30 September Saturday

ഷിറീന്‍ അബു അക്ലെ: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ രക്തസാക്ഷി

ആര്യ ജിനദേവന്‍Updated: Friday Jul 15, 2022

ലോകത്തിനുമുന്നില്‍ യാഥാര്‍ഥ്യങ്ങള്‍ തുറന്നുകാണിക്കാനുള്ള, ലോകത്തോട് സത്യം വിളിച്ചുപറയാനുള്ള ദൃഢനിശ്ചയത്തിന്റെ പേരിലാണ് ഷിറീന്‍ അബു അക്ലെയെന്ന ആ ധീരവനിതയ്‌ക്ക് തന്റെ ജീവിതത്തിന്റെ പാതിയില്‍വെച്ച് ലോകത്തോട് എന്നെന്നേക്കുമായി വിടപറയേണ്ടിവന്നത്. അതെ, 51 ‐ ാ മത്തെ വയസ്സില്‍ സിയോണിസ്റ്റ് ഫാസിസ്റ്റു ഭീകരതയുടെ വെടിയുണ്ടയേറ്റ് ജീവന്‍ വെടിയേണ്ടിവന്ന ഷിറീന്‍ അബു അക്ലെ കഴിഞ്ഞ കാല്‍നൂറാണ്ടുകാലമായി പലസ്തീന്‍ ജനതയുടെ ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിനുമുന്നില്‍ തുറന്നുകാണിക്കുന്നതില്‍ സദാ സജീവമായിരുന്നു.

പലസ്തീനില്‍ നടക്കുന്നതെന്തെന്ന് സത്യസന്ധമായി അറിയുന്നതിന് ലോകം കാണാനാഗ്രഹിച്ച മുഖമായിരുന്നു, കേള്‍ക്കാനാഗ്രഹിച്ച ശബ്ദമായിരുന്നു അബു അക്ലേയുടേത്. അല്‍ ജസീറ എന്ന മാധ്യമസ്ഥാപനത്തിലൂടെയാണ് പലസ്തീന്‍ ജനതയുടെ ജീവിതകഥയും അവരുടെ പോരാട്ടങ്ങളുടെ നിത്യവാര്‍ത്തകളും ധീരതയോടെ, സത്യസന്ധതയോടെ, ആര്‍ജവത്തോടെ ഷിറീന്‍ അക്ലെ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത്. തീര്‍ച്ചയായും ഷീറിന്റെ മുഖം, അവരുടെ വ്യക്തിത്വം, ആ ധീരോദാത്തമായ സാന്നിധ്യം സിയോണിസ്റ്റ് വംശവെറിയന്‍ ഭീകരഭരണത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഷിറീന്‍ അക്ലെയും അല്‍ ജസീറ ടിവിയും എന്നും ഇസ്രയേല്‍ ഭീകരഭരണത്തിന്റെ കണ്ണിലെ കരടായി. ഒടുവില്‍ അവര്‍ ധീരയായ ആ മാധ്യമപ്രവര്‍ത്തകയുടെ നേര്‍ക്ക് വെടിയുതിര്‍ത്തു; കൊന്നുകളഞ്ഞു.

ജറുസലേമിലാണ് ഷിറീന്‍ അബു അക്ലെ ജനിച്ചത്. ബെത്ലഹേമില്‍നിന്നുള്ള ഒരു പലസ്തീന്‍ അറബ് ക്രിസ്ത്യന്‍ കുടുംബത്തില്‍ ലൗലിയുടെയും നസ്രി അബു അക്ലെയുടെയും മകളായി 1971 ഏപ്രില്‍ മൂന്നിനായിരുന്നു ജനനം. കുട്ടിക്കാലത്തുതന്നെ അച്ഛനമ്മമാര്‍ മരണപ്പെട്ട അവര്‍ക്ക് ഒരു സഹോദരന്‍ കൂടിയുണ്ടായിരുന്നു.

അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ സ്ഥിരവാസമാക്കിയിരുന്ന മാതാവിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ഷീറിന്റെ ബാല്യകാലം. അവര്‍ക്ക് അമേരിക്കന്‍ പൗരത്വവും ലഭിച്ചിരുന്നു. അങ്ങനെയാണ് ഷിറീന്‍ അമേരിക്കന്‍, പലസ്തീന്‍ ജേണലിസ്റ്റ് എന്നറിയപ്പെട്ടത്. എന്നാല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ജറുസലേമിലെ റൊസാരി സിസ്റ്റേഴ്സ് ഹൈസ്കൂളിലായിരുന്നു.

തുടര്‍ന്ന് ജോര്‍ദാന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍നിന്നും ആര്‍ക്കിടെക്ചറില്‍ ബിരുദം നേടിയെങ്കിലും അതൊരു തൊഴിലായി സ്വീകരിക്കാന്‍ ഷിറീന്‍ ഇഷ്ടപ്പെട്ടില്ല. അങ്ങനെയാണവര്‍ ജോര്‍ദാനിലെതന്നെ യാര്‍മൗക് യൂണിവേഴ്സിറ്റിയില്‍ ജേണലിസം പഠിക്കാനെത്തിയത്. ജേണലിസത്തില്‍ ബിരുദം നേടിയ ഷിറീന്‍ പിന്നീട് തന്റെ ജന്മനാടായ പലസ്‌തീനിലെ കിഴക്കന്‍ ജറുസലേമില്‍ സ്ഥിരതാമസമാക്കുകയും മാധ്യമപ്രവര്‍ത്തനം തൊഴിലായി സ്വീകരിക്കുകയും ചെയ്‌തു.

റേഡിയോമൊണ്ടെ കാര്‍ലൊയിലും വോയിസ് ഓഫ് പലസ്‌തീനിലുമാണ് ഷിറീന്‍ തന്റെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 1997ല്‍ അവര്‍ അല്‍ ജസീറ ചാനലിലെത്തി. 1996 നവംബറില്‍ ആരംഭിച്ച ചാനലിന്റെ ആദ്യത്തെ ഫീല്‍ഡ് റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു അവര്‍. അതിവേഗംതന്നെ അവര്‍ ചാനലിന്റെ അറബിക് റിപ്പോര്‍ട്ടിങ്ങിന്റെ മുഖവും നാവുമായി മാറി.

കിഴക്കന്‍ ജറുസലേമില്‍ പാര്‍പ്പുറപ്പിച്ച ഷിറീന്‍ പലസ്തീന്‍ സംഭവവികാസങ്ങള്‍ക്കൊപ്പം ഇസ്രയേല്‍ രാഷ്ട്രീയവും വളരെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയും വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയും ചെയ്തു. ഇസ്രയേല്‍ രാഷ്ട്രീയത്തെ കൂടുതല്‍ അടുത്ത്, കൃത്യതയോടെ അറിയുന്നതിനും ഇസ്രയേല്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും നേരിട്ട് കേട്ടും വായിച്ചും മനസ്സിലാക്കുന്നതിനുമായി അവര്‍ അവസാനകാലത്ത് (കൊല്ലപ്പെടുന്നതിന് ഏതാനും മാസംമുന്‍പ് ഹിബ്രു ഭാഷാപഠനവും ആരംഭിച്ചിരുന്നു).

ഡിജിറ്റല്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. അങ്ങനെ തന്റെ മാധ്യമജീവിതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിരന്തരം പഠനത്തിലേര്‍പ്പെട്ടിരുന്ന ഷിറീന്‍ അബു അക്ലെ അറബ് മാധ്യമലോകത്ത് തിളങ്ങിനിന്നു. ഒട്ടേറെ സ്ത്രീകളെ, പ്രത്യേകിച്ചും അറബ് രാജ്യങ്ങളിലെ സ്ത്രീകളെ ഷിറീന്‍ അബു അക്ലെയുടെ സാഹസികവും പോരാട്ടതുല്യവുമായ മാധ്യമജീവിതം മാധ്യമപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ തന്റെ പിന്‍ഗാമികളായി സ്‌ത്രീ മാധ്യമപ്രവര്‍ത്തകരുടെ ഒരു നിരയെ തന്നെ അവശേഷിപ്പിച്ചിട്ടാണ് ഷിറീന്‍ കടന്നുപോയതെന്ന് നി ംശയം പറയാവുന്നതാണ്.

രണ്ടാം ഇന്ദിഫദയുടെ കാലംമുതല്‍ പലസ്തീന്‍ ജനത സ്വന്തം നിലനില്‍പ്പിനും മോചനത്തിനുമായി നടത്തിയ പോരാട്ടങ്ങള്‍, ഇസ്രയേല്‍ അതിക്രമങ്ങളും അധിനിവേശങ്ങളുമെല്ലാം കൃത്യതയോടെ ലോകത്തിനുമുന്നില്‍ എത്തിച്ചാണ് ഷിറീന്‍ അക്ലെ മാധ്യമലോകത്ത് തിളങ്ങിയത്. 1993ലും 1995ലും പാശ്ചാത്യരാജ്യങ്ങളുടെ മധ്യസ്ഥതയില്‍ പലസ്തീനില്‍ സമാധാനം സ്ഥാപിക്കാനായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒപ്പിട്ട സമാധാനക്കരാറുകളെ തുടര്‍ന്നാണ് പലസ്തീന്‍ വിമോചനപോരാട്ടത്തില്‍ താത്കാലിക വെടിനിര്‍ത്തലുണ്ടായത്.

യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ വിമോചന സംഘടന പലസ്തീന്‍ ഭൂപ്രദേശത്ത് ഇസ്രയേല്‍ എന്ന ജൂതരുടേതായ പ്രത്യേക മതാധിഷ്ഠിത രാജ്യത്തെ അംഗീകരിച്ചുകൊണ്ടാണ് ഓസ്ലോ കരാര്‍ ഒപ്പിട്ടത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ തുടര്‍ചര്‍ച്ചകളിലൂടെ പലസ്തീന്റെയും ഇസ്രയേലിന്റെയും അതിര്‍ത്തി നിര്‍ണയിച്ച് രണ്ട് പ്രത്യേക രാഷ്ട്രങ്ങളാക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു. ഗാസയും വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമുമാണ് പലസ്തീന്‍ പ്രദേശങ്ങളില്‍ നീക്കിവയ്ക്കപ്പെട്ടത്. എന്നാല്‍ കരാറിലെ മഷിയുണങ്ങുന്നതിനുമുന്‍പുതന്നെ ജൂത തീവ്രവാദികളും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഇസ്രയേല്‍ ഭരണകൂടവും പലസ്തീന്‍ പ്രദേശങ്ങളിലെ കടന്നാക്രമണം തുടര്‍ന്നു.

പലസ്തീന്‍ ജനങ്ങളില്‍ അഞ്ഞൂറിലധികം പേര്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടു; പ്രത്യാക്രമണത്തില്‍ ഇരുന്നൂറിലധികം ഇസ്രയേല്‍ പൗരരും കൊല്ലപ്പെട്ടു. പലസ്തീനില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ള സാധാരണക്കാരായിരുന്നെങ്കില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടതിലധികവും സൈനികരാണ്. പലസ്തീന്‍ മേഖലയിലേക്ക് പുതിയ ജൂത കുടിയേറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരാര്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും 1994 വരെ വെസ്റ്റ് ബാങ്കില്‍ 13,500 ജൂത കുടുംബങ്ങള്‍ കുടിയേറിയിരുന്നിടത്ത് പിന്നീടുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തോളം പുതിയ കുടിയേറ്റങ്ങള്‍കൂടി ഉണ്ടായെന്നു മാത്രമല്ല, ഇസ്രയേല്‍ വംശീയവാദികള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു പലസ്തീന്‍ വിമോചന പോരാളികളെ പ്രകോപിപ്പിച്ചത്. ജൂതവംശീയ വാദികളാകട്ടെ അവസാനത്തെ പലസ്തീന്‍ കുടുംബത്തെയും ആ മണ്ണില്‍നിന്ന് ആട്ടിയോടിക്കുമെന്ന ദൃഢനിശ്ചയത്തിലും.

ഇത്തരത്തില്‍ സംഘര്‍ഷത്തിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലുകള്‍ തുടരവെയാണ് 2000 ഏപ്രില്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ മധ്യസ്ഥതയില്‍ ക്യാമ്പ് ഡേവിഡ് ചര്‍ച്ച നടന്നത്. എന്നാല്‍ എങ്ങുമെത്താതെ ക്യാമ്പ് ഡേവിഡ് ചര്‍ച്ചകള്‍ അലസിപ്പോയ പശ്ചാത്തലത്തിലും, ഇസ്രയേല്‍ സൈന്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടതിനെതുടര്‍ന്നും ചെറുത്തുനില്‍പ് എന്ന നിലയിലാണ് ഗത്യന്തരമില്ലാതെ പലസ്തീന്‍ പോരാളികള്‍ 2000 സെപ്തംബര്‍ മുതല്‍ രണ്ടാം ഇന്ദിഫദ (വിമോചന പോരാട്ടം) തുടങ്ങാന്‍ തീരുമാനിച്ചത്.

അഞ്ചുവര്‍ഷത്തോളം നീണ്ടുനിന്ന ഈ പോരാട്ടത്തിന്റെ റിപ്പോര്‍ട്ടിങ്ങാണ് ഷിറീന്‍ എന്ന മാധ്യമപ്രവര്‍ത്തകയെ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്; പ്രത്യേകിച്ചും ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന ഏറ്റുമുട്ടലിന്റെ ഏറെക്കുറെ ദൃക്സാക്ഷി വിവരണംതന്നെ പ്രതിഭാശാലിയും ധീരയുമായ ആ മാധ്യമപ്രവര്‍ത്തക ലോകത്തിനു മുന്നിലെത്തിച്ചു.

പിന്നീട് മൂന്നാം ഇന്ദിഫദയുടെ കാലത്തും തുടര്‍ന്നും നിരവധി ഘട്ടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഗാസയ്ക്കുമേല്‍ നടത്തിയ ആക്രമണങ്ങളെ, ഇസ്രയേല്‍ ഭീകരസംഘങ്ങളുടെ കൊടുംക്രൂരതകളെ ലോകത്തിനുമുന്നില്‍ തുറന്നുകാണിച്ച ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ഷിറീന്റേതായുണ്ട്. 2005ല്‍ ഷിക്മാ തടവറയില്‍ ദീര്‍ഘകാലമായി അടച്ചിടപ്പെട്ടിരുന്ന പലസ്തീനിലെ ജനപ്രതിനിധികളും പലസ്തീന്‍ ഭരണാധികാരികളും ഉള്‍പ്പെടെയുള്ളവരുമായി അവരുടെ ജയിലനുഭവങ്ങളെക്കുറിച്ച് ജയിലിനുള്ളില്‍ വച്ച് ഷിറീന്‍ നടത്തിയ അഭിമുഖവും അവരെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. അത്തരമൊരഭിമുഖത്തിന് അവസരം ലഭിച്ച ആദ്യത്തെ മാധ്യമവ്യക്തിത്വമാണ് ഷിറീന്‍.

2022 മെയ് 11ന് കൊല്ലപ്പെടുന്നതുവരെ അതായത്, തന്റെ അവസാനനിമിഷംവരെ അല്‍ ജസീറ ചാനലില്‍ തന്റെ മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു അവര്‍. ഖത്തറും (അവിടെയാണ് അല്‍ ജസീറയുടെ ആസ്ഥാനം) ഈജിപ്തും തമ്മിലുള്ള ബന്ധത്തില്‍ ഇടക്കാലത്തുണ്ടായ ഉലച്ചില്‍ മാറിയശേഷം ആദ്യമായി കെയ്റൊയില്‍നിന്ന് 2021 ജൂലൈയില്‍ അല്‍ ജസീറയുടെ സംപ്രേഷണം പുനരാരംഭിച്ചപ്പോള്‍ അതിന്റെ ലൈവില്‍ പ്രത്യക്ഷപ്പെട്ടതും ഷിറീന്‍ അക്ലെയായിരുന്നു.

ഷിറീന്‍ പകര്‍ത്തിയ ദൃശ്യങ്ങളും അവരുടെ റിപ്പോര്‍ട്ടുകളും പലപ്പോഴും ഇസ്രയേല്‍ ഭരണാധികാരികളെയും സൈന്യത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു; നിരന്തരം ഇസ്രയേല്‍ പ്രചരിപ്പിച്ചിരുന്ന നുണകള്‍ പൊളിച്ചടുക്കുന്നവയായിരുന്നു ഷിറീന്റെ റിപ്പോര്‍ട്ടിങ്ങുകള്‍. അതുകൊണ്ടുതന്നെ ഇസ്രയേല്‍ സൈന്യത്തിന്റെയും കുടിയേറ്റക്കാരായ ജൂതവംശീയ തീവ്രവാദികളുടെയും നോട്ടപ്പുള്ളിയായിരുന്നു അവര്‍. സുരക്ഷാമേഖലകളില്‍ കടന്നുചെന്ന് അവര്‍ ഫോട്ടോയെടുക്കുന്നതായി ഇസ്രയേല്‍ അധികൃതര്‍ പല തവണ ആരോപണമുന്നയിച്ച കാര്യം ഷിറീന്‍ തന്റെ സുഹൃത്തുക്കളോടെല്ലാം പറഞ്ഞിരുന്നു.

മെയ് 11ന് ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സേനയും ജൂതവംശീയ തീവ്രവാദികളും നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് ഇസ്രയേല്‍ ഭീകരസേനയുടെ വെടിയുണ്ടയേറ്റ് ആ മഹദ്ജീവിതം അവസാനിച്ചത്. ''പ്രസ്'' എന്നെഴുതിയ നീല ജാക്കറ്റും ഹെല്‍മറ്റും ധരിച്ചിരുന്ന ഷിറീന്റെ ചെവിക്കുപിറകിലാണ് (ഹെല്‍മറ്റിന്റെ സുരക്ഷയില്ലാതിരുന്ന ഭാഗത്ത്) വെടിയുണ്ടയേറ്റത്.

അതില്‍നിന്നു തന്നെ യാദൃച്ഛികമായി വെടിയേറ്റതല്ല, അവരെ കരുതിക്കൂട്ടി മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുന്നു. 1967ലെ അധിനിവേശാനന്തരം ഇസ്രയേല്‍ സൈന്യം വെടിവച്ചുകൊല്ലുന്ന 86 -) മത്തെ പലസ്തീന്‍ ജേണലിസ്റ്റാണ് ഷിറീന്‍ അക്ലെ; ഇതില്‍ 50 പേര്‍ കൊല്ലപ്പെട്ടത് 2000ത്തിനുശേഷവും.

എന്തുകൊണ്ട് ഷിറീന്‍ കൊല്ലപ്പെട്ടു? സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകയായതുകൊണ്ടോ? അതോ പലസ്തീന്‍ പൗര ആയതുകൊണ്ടോ? ഒരാള്‍ കൊല്ലപ്പെടാന്‍ ഇസ്രയേല്‍ സിയോണിസ്റ്റുകളുടെ കണ്ണില്‍ ഇതില്‍ ഒന്നുമതി. അപ്പോള്‍ ഇതു രണ്ടുംചേരുന്ന ഒരാളെ തീര്‍ത്തുകളയുകയെന്നത് സിയോണിസ്റ്റ് വംശീയ ഫാസിസ്റ്റുകളുടെ രീതിയാണ്. ഈ അരുംകൊലയ്ക്കെതിരെ ലോകത്താകമാനം സമാധാനവും ജനാധിപത്യവും പുലരണമെന്നാഗ്രഹമുള്ള മനുഷ്യരില്‍ പ്രതിഷേധത്തിന്റെ കനലെരിഞ്ഞുകൊണ്ടിരിക്കും. ഒപ്പം അനീതിയും അക്രമവും വെളിച്ചത്തുകൊണ്ടു വരുന്നതിനുവേണ്ടി ഷിറീന്‍ അബു അക്ലെ നടത്തിയ വിശ്രമരഹിതവും ധീരവുമായ മാധ്യമപ്രവര്‍ത്തനം ഇനിയുമേറെ പേര്‍ക്ക് ഒരുത്തമ മാതൃകയാകുകയും ചെയ്യും.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top