13 August Thursday

ഷഹല ഷെറിന്‍ എന്ന തീരാനൊമ്പരം... സുജ സൂസൻ ജോർജ്‌ എഴുതുന്നു

സുജ സൂസൻ ജോർജ്‌Updated: Sunday Nov 24, 2019

കേരളം ഇക്കാര്യത്തിൽ കത്തിജ്വലിച്ചു. സ്വഭാവികമായി സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധമായി ഷഹലയുടെ മരണം മാറി. ഒപ്പം പൊതുവിദ്യാഭ്യാസരംഗത്ത് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ആധുനികവും ക്രിയാത്മകവും ഇടപെടലുകളെയും വലിയ ഉണർവുകളെയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച്‌ നടക്കുന്നു. കേരളത്തിലെ അധ്യാപകരെല്ലാം പൊടുന്നനെ മനുഷ്യപ്പറ്റില്ലാത്ത ഷൈലോക്കുമാരായി.

ഒരു പ്രശ്നം ഉണ്ടാകുമ്പോഴെങ്കിലും സിസ്റ്റത്തിന്റെ വീഴ്ചകൾ പരിശോധിക്കാനുള്ള അവസരമായി ജനാധിപത്യം മാറുന്നു എന്നത് നല്ല കാര്യമാണ്. പക്ഷേ ഈ പരിശോധന വിദ്യാഭ്യാസരംഗത്തെ നല്ല കുതിപ്പുകളെ മൂടോടെ പറിച്ചുകളയാൻ തക്കം പാർത്തിരിക്കുന്ന സ്വകാര്യലോബിക്ക് അടിയറവ് പറയാനുള്ള മണ്ണൊരുക്കമാകരുത്.
 
റോഡിൽ രക്തംവാർന്ന്‌ കിടക്കുന്നവരെ തിരിഞ്ഞുനോക്കാതെ പോകുന്നവരും അന്ധവിശ്വാസികളും യുക്തിരഹിതമായ സങ്കല്പങ്ങളിൽ അഭിരമിക്കുന്നവരും തൻനോക്കികളും പലതരം ദുരകളാൽ മനുഷ്യത്വം പേരിനുപോലും പ്രവർത്തിയിലില്ലാത്തവരും ലിംഗനീതിയിലോ സാമൂഹ്യനീതിയിലോ അല്പം പോലും മനോപരിഷ്ക്കാരമില്ലാത്തവരും അപരത്വത്തെ നിരന്തരം സൃഷ്ടിക്കുന്നവരും അതിനെ ബഹുമാനിക്കാത്തവരുമായ പൊതുമലയാളി സ്വഭാവത്തിൽപ്പെടുന്നവർ തന്നെയാണ് അധ്യാപകരും.

 ഇതിനെ പലപ്പോഴും മറികടന്ന്‌ പോകുന്നത് ചിലരെങ്കിലും ഈ പൊതുസ്വഭാവത്തെ ശക്തമായി ഭേദിച്ച് മുന്നോട്ടുപോകാൻ കെല്പുള്ളവരായി അതാതിടങ്ങളിൽ ഉണ്ടാകാറുള്ളതുകൊണ്ടാണ്. ഷഹലയുടെ സ്കൂളിൽ ആ ഗണത്തിൽ പെടുത്താവുന്ന ഒരാളെങ്കിലും ഇല്ലാതെപോയി എന്നത് അപകടകരമായി കേരളസമൂഹത്തെ ഗ്രസിക്കുന്ന സ്വാർഥതയുടെ പ്രതിഫലനം കൂടിയായി കണക്കാക്കണം.

 ഒരു കുഞ്ഞു ജീവന്റെ കാര്യത്തിലായിട്ടുപോലും ആ സ്വാർഥനിസംഗതയെ ഭേദിക്കുന്ന ഒരു ജീവചൈതന്യം പോലും സ്കൂളിലോ ആശുപത്രിയിലോ പ്രവർത്തിച്ചില്ല. വിദ്യാഭ്യാസവും ആരോഗ്യവും കേരളത്തിന്റെ അഭിമാനകരമായ സേവനരംഗങ്ങൾ ആയിട്ടുകൂടി അങ്ങനെ സംഭവിച്ചു. സാംസ്‌കാരിക സൂക്ഷ്മതലങ്ങളിൽ ബോധപൂർവം ഉണ്ടാക്കിയെടുക്കേണ്ട വലിയ ' നവോത്ഥാന'ത്തിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്. ഒരു ജീവൻ രക്ഷിക്കാനാണെങ്കിൽ കൂടി അല്പം പോലും അപരത്വത്തെ ഉള്ളിൽ പേറാൻ കഴിവില്ലാത്ത ഞാനും കൂടി ഉൾക്കൊള്ളുന്ന ഈ ചൈതന്യരഹിതമായ സമൂഹമെന്ന ഈ പ്രതി വലിയ ചികിത്സ ആവശ്യപ്പെടുന്നു.
ഷഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി പൊന്നോമന ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് ചികിത്സ ലഭിക്കാതെ മരിച്ചതിന് ആരാണ് ഉത്തരവാദി? ആരൊക്കെയാണ് ഉത്തരവാദികൾ? 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top