സൈബർ ലോകത്ത് സ്‌ത്രീസമത്വത്തിന്റെ പുത്തൻലോകം തീർക്കുകയാണ് ‘ക്യൂൻസ് ബിസിനസ് ഗ്ലോബൽ’ എന്ന സ്‌ത്രീസംരംഭ കൂട്ടായ്‌മ. ‘വീട്ടിൽനിന്നൊരു സംരംഭക’ എന്നതാണ് ഈവർഷത്തെ ആശയം. ലോകത്തിന്റെ പല ഭാഗത്തുള്ള മലയാളി സ്ത്‌രീസംരംഭകരുടെ ഓൺലൈൻ കൂട്ടായ്‌മയാണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ. കൊടുങ്ങല്ലൂർ സ്വദേശിയായ സന്ധ്യ രാധാകൃഷ്‌ണനാണ് സാരഥി. എംബിഎ യോഗ്യതയുള്ള സന്ധ്യ എച്ച്‌ആർ ജോലി മതിയാക്കി കോവിഡ് കാലത്ത് വീട്ടിലേക്ക് ചുരുങ്ങിയപ്പോൾ യു ട്യൂബിൽനിന്നാണ് എംബ്രോയിഡറി പഠനം ആരംഭിച്ചത്. സ്വന്തം പരീക്ഷണങ്ങൾ ഫെയ്‌സ് ബുക്കിൽ അപ്‌ലോഡ് ചെയ്‌ത്, അത്യാവശ്യം റീച്ച് കിട്ടിയപ്പോഴാണ് സ്വന്തമായി ‘സാന്റീസ് ക്രാഫ്‌റ്റ് വേൾഡ്’ എന്ന വെർച്വൽ സ്ഥാപനം ആരംഭിച്ചത്.
ഫെയ്‌സ്‌ബുക്കിലൂടെയും യു ട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരവധി ഉപയോക്താക്കൾ എത്താൻ തുടങ്ങിയതോടെ ആത്മവിശ്വാസം വർധിച്ചു. മറ്റ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ആളുകൾ സന്ധ്യയുടെ ഉപദേശം തേടി. തനിക്ക് ലഭിക്കുന്ന വരവേൽപ്പ് മറ്റു സ്‌ത്രീസംരംഭകരിലേക്കും വ്യാപിപ്പിക്കാനുള്ള ആശയമാണ് ക്യൂൻസ് ബിസിനസ് ഗ്ലോബൽ എന്ന കൂട്ടയ്‌മയിലേക്ക് എത്തിച്ചത്. ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളും സംരംഭകരുമായ ബ്ലസീന രാജേഷ്, രേണു ഷേണായി, ശിൽപ്പ സുനിൽ, വിദ്യ മോഹൻ എന്നിവരും ഒപ്പംചേരാൻ മനസ്സ് കാണിച്ചതോടെ കൂട്ടായ്‌മ യാഥാർഥ്യമായി. കോവിഡ് കാലത്ത് സ്വന്തമായി ജീവിതമാർഗം കണ്ടെത്തിയ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള നിരവധി സ്‌ത്രീകൾ കൂട്ടായ്‌മയിലുണ്ട്. കേക്ക് നിർമാണംമുതൽ തലമുടിക്കു വേണ്ട എണ്ണ ഉൽപ്പാദിപ്പിക്കുന്നവർ, നൂലിൽ ചിത്രം വരയ്‌ക്കുന്നവർ, കുപ്പിയിൽ ലോകം തീർക്കുന്നവർ, റെസ്യുമെ മേക്ക്‌ഓവർ ചെയ്യുന്നവർവരെയുള്ള ഒരു ‘ചെറിയ’ ‘വലിയ ലോക’മാണ് ഇന്ന് ക്യൂൻസ് ബിസിനസ് ഗ്ലോബൽ.
ഇതുവരെ കൂട്ടായ്‌മയിൽ 437 സംരംഭകർ അംഗങ്ങളായി. 12,000 അധികം ഉപയോക്താക്കൾ. ഉൽപ്പാദകരും റീസെല്ലേഴ്‌സും എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സേവനം . ഉൽപ്പാദകർക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും റിസെല്ലേഴ്‌സിന് തിങ്കൾ, ബുധൻ ദിവസങ്ങളിലും ഉൽപ്പന്നങ്ങളുടെ പോസ്റ്റുകളും വിശദാംശങ്ങളും നൽകാം. ശനിയാഴ്‌ച ഇരുകൂട്ടർക്കും ഒരുപോലെ വിൽപ്പന മെസേജുകൾ നൽകാം. ഞായറാഴ്‌ച വർക്ക് ഷോപ്പുകൾക്കും സെമിനാറുകൾക്കുമുള്ള ദിവസമാണ്.
ഏതാനും ദിവസംമുമ്പ് കൂട്ടായ്‌മയുടെ ആദ്യ കോൺക്ലേവ് വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്‌തു. സർക്കാർ ലക്ഷ്യംവയ്‌ക്കുന്ന ഒരു ലക്ഷം സംരംഭകരെന്ന ആശയത്തിലേക്ക് നടന്നടുക്കാൻ ഇത്തരം കൂട്ടയ്‌മകൾ സഹായകമാണെന്ന മന്ത്രിയുടെ വാക്കുകളിലെ ഊർജം കൂട്ടായ്‌മയ്‌ക്ക് പുതിയ മുഖം നൽകുമെന്ന പ്രതീക്ഷയിലാണ് സന്ധ്യയും കൂട്ടുകാരികളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..