25 March Monday

വോളിബോള്‍ കോര്‍ട്ടിലെ ആ ഇടിമിന്നല്‍ ഇവിടെയുണ്ട്..

ജിജോ ജോര്‍ജ്Updated: Monday Jun 5, 2017

ഫോട്ടോ: കെ എസ് പ്രവീണ്‍ കുമാര്‍

മെക്സിക്കോ ലോകകപ്പില്‍ സാലി നയിച്ച ഇന്ത്യന്‍ ടീം 11-ാം സ്ഥാനത്ത് ആയിരുന്നു. ഇന്ത്യന്‍ വോളിബോളിന്റെ ചരിത്രത്തില്‍ വനിതാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. എതിരാളികളുടെ ബ്ളോക്കുകള്‍ തകര്‍ത്ത് ഇടിമുഴക്കംപോലെ വീണ സ്മാഷുകള്‍ ഇന്നും വോളിബോള്‍ ആരാധകരുടെ ഹൃദയത്തിലുണ്ട്

കോര്‍ട്ടില്‍ ഇടിമിന്നലായിരുന്നു സാലി. എതിരാളികളെ നിഷ്പ്രഭമാകുന്ന പ്രകടനം. കുറഞ്ഞകാലംകൊണ്ട് വോളിബോളില്‍ രാജ്യാന്തര രംഗത്ത് അസാമാന്യ പ്രകടനം നടത്തിയ സാലി ജോസഫിനെ വനിതകളിലെ ജിമ്മി ജോര്‍ജ് എന്നാണ് പലരും വിശേഷിപ്പിച്ചത്. അത്രയ്ക്ക് കരുത്തുറ്റതും അഴകാര്‍ന്നതുമായിരുന്നു കോര്‍ട്ടില്‍ ഈ അറ്റാക്കറുടെ പ്രകടനം. ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച വനിതാ വോളിതാരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സാലി ജോസഫ് ഇന്ന് തിരക്കുകളില്‍നിന്നൊഴിഞ്ഞ് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപമുള്ള ക്യൂന്‍സ് പാര്‍ക്ക് വില്ലയില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ്.

നീണ്ട 11 വര്‍ഷം വോളിബോള്‍ രംഗത്ത് സജീവമായിരുന്ന സാലി മൂന്ന് വര്‍ഷം ഇന്ത്യന്‍ നായികയുടെ കുപ്പായമണിഞ്ഞു. മെക്സിക്കോയില്‍ 1981ല്‍ നടന്ന വോളിബോള്‍ ലോകകപ്പില്‍ യുഎസ്എസ്ആര്‍ അടക്കമുള്ള കരുത്തുറ്റ ടീമുകളോട് ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സാലി ലോകശ്രദ്ധ പിടിച്ചുപറ്റി. അവരുടെ പ്രകടനത്തെപ്പറ്റി മെക്സിക്കന്‍ പത്രങ്ങള്‍ പ്രത്യേക വാര്‍ത്തകള്‍ നല്‍കി.

സാലി ജോസഫ് കോഴിക്കോട്ടെ വസതിയ്ക്കുമുന്നില്‍ ....ഫോട്ടോ: കെ എസ് പ്രവീണ്‍ കുമാര്‍

സാലി ജോസഫ് കോഴിക്കോട്ടെ വസതിയ്ക്കുമുന്നില്‍ ....ഫോട്ടോ: കെ എസ് പ്രവീണ്‍ കുമാര്‍

മെക്സിക്കോ ലോകകപ്പില്‍ സാലി നയിച്ച ഇന്ത്യന്‍ ടീം 11-ാം സ്ഥാനത്ത് ആയിരുന്നു. ഇന്ത്യന്‍ വോളിബോളിന്റെ ചരിത്രത്തില്‍ വനിതാ ടീമിന്റെ എറ്റവും മികച്ച പ്രകടനമാണിത്. എതിരാളികളുടെ ബ്ളോക്കുകള്‍ തകര്‍ത്ത് ഇടിമുഴക്കംപോലെ വീണ സ്മാഷുകള്‍ ഇന്നും വോളിബോള്‍ ആരാധകരുടെ ഹൃദയത്തിലുണ്ട്.

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് സമീപം കുപ്പായക്കോട് കരിന്തോളില്‍ ജോസഫ്-ത്രേസ്യക്കുട്ടി ദമ്പതികളുടെ മകളാണ്. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ പഠിക്കുന്നകാലത്ത് അത്ലറ്റിക്സിലായിരുന്നു ശ്രദ്ധ. സ്കൂളിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ നടത്തമായിരുന്നു ആദ്യ പരിശീലനം. ത്രോ, ജമ്പ് ഇനങ്ങളില്‍ ജില്ലാ-സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. സ്കൂളിലെ കായികാധ്യാപകരായ കെ എം മത്തായിയും റോസമ്മ ടീച്ചറുമായിരുന്നു ആദ്യകാലത്തെ പരിശീലകര്‍. പ്രീഡിഗ്രി പഠനത്തിനായി കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ ചേര്‍ന്നതോടെയാണ് വോളിബോളില്‍ സജീവമായത്.

എസ്എസ്എല്‍സി പഠനം കഴിഞ്ഞുനില്‍ക്കുന്ന അവധിക്കാലത്ത് കലിക്കറ്റ് സര്‍വകലാശാല നടത്തിയ വോളിബോള്‍ ക്യാമ്പാണ് വഴിത്തിരിവായത്. സാലിയുടെ കളിമികവ് മനസ്സിലാക്കിയ സര്‍വകലാശാലാ ടീമിന്റെ പരിശീലകനായ കെ അബ്ദുറഹ്മാന്‍ സാലിയെ പ്രൊവിഡന്‍സില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നീട് സര്‍വകലാശാലാ ടീമിന്റെ പരിശീലകനായിരുന്ന  അബ്ദുറഹ്മാന്‍ സാലിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. സാലി കളിക്കളത്തില്‍ പ്രകടനം നടത്തുമ്പോള്‍ കോര്‍ട്ടിന് പുറത്ത് അബ്ദുറഹ്മാന്‍ നടത്തുന്ന ശബ്ദഘോഷങ്ങളും ഭാവപ്രകടനങ്ങളും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.

സാലി ജോസഫ് രാഷ്ട്രപതി സെയില്‍ സിങ്ങില്‍ നിന്ന് അര്‍ജുന അവാര്‍ഡ് സ്വീകരിയ്ക്കുന്നു

സാലി ജോസഫ് രാഷ്ട്രപതി സെയില്‍ സിങ്ങില്‍ നിന്ന് അര്‍ജുന അവാര്‍ഡ് സ്വീകരിയ്ക്കുന്നു

1976-77ല്‍ വോളിബോള്‍ കളിക്കാന്‍ തുടങ്ങിയകാലത്തുതന്നെ ശ്രദ്ധേയ പ്രകടനമാണ് ഈ മലയോരപുത്രി കാഴ്ചവച്ചത്. വോളിബോള്‍ കളിക്കാന്‍  ഇന്ത്യയില്‍നിന്ന് ആദ്യമായി ഒരു വനിതാടീംവിദേശത്ത് പോയത് 1979ലാണ്. അന്ന് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു സാലി. 1979ല്‍ സാലി ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ഹോങ്കോങ്ങില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്തെത്തി.

സാലി ജോസഫ്: പഴയ ചിത്രം

സാലി ജോസഫ്: പഴയ ചിത്രം

അഞ്ച് അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പുകളില്‍ കലിക്കറ്റ് സര്‍വകലാശാലക്കായി കളിച്ചു. 1982ല്‍ കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസില്‍ത്തന്നെയാണ് അന്തര്‍ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഗുരുനാനാക്കിനെ കീഴടക്കി കലിക്കറ്റ് കീരിടം ചൂടിയപ്പോള്‍ കോര്‍ട്ടില്‍ ഇടിമുഴക്കംതീര്‍ത്തത് സാലിയെന്ന അറ്റാക്കറായിരുന്നു. പൊരുതിക്കളിച്ച ഗുരുനാനാക്ക് താരങ്ങളെ തകര്‍ത്തത് അഞ്ചടി ഏഴിഞ്ച് ഉയരമുള്ള സാലിയുടെ തകര്‍പ്പന്‍ ഷോട്ടുകളാണ്. കലിക്കറ്റിനുവേണ്ടി കപ്പ് എറ്റുവാങ്ങിയ ടീം നായിക ജെയ്സമ്മ മൂത്തേടന്‍ പറഞ്ഞത് 'സാലീ ഇത് നിനക്ക് മാത്രം അവകാശപ്പെട്ട കപ്പാണ്' എന്നാണ്. സാലിയും ജെയ്സമ്മയും ഗീത വളപ്പിലും അടങ്ങിയ അന്നത്തെ കലിക്കറ്റ് സര്‍വകലാശാലാ ടീം രാജ്യത്തെ എറ്റവും മികച്ച ടീമായിരുന്നു.

അക്കാലത്ത് ഡിസംബറോടെ ദേശീയ ചാമ്പ്യന്‍ഷിപ്പ് കഴിയും. പിന്നെ മഴക്കാലം വരുന്നതുവരെ (മെയ് അവസാനം വരെ) എല്ലാ ദിവസവും എന്തെങ്കിലും കളിയുണ്ടാകുമായിരുന്നുവെന്ന് സാലി ഓര്‍ക്കുന്നു. 'ഇപ്പോള്‍ ടൂര്‍ണമെന്റുകളുടെ എണ്ണം കുറഞ്ഞു. പഴയപോലെ കളിക്ക് സ്പിരിറ്റുമില്ല.  പക്ഷേ കളിയുടെ വേഗം വര്‍ധിച്ചിട്ടുണ്ട്, കേരളത്തില്‍നിന്ന് ഒരുപാട് കുട്ടികളുണ്ട്. ജെയസ്മ്മയുടെ നേതൃത്വത്തില്‍ കെഎസ്ഇബി പുതിയ പെണ്‍കുട്ടികളെ കണ്ടെത്തി, വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്'.

ജിവി രാജ അവാര്‍ഡും 1984ല്‍ അര്‍ജുന അവാര്‍ഡും സാലിയെ തേടിയെത്തി. ഇതിനിടെ മധുര കോട്സില്‍ ജോലികിട്ടി. പിന്നീട് സിന്‍ഡിക്കറ്റ് ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. 1987ല്‍ കളി നിര്‍ത്തി. ബാങ്കില്‍നിന്ന് സ്വയം വിരമിച്ച സാലി ജോസഫ് ഇപ്പോള്‍ ബിസിനസ് കാര്യങ്ങളില്‍ ഭര്‍ത്താവ് ജോര്‍ജ് അക്കരപ്പറ്റിയെ സഹായിക്കുകയാണ്. വോളിബോളില്‍ അടുത്തകാലത്ത് നടന്ന വിവാദങ്ങളോ ഇപ്പോഴത്തെ അസോസിയേഷന്‍ തെരഞ്ഞെടുപ്പുകളോ ഒന്നും അവരെ ബാധിക്കുന്നില്ല. എന്നാല്‍ വോളിബോളിനെ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുകയും പഴയ കൂട്ടുകാരുമായുള്ള സൌഹൃദം നിലനിര്‍ത്തുന്നുമുണ്ട്.

പ്രധാന വാർത്തകൾ
 Top