സംഗീതത്തിനായി ജീവിതം സമർപ്പിച്ച കലാകാരിയാണ് പന്തളം ശുഭ രഘുനാഥ്. നാല് പതിറ്റാണ്ടോളം നീണ്ട തന്റെ സംഗീത ജീവിതത്തിനിടയിൽ ഈ ഗായിക പൊരുതി നേടിയതാണ് ഇതൊക്കെ. പ്രൊഫഷണൽ നാടക സംഗീത രംഗത്ത് സമാനതകളില്ലാത്ത നേട്ടം. പാടി തീർത്ത പാട്ടുകളാവട്ടെ എണ്ണമറ്റതും.

വിദ്യാധരൻ മാഷിനും അഞ്ചൽ ഉദയകുമാറിനുമൊപ്പം ശുഭ
കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടക മത്സരത്തിൽ തുടർച്ചയായി രണ്ടു വർഷം മികച്ച ഗായികയ്ക്കുള്ള അവാർഡു ലഭിച്ചതുൾപ്പടെ മൂന്നു തവണ അക്കാദമി അവാർഡും നേടി. പന്തളത്തെ ദളിത് കുടുംബത്തിൽ ജനിച്ച ശുഭയ്ക്ക് കുട്ടിക്കാലത്ത് മുതലുണ്ടായിരുന്നു സംഗീത വാസന. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. വെൺമണി സുകുമാരനായിരുന്നു ആദ്യ ഗുരു.
ഹൈസ്കൂളിൽ പഠിക്കുമ്പോൾ സംഗീത മത്സരങ്ങളിലൂടെ ജില്ലാ കലാ തിലകമായി. 1989 ൽ നൃത്ത സംഗീത നാടകത്തിനായി റെക്കോഡിംഗ് സ്റ്റുഡിയോയിൽ പിന്നണി ഗായികയായി പാടിയായിരുന്നു തുടക്കം.1994 ൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസായി. സംഗീത കോളേജിലും കലാതിലകമായിരുന്നു ശുഭ.1997 മുതൽ ഗാനമേളകളിൽ പാടാൻ തുടങ്ങി. പന്തളം ബാലനൊപ്പമായിരുന്നു തുടക്കം. പിന്നീട് പത്ത് വർഷം പത്തനംതിട്ട സാരംഗിൽ. കഴിഞ്ഞ 25 വർഷമായി പ്രൊഫഷണൽ നാടക ഗാന രംഗത്ത് സജീവ സാന്നിദ്ധ്യമായി പിന്നണി ഗായികയായി പ്രവർത്തിക്കുന്നു. കൈപ്പട്ടൂർ അച്ചുതൻ, കുമരകം രാജപ്പൻ, വൈപ്പിൻ സുരേന്ദ്രൻ, ആലപ്പി വിവേകാനന്ദൻ, അഞ്ചൽ വേണു, ബിജു അനന്തകൃഷ്ണൻ, കരുനാഗപ്പള്ളി ബാലമുരളി, അഞ്ചൽ ഉദയകുമാർ തുടങ്ങി ഒട്ടേറെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.അഞ്ചൽ ഉദയകുമാറിനൊപ്പമാണ് കൂടുതലും പ്രവർത്തിച്ചത്.
2010 ൽ കാളിദാസ കലാകേന്ദ്രത്തിന്റെ രമണൻ എന്ന നാടകത്തിലെ ' കാനന ഛായയിൽ ആടുമേയ്ക്കാൻ....’ കൂടാതെ ചങ്ങമ്പുഴ കവിതകൾ തുടങ്ങിയ ഗാനങ്ങൾക്കാണ് ആദ്യ അക്കാദമി അവാർഡ് ലഭിക്കുന്നത്. തുടർന്ന് 2016 ലും 2017 ലും തുടർച്ചയായി അക്കാദമി അവാർഡ് ശുഭയെ തേടിയെത്തി. 2016ൽ കോഴിക്കോട് രംഗഭാഷയുടെ ‘കുടുംബനാഥന്റെ ശ്രദ്ധയ്ക്ക് ’ എന്ന നാടകത്തിലെ താരാട്ടുപാട്ട് ഏറെ ശ്രദ്ധേയമായി. കഴിഞ്ഞ വർഷം കാളിദാസ കലാകേന്ദ്രത്തിന്റെ 'എന്തിനീ ചിലങ്കകൾ ', 'സമയമായില്ലാ പോലും ' എന്നീ ഗാനങ്ങളും ഓച്ചിറ സരിഗയുടെ രാമേട്ടൻ നാടകത്തിലെ ' കൊണ്ടുവന്നു നിനക്ക് തരുവാൻ രണ്ടു മധുരമിഠായികൾ’എന്നീ ഗാനങ്ങളാണ് അവാർഡിന് അർഹയാക്കിയത്. സ്ത്രീജന്മം, സ്വാമി അയ്യപ്പൻ തുടങ്ങി ഒട്ടേറെ പ്രമുഖ സീരിയലുകളുടെയും ടൈറ്റിൽ സോംഗുകളിലൂടെയും ശുഭ പ്രേക്ഷകർക്ക് പ്രിയങ്കരിയായി. കെ എസ് ചിത്ര ,അരുന്ധതി, കല്ലറ ഗോപൻ, ശ്രീറാം, കാവാലം ശ്രീകുമാർ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പവും ശുഭ വേദികൾ പങ്കിട്ടു. വെഞ്ഞാറമ്മൂട് രാമചന്ദ്രൻ അവാർഡ് തുടർച്ചയായി രണ്ടു വർഷവും നേടാനായി. മറ്റു നിരവധി പുരസ്‌കാരങ്ങളും ശുഭയെ തേടിയെത്തി. പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ സംഗീതത്തിൽ വസന്തത്തിന്റെ കനൽവഴികൾ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ആളുമഗ്നിനാളമാണ് ചെങ്കൊടി ' എന്ന വിപ്ലവഗാനവും ശ്രദ്ധേയമായി.

പന്തളം ശുഭ ഭർത്താവ് രഘുനാഥിനും മകൻ ദേവദർശനുമൊപ്പം
ഭർത്താവ് രഘുനാഥിനൊപ്പം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലാണ് ഇപ്പോൾ താമസം. ഒൻപതാം ക്ലാസുകാരനായ മകൻ ദേവദർശനും ഇതിനകം ഗായകനായി ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. നിരവധി നാടകങ്ങളിലും പാടി.പരേതനായ രാഘവന്റെയും കൊച്ചു നാണിയുടെയും മകളായ ശുഭയ്ക്ക് അമ്മയിൽ നിന്നാണ് സംഗീതം പകർന്നു കിട്ടിയത്. സഹോദരങ്ങളായ സോമരാജൻ കീബോർഡിസ്റ്റായും പുഷ്പരാജൻ തബലിസ്റ്റായും സംഗീത രംഗത്തുണ്ട്.
സംഗീതത്തോടുള്ള അഭിനിവേശമാണ് ശുഭ എന്ന ഗായികയെ ശ്രദ്ധേയ ആക്കുന്നത്. സംഗീത രംഗത്ത് നിരവധി ശിഷ്യ ഗണങ്ങളുള്ള ഈ പാട്ടുകാരി ഇപ്പോഴും പന്തളം ജി പ്രദീപ് കുമാറിന്റെ കീഴിൽ സംഗീതത്തിൽ ഉപരിപഠനവും തുടരുന്നു. ഹംസധ്വനി സ്കൂൾ ഓഫ് മ്യൂസിക് എന്ന പേരിൽ സംഗീത സ്കൂളും എവർഗ്രീൻ മെലഡീസ് എന്ന പേരിൽ സ്വന്തം കലാ ട്രൂപ്പും തുടങ്ങിയിട്ടുണ്ട്.
അർഹിക്കുന്ന അംഗീകാരം ഈ കലാകാരിക്ക് ഇനിയും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയാവുമ്പോഴും ആരോടും പരിഭവമില്ലാതെ തന്റെ സംഗീത ജീവിത സപര്യ തുടരുകയാണ് ഈ കലാകാരി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..