20 September Friday

വനിതാ ഡ്രൈവർമാർക്ക്‌ ഇതൊരു ‘ബ്രേക്ക്‌’

വി കെ അനുശ്രീUpdated: Sunday Aug 25, 2019

ജെയ്‌സി


വനിതകൾ ഓട്ടോറിക്ഷ മുതൽ ഭാരവാഹനങ്ങൾ വരെ ഓടിയ്‌ക്കുന്നുണ്ടെങ്കിലും വളയിട്ട കൈകൾ വളയം പിടിച്ചു എന്നൊക്കെയുള്ള അലങ്കാരവാക്കുകളിൽ ഒതുങ്ങുകയായിരുന്നു അവരുടെ നേട്ടം. എന്നാൽ സർക്കാർ സർവീസിൽ വനിതാ ഡ്രൈവർമാരെ നിയമിക്കാനുള്ള  സംസ്ഥാന സർക്കാർ തീരുമാനം വന്നതോടെ തങ്ങൾ ഈ മേഖലയിൽ സമത്വം നേടിയെന്ന വികാരം പങ്കുവെക്കുകയാണ്‌ വാഹനമോടിച്ച്‌ കുടുംബം പുലർത്തുന്ന  വനിതാഡ്രൈവർമാർ.

സ്ത്രീ ഡ്രൈവർമാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന്‌ മാറ്റം വരുത്താൻ സർക്കാർ തീരുമാനം കാരണമാകുമെന്ന് സംസ്ഥാനത്തെ ആദ്യ ഷീ ടാക്സി ഡ്രൈവർ ജെയ്‌സി രമേശ്‌ പറയുന്നു. വെറുംവാക്കിൽ ഒതുക്കാതെ, ലിഗസമത്വം ഉറപ്പാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച്‌ പ്രാവർത്തികമാക്കുകയാണ്‌ സർക്കാരെന്നാണ്‌ അമ്പത്തിരണ്ടുകാരിയായ ജെയ്സിയുടെ അഭിപ്രായം..

വി പി ഷീല

വി പി ഷീല

വർക്കല സ്വദേശിയായ ജെയ്‌സി 23 വർഷമായി വാഹനം ഓടിക്കുന്നു. ചെന്നൈയിൽ ‘പ്രീമിയർ പത്മിനി’യിലാണ്‌ തുടക്കം. നാട്ടിൽ തിരിച്ചെത്തിയ ശേഷവും ഡ്രൈവിങ്ങിന്‌ ബ്രേക്കിട്ടില്ല.  ഇന്ന്‌ വനിതാ ഡ്രൈവർമാർ ധാരാളമുണ്ട്‌. ഡ്രൈവിങ്‌ തൊഴിലായി സ്വീകരിക്കുന്നവർ വിരളം. പുരുഷന്മാരുടെ തൊഴിൽ എന്ന ലേബൽതന്നെ കാരണം. സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ അളവിൽ തിരുത്തൽ വരുത്താൻ സർക്കാർ തീരുമാനം സഹായകമാകുമെന്നും ജെയ്‌സി പറയുന്നു.

ബസ്സുകളിൽ വനിതാ ഡ്രൈവർമാരുടെ സാന്നിധ്യം സ്ത്രീകൾക്കും കുട്ടികൾക്കും ധൈര്യം നൽകുമെന്ന്‌ തിരുവനന്തപുരത്ത്‌ കെഎസ്‌ആർടിസി ഡ്രൈവ‌റായ  വി പി ഷീല പറഞ്ഞു. സ്ത്രീകൾ കരുതലോടെയാണ്‌ വണ്ടിയോടിക്കുന്നത്‌. സ്ത്രീകൾക്ക്‌ യാത്രയിൽ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളേക്കുറിച്ച്‌ പരാതിപ്പെടാനും പ്രതികരിക്കാനും വനിതാ ജീവനക്കാരുടെ സാന്നിധ്യം ‌ആത്മവിശ്വാസം പകരുന്നതായും അനുഭവങ്ങളുണ്ട്‌. കുഞ്ഞുന്നാൾ മുതലുള്ള ആഗ്രഹമാണ്‌ ഡ്രൈവറാകണമെന്നത്‌. എതിർപ്പുകൾ ഭയന്ന്‌ ഡ്രൈവിങ്‌ മോഹം ഉള്ളിലൊതുക്കുന്ന നിരവധി യുവതികൾക്ക്‌ സർക്കാർ തീരുമാനം ആശ്വാസമേകുമെന്നും അവർ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top