കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് സെലീനാമ്മ എന്ന എന്റെ മമ്മി ഭാരതപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഒരുദിവസം രാവിലെ ഞങ്ങൾ കുറച്ചുപേർ യാത്രപോവുന്നു എന്ന് പറഞ്ഞപ്പോൾ വേണോങ്കിൽ ഒന്ന് ജെറുസലേം വരെയൊക്കെ പോയി വരാനുള്ള പ്ലാനാണെന്നാ കരുതീത്. അതിനപ്പുറം ഇന്ത്യക്കാരായിരുന്നിട്ടു ഇന്ത്യ കാണാണ്ട് ജീവിക്കുന്നതിൽ എന്തർഥം എന്നൊക്കെ ചോദിച്ചപ്പോൾ ഞങ്ങൾ മക്കളുടെ കണ്ണ് കുറച്ചൊന്നുമല്ല മിഴിച്ചുനിന്നത്.
ഞങ്ങൾ മക്കൾ ഒപ്പമില്ലാതെ യാത്ര ചെയ്യുവോ എന്ന ചോദ്യത്തെ 'നിങ്ങള് കൂടെ ഇരുന്നിട്ടാണോ ഞാൻ വീട്ടിൽ താമസിക്കുന്നത് 'എന്ന മറുചോദ്യം കൊണ്ട് മമ്മി ഫ്യൂസാക്കി. കൂടെ പോകുന്നവരുടെ വിശേഷങ്ങളും കൊണ്ടുപോകാനുള്ള അച്ചാറിന്റെ കണക്കും ഇടാനുള്ള കുപ്പായങ്ങളുടെ എണ്ണവുമൊക്കെ പറഞ്ഞ് പറഞ്ഞ് ഒരു പുലർച്ചയ്ക്കു മമ്മി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭാരതപര്യടനം തുടങ്ങി
ഏതായാലും വാട്സ്ആപ്പ് ഉള്ളത് കൊണ്ട് ദിവസോം രാവിലെ വിശേഷങ്ങൾ അറിയാൻ ബുദ്ധിമുട്ടിയില്ല; അത്രേം ആശ്വാസം. പതിനഞ്ച് ദിവസത്തിനു ശേഷം നാട്ടിലെത്തിയ മമ്മി നാളെയോ മറ്റോ ഇതുപോലൊരു ധീരമായ കാൽവയ്പ് നടത്തുകയാണെങ്കിൽ അറിയേണ്ട ചില അത്യാവശ്യവിജ്ഞാനങ്ങൾ കൂടി പങ്കുവച്ചു
എവിടെപ്പോവുന്നതിനു മുമ്പും അവിടുത്തെ സെയിൽസ്, ഡിസ്‌കൗണ്ട്‌മേള ഇവയൊക്കെ ഏതൊക്കെ കടയിലാണെന്നറിയാൻ ഗൂഗിൾ സഹായമഭ്യർഥിക്കുക, ഏജന്റ്സ് കൊണ്ടുനിർത്തുന്ന കടകളിൽ സാധനങ്ങൾക്ക് മുടിഞ്ഞ വിലയായിരിക്കും.
കണ്ണ് തുറക്കുന്നത് രാവിലെ മൂന്ന് മണിക്കാണെങ്കിലും നേരെ ജനാലയ്ക്കരികിൽ ഇരുന്ന് പുറംകാഴ്ചകൾ കാണുക, ഏറ്റവും സുന്ദരമായ കാഴ്ചകൾ മഞ്ഞും മരങ്ങളും പുലർകാലവും ഒത്തു ചേരുമ്പോഴാണ്.
അച്ചാറിടുമ്പോൾ അധികം വിനാഗിരി ചേർക്കേണ്ട, പെട്ടെന്ന് ലീക് ആകും.
തെരുവുകളിലെ ആദ്യത്തെ കടയിൽ നിന്നും ഒരിയ്ക്കലും സാധനങ്ങൾ വാങ്ങരുത്.
സുവർണ ക്ഷേത്രത്തിൽ പ്രാർഥിക്കുമ്പോൾ 'മാജി'എന്നും പറഞ്ഞ് ആരേലും മുന്നിൽവന്നു കൈകൂപ്പിയാൽ അതിനർഥം തലയിൽ നിന്നും ദുപ്പട്ട താഴെവീണു എന്നാണ്.
ഏത് വണ്ടിക്കുള്ളിലെ യാത്രയാണെങ്കിലും ഇഷ്ടംപോലെ വെള്ളം കുടിക്കുക, സൺ ബ്ലോക്ക് ക്രീം തേയ്ക്കുക
നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ? മെസേജ് സ്ഥിരമായി അയക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടുതൽ മൈൻഡ് ചെയ്യാതിരിക്കുക.
എത്ര ബുദ്ധിമുട്ടിയാലും രാവിലത്തെ എക്സർസൈസ് ഒഴിവാക്കാതിരിക്കുക, കഴിയുന്നത്ര നടക്കുക.
അടപ്പുള്ള ചായക്കപ്പ് കൊണ്ടുപോവുക, തുറന്ന ഗ്ലാസിൽ കുടിയ്ക്കുന്നത് റിസ്ക് ആണ്.
ഇന്ത്യൻ റെയിൽവേ മുത്താണ്, ആരേലും മരിച്ചാൽ പോലും എന്നാ പെട്ടെന്നാ മക്കളെ വിളിച്ചുവരുത്തുന്നത്?
ആ പത്താമത്തെ പോയിന്റിൽ ഞാനൊന്ന് ഇടപെട്ടു, "അതെങ്ങനെയാ മമ്മിക്ക് മനസ്സിലായത്? "പാലായിൽ നിന്നും കൊണ്ടുവന്ന ഏത്തപ്പഴവും നാരങ്ങയും ഡൈനിങ് ടേബിളിൽ വച്ച് മമ്മി തിരിഞ്ഞു നിന്നു
"ആ, കൂടെ വന്ന രണ്ട് പേര് മരിച്ചാരുന്നെ, എല്ലാം എന്നാ ഫാസ്റ്റ് ആരുന്നെന്നറിയാവോ? നമ്മടെ സർക്കാർ സംവിധാനമൊക്കെ ഇത്രേം അഡ്വാൻസ്ഡ് ആണെന്ന് ഇപ്പളാ മനസ്സിലായെ 'കയ്യിലിരുന്ന കുമ്പിളപ്പം പകുതി വിഴുങ്ങിയ ഞാൻ, "ഉയ്യോ, ഇതെന്നതാ ഈപ്പറയുന്നത് ? എങ്ങനെ മരിച്ചെന്നാ?
"ഒരാള് സമയത്ത് മരുന്ന് കഴിക്കാത്തോണ്ടു മരിച്ചു, പിന്നൊരാള് സൂര്യാഘാതമേറ്റ് മരിച്ചു. വേറൊരു ഗ്രൂപ്പിൽ പെട്ടവരായിരുന്നു."
എന്തൊരു കൂളായിട്ടാ മറുപടി? രണ്ട് പേര് മരിച്ചത് കണ്ടിട്ട് ഇവരിൽ ആർക്കും പേടി ആയില്ലേ? അല്ലേലും ഇത്രോം ദിവസത്തെ യാത്രയ്‌ക്കൊക്കെ പോകേണ്ട കാര്യമുണ്ടോ? (ചോദ്യങ്ങളൊക്കെ എന്റെ ഉള്ളിൽ മാത്രമായിരുന്നു, നേരെ നോക്കി വഴക്കിടാനുള്ള ധൈര്യമില്ല, കെട്ടി രണ്ട് മക്കളുള്ളതാണെന്ന അഹങ്കാരമൊന്നും അവിടെ ഏൽക്കില്ല. ആയതിനാൽ മുന്നിലിരുന്ന വാഴയ്ക്ക ചിപ്സിനോട് സർവവിധ ദേഷ്യവും തീർത്തു, അല്ലാ, അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...
"പിന്നേ, മനുഷ്യരൊക്കെ സമയമാവുമ്പോൾ മരിക്കും, അതിപ്പോ കേരളവായാലും പഞ്ചാബായാലും പോകേണ്ട സമയം കറക്ട് ആണ്, വെറുതെ ആ പേരും പറഞ്ഞ് അത് മുഴുവനും തിന്നുതീർക്കണ്ട, കൊറച്ചു പിള്ളേർക്ക് കൊണ്ടോയി കൊടുക്കണം"മമ്മി റോക്ക്സ് !
ഹാ ഒരു കഷ്ണം ചിപ്സ് പിന്നെ കിട്ടീട്ടില്ല, കുറച്ച് നേരം ഫോണും പിടിച്ചു മുറീലിരുന്ന ആള് ഇപ്പോ ഒരു സംശയം ചോദിച്ചോണ്ടു വന്നിട്ടുണ്ട്,
"എടി, ഇപ്പോ ഈ മണാലീലൊക്കെ നല്ല തണുപ്പായിരിക്കുവോ? "
ഞാൻ രൂക്ഷസ്വരത്തിൽ, "പിന്നല്ലാതെ, സ്വെറ്റർ ഇടാണ്ട് ഇറങ്ങാൻ പറ്റുവേല... "
ഫോൺ വീണ്ടും ചെവിയോട് ചേർത്തൊരാൾ, "ലിസാമ്മേ, നല്ല തണുപ്പാണെന്ന്, നന്നായി, കഴിഞ്ഞ തവണത്തെപ്പോലെ ചൂടുകുരു വരുമെന്ന് പേടിക്കണ്ട, അല്ലെ? "
പ്ലിങ്ങോപ്ലിങ്ങോപ്ലിങ്ങോജി തത്തേ, തത്തമ്മേ, തത്തക്കുട്ടീ...

സെലീനാമ്മയും സംഘവും യാത്രയ്‌ക്കിടയിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..