29 February Saturday

സുഡാനിയിൽ തിളങ്ങിയ ബിയ്യുമ്മ

മോഹൻ ചീക്കിലോട്‌Updated: Tuesday May 7, 2019


പ്രൊഫഷണൽ നാടകരംഗത്ത്  50 വർഷത്തോളം അരങ്ങുനിറഞ്ഞ അതുല്യപ്രതിഭ.  കലാ‐സാംസ്കാരിക‐വേദികളിൽ ഊണും ഉറക്കവും വിശ്രമ ജീവിതവുമില്ലാത്ത നാടകപ്രയാണം. വിവാഹംപോലും വേണ്ടെന്നുവെച്ച് ജീവിക്കാൻ മറന്നുപോയ നടി. ഒടുവിൽ സംസ്ഥാന ഗവർമെണ്ടിന്റെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ സരസ ബാലുശ്ശേരി  താരമായി. ആയിരത്തിലധികം നാടകങ്ങളിൽ വേഷമിട്ടതിന്റെ തിളക്കം.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ബീയ്യുമ്മ എന്ന കഥാപാത്രമായി അഭിനയിച്ച സരസ ബാലുശ്ശേരിയും  ജമീലയായി വേഷമിട്ട നടി സാവിത്രി ശ്രീധരനുമായിരുന്നു ചലച്ചിത്ര പുരസ്കാരം പങ്കിട്ടത്. ഒട്ടേറെ നാടകവേദികളിൽ ഒരുമിച്ച് അഭിനയിച്ച സരസയ്ക്കും സാവിത്രിശ്രീധരനും ചലച്ചിത്ര പുരസ്കാരം ലഭിച്ചത് കോഴിക്കോട്ടെ നാടക‐ചലച്ചിത്ര വേദിയിൽ പുത്തൻ ഉണർവ്വാണ് നൽകിയത്. 1984 ൽ പി  ചന്ദ്രകുമാർ സംവിധാനം നിർവ്വഹിച്ച ‘ഉയരും ഞാൻ നാടാകെ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായി സരസ ബാലുശ്ശേരി വേഷമിട്ടിരുന്നു. പിന്നീട് ഇവർക്ക് ചലച്ചിത്രവേദിയിൽ അവസരങ്ങൾ കുറവായിരുന്നു.

സരസയ്ക്ക് 18 വയസ്സ് പ്രായമുള്ളപ്പോഴാണ് നാടകരചയിതാവായിരുന്ന സി  കൊമ്പിലാടും മറ്റു നാടകപ്രവർത്തകരും ബാലുശ്ശേരി ഗണേഷ് കലാസമിതിയുടെ "ഹിന്ദുസ്ഥാൻ ഹമാരാ ഹേ' എന്ന നാടകത്തിൽ അഭിനയിക്കാൻ സരസയെ വിടുമോ എന്ന് അവരുടെ അമ്മയോട് ചോദിച്ച് വീട്ടിൽ എത്തുന്നത്. 1965 കാലഘട്ടം. വീട്ടിൽ ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള സാഹചര്യമായിരുന്നു. നാടകത്തിൽ അഭിനയിക്കുവാൻ അമ്മയും അച്ഛനും തടസ്സമൊന്നും പറഞ്ഞില്ല. അങ്ങനെ ‘ഹിന്ദുസ്ഥാൻ ഹമാരാ ഹേ’ എന്ന നാടകത്തിൽ വേഷമിട്ടു. ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായി ഒട്ടേറെ വേദികളിൽ നാടകം കളിച്ചു. ആദ്യ നാടകത്തിൽ 15 രൂപയായിരുന്നു പ്രതിഫലം. സി എൽ ജോസിന്റെ നാടകങ്ങളാണ് പിന്നീട് ആ കാലഘട്ടങ്ങളിൽ കളിച്ചത്. തുടർന്ന് അമേച്വർ നാടക രംഗത്ത് സജീവമായി. നാടകത്തിലെ സഹനടനായി അഭിനയിച്ചിരുന്ന ശ്രീനിവാസൻ വേങ്ങേരിയുടെ ശ്രമഫലമായി കോഴിക്കോട്ടെ പ്രൊഫഷണൽ നാടകരംഗത്തേക്ക് സരസ ചുവടുമാറ്റി.

പരേതരായ ബാലുശ്ശേരി അനന്തോത്തുകണ്ടി അയ്യപ്പൻ ചെട്ട്യാരുടെയും, മാളു അമ്മയുടേയും പുത്രിയാണ് സരസ. സഹോദരങ്ങൾ: ചന്ദ്രൻ, ശശീന്ദ്രൻ, സുരേന്ദ്രൻ, രാജമ്മ. സഹോദരനോടൊപ്പം ബാലുശ്ശേരി തറവാട്ട് വീട്ടിലാണ് താമസം. നല്ലൊരു ഗായിക കൂടിയായ സരസ റസിഡൻസ് അസോസിയോഷൻ, ബാലുശ്ശേരി കൈരളി സ്വയം സഹായസംഘം തുടങ്ങിയ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ നാടകഗാനങ്ങളുംസിനിമാഗാനങ്ങളും ആലപിക്കുമായിരുന്നു.

1992 ലും 1994ലും നല്ല നടിക്കുള്ള സംസ്ഥാന നാടകപുരസ്ക്കാരം നേടിയിരുന്നു. കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്, നാന പുരസ്കാരം തുടങ്ങി നൂറു കണക്കിന് പുരസ്ക്കാരങ്ങൾ സരസയ്ക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ, ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ്, കോഴിക്കോട് സങ്കീർത്തന, വടകര വരദ, വടകര സഭ, അങ്കമാലി അഞ്ജലി തിയേറ്റേഴ്സ് തുടങ്ങിയ നാടക ട്രൂപ്പുകളിൽ ആയിരത്തിലധികം നാടകങ്ങളിൽ തിളങ്ങി. കെ ടി  മുഹമ്മദിന്റെ ‘പകിട പന്ത്രണ്ട്’ എന്ന നാടകത്തിലെ അഭിനയത്തിന് 1992 ൽ മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്ക്കാരം ലഭിച്ചിരുന്നു. കാൽമുട്ട് വേദനയും വയ്യായ്മയും കൊണ്ട് നാടകാഭിനയം നിർത്തി വീട്ടിൽ വിശ്രമജീവിതം തുടങ്ങിയതായിരുന്നു. പിന്നീട് 2018 ൽ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. 2018 ൽ ഡാകിനി എന്ന ചിത്രത്തിലും ഇവർ വേഷമിട്ടിരുന്നു. ഇപ്പോൾ പ്രമുഖ ചലച്ചിത്ര സംവിധായകരായ ജോഷിയും കമലും സംവിധാനം നിർവ്വഹിക്കുന്ന സിനിമകളിൽ അഭിനയിക്കുന്നു.


പ്രധാന വാർത്തകൾ
 Top