന്റെ വേഷമൊരുക്കിയിരിക്കുന്നത്‌. സിനിമാ സീരിയൽ താരമായിരുന്ന എസ്‌ ആർ സോണിയ മുൻസിഫ് പരീക്ഷ പാസായി. തിങ്കൾമുതൽ ആലുവയിലെ ജുഡീഷ്യൽ അക്കാദമിയിൽ പരിശീലനമാരംഭിക്കുകയാണ്‌.

പ്ലസ്‌ടു പഠനകാലത്ത് ടെലിവിഷൻ അവതാരകയായി രംഗത്ത് വന്ന അവർ ബിരുദ പഠനത്തിനൊപ്പം സിനിമയിലും സജീവമായി. അത്ഭുതദ്വീപ്, മൈ ബോസ്‌, ലോകനാഥൻ ഐഎഎസ്‌ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. അമ്മ, ആകാശദൂത്, സ്വാമിയെ ശരണമയ്യപ്പ തുടങ്ങി അനവധി ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. അതിനിടെ വിവാഹം കഴിഞ്ഞു. കുഞ്ഞിനൊപ്പമായിരുന്നു പലപ്പോഴും സെറ്റുകളിൽ എത്തിയത്. സിനിമയിലും സീരിയലിലും സജീവമായി നിൽക്കെ 2014ൽ ഇരുപത്തിയേഴാം വയസ്സിൽ പെട്ടെന്നാണ്‌ അഭിനയ ജീവിതത്തിന്‌ ഫുൾ സ്റ്റോപ്പിട്ടത്‌. പഠിക്കുകയെന്നെ ആഗ്രഹം മാത്രമായിരുന്നു അതിനു പിന്നിൽ. ബിരുദാനന്തര ബിരുദധാരിയായ സോണിയ അങ്ങനെയാണ്‌ തിരുവനന്തപുരം ലോ അക്കാദമിയുടെ പടികയറുന്നത്‌. എവിടെപ്പോയെന്ന ആരാധകരുടെയും സമൂഹമാധ്യമങ്ങളുടെയും ചോദ്യങ്ങളോട്‌ പ്രതികരിച്ചില്ല. മുഴുവൻ ശ്രദ്ധയും ലോ അക്കാദമിയിലെ ക്ലാസ്‌ മുറികളിലും ലൈബ്രറിയിലെ പുസ്തകങ്ങളിലുമായിരുന്നു.
അഞ്ചാം റാങ്കോടെയാണ് നിയമ ബിരുദം സ്വന്തമാക്കിയത്.

തുടർന്ന്, കാര്യവട്ടം ക്യാമ്പസിൽനിന്ന് എൽഎൽഎം ചെയ്യാനാരംഭിച്ചു. എൽഎൽബി പഠനത്തിനിടെ ഇന്റേൺഷിപ്പിനായി കോടതിയിൽ എത്തിയപ്പോഴാണ് മജിസ്‌ട്രേട്ടാകുക എന്ന മോഹമുദിക്കുന്നത്. മജിസ്‌ട്രേട്ടിന്റെ അധികാരമല്ല, വിധിന്യായമെഴുതുന്ന പേനയുടെ ശക്തിയാണ് ആ നിയമ വിദ്യാർഥിനിയെ ആകർഷിച്ചത്. മനുഷ്യജീവിതത്തിൽ ന്യായത്തിനൊപ്പം നിൽക്കാൻ ശക്തിയുള്ള ആ പേനയോടുള്ള അടങ്ങാത്ത ആഗ്രഹമാണ്‌ നിയമരംഗത്ത്‌ തുടരാൻ പ്രേരണയായത്‌. അതാണ്‌ അഭിനയം പോലുമുപേക്ഷിക്കാനുള്ള ഉറച്ച തീരുമാനത്തിനും പ്രേരണയായത്‌.

എൽഎൽബി കഴിഞ്ഞതിന്‌ പിന്നാലെ മുൻസിഫ്‌ മജിസ്ട്രേട്ട്‌ പരീക്ഷയെഴുതി. പ്രിലിംസ്‌ കിട്ടിയെങ്കിലും പ്രധാന പരീക്ഷ ജയിക്കാനായില്ല. ശരിയായ തയ്യാറെടുപ്പില്ലാതെ എഴുതിയ പരീക്ഷയുടെ ആദ്യപടി കടക്കാനായത്‌ ആത്മവിശ്വാസം വർധിപ്പിച്ചു. രണ്ടാംതവണ അറുപത്തിമൂന്നാം റാങ്ക്‌ കിട്ടിയെങ്കിലും നിയമനത്തിന്‌ അത്‌ പോരായിരുന്നു. വർധിത വീര്യത്തോടെ എഴുതിയ മൂന്നാംവട്ടം സോണിയ ലക്ഷ്യത്തിലെത്തി. ഇത്തവണ മുപ്പത്തിരണ്ടാം റാങ്കുകാരിയായാണ് പാസായത്.

സിനിമ, സീരിയൽ താരം എന്ന പകിട്ട്‌ വിട്ടാണ്‌ ഏറെ ഗൗരവമുള്ള മേഖലയിലേക്ക്‌ കാലെടുത്ത്‌ വയ്‌ക്കുന്നത്‌. അതിന്റെ ഉത്തരവാദിത്വവും സോണിയ തിരിച്ചറിയുന്നുണ്ട്‌. ജുഡീഷ്യറിയുടെ നീതിബോധവും ജനാധിപത്യവും പരിപാലിച്ച്‌ നീതിന്യായം നടപ്പാക്കാൻ കഴിയണമെന്ന്‌ മാത്രമാണ്‌ ഇപ്പോൾ സോണിയയുടെ മനസ്സിലുള്ളത്‌.

തിരുവനന്തപുരം തിരുമലയ്ക്കടുത്ത പെരുകാവ്‌ സ്വദേശി പരേതനായ റിട്ട. എഎസ്ഐ റഷീദിന്റെയും സൂദയുടെയും മൂന്ന് മക്കളിൽ ഇളയവളാണ് സോണിയ. ഭർത്താവ് ബിനോയ് ഷാനൂർ ബിസിനസുകാരനാണ്. മകൾ അൽ ഷെയ്‌ഖ പർവീൺ ഏഴാം ക്ലാസ് വിദ്യാർഥിനിയും. നിയമ പഠനത്തിനുശേഷം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയായിരുന്നു. മുൻ ഗവ. പ്ലീഡർ അഡ്വ. എ സന്തോഷ് കുമാറിനൊപ്പമായിരുന്നു അഭിഭാഷക ജീവിതം. വക്കീൽകുപ്പായമണിഞ്ഞ്‌ ജോലിയെടുക്കുമ്പോഴും മജിസ്ട്രേട്ട്‌ എന്ന ആഗ്രഹവും തയ്യാറെടുപ്പും കൈവിട്ടിരുന്നില്ല. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹകരണവും തന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിലുണ്ടെന്നും സോണിയ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top