22 September Sunday

നിറമണിയും കാഴ്‌ചകൾ

ജോബി ജോർജ്‌Updated: Tuesday May 21, 2019


‘ബാൽക്കണി’ ഫ്‌ളാറ്റിനുള്ളിൽ തളച്ചിടുന്ന വീട്ടമ്മമാരുടെ പുറംലോകത്തേക്കുള്ള വാതായനങ്ങളാണ്‌. ചുട്ടുപൊളളുന്ന പെൺമനങ്ങൾക്ക്‌ ചിലപ്പോൾ പെയ്യുന്ന  മഴയുടെ ആശ്വാസവുമാകാം ബാൽക്കണികാഴ്‌ചകൾ.  ‘‘മനമേ മോഹച്ചിറകില്‍ മെല്ലെ പറന്ന് പറന്ന് ഉയര്‍ന്ന്  ചേക്കേറാം, .... പതിയെ പായും കാറ്റില്‍ മെല്ലെ തന്നെ മറന്ന് മറന്ന് കിനാവിലേറണ്ടേ ''പുതു പുലരൊളിവഴിയരികെ ചെറു പൂവുകള്‍ നിറമണിയും .. എന്ന പാട്ടിലൂടെയാണ്‌ നായികയായ ഷെറിന്റെ  കഷ്ടപ്പാടും ആകുലതയും പ്രണയവുമൊക്കെ ഇവിടെ ഇതൾ വിരിയുന്നത്‌.  കോളേജ്‌ വിദ്യാർഥിനിയായ നടി  ഭാമ അരുണിനും ഗൾഫിൽ ജോലിയ്‌ക്കിടെ  നൃത്തത്തിനും അഭിനയത്തിനും സമയം കണ്ടെത്താൻ കേരളത്തിലേക്കോടിയെത്തുന്ന നടി ഇന്ദുവിനും വെല്ലുവിളി നിറഞ്ഞ  കഥാപാത്രങ്ങളാണ്‌ ബാൽക്കണിയിലൂടെ ലഭിച്ചത്‌.  ബിനോട്ട്‌ റിയോ മാർഷൽ അക്കാദമിയും സൂപ്പർഹിറ്റ്‌ സിനിമയായ ‘മിഴി’ക്കുശേഷം ഇടമുള ഫിലിംസും ഒന്നിക്കുന്ന ‘ബാൽക്കണി’യിലൂടെ   മലയാള സിനിമയിൽ സ്‌ത്രീകഥാപാത്രങ്ങളും മേൽക്കൈ വീണ്ടെടുക്കുകയാണ്‌. 

ചിത്രത്തിലെ നായിക കഥാപാത്രം ഷെറിനെ അവതരിപ്പിച്ചത്‌ തൃശൂർ കൊടകരയിലെ സഹൃദയ കോളേജ്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ സ്‌റ്റഡീസിലെ ബിബിഎ വിദ്യാർഥിനിയാണെന്ന്‌ ആരും പറയില്ല. സ്‌കൂൾ ഡയറി, കളിക്കൂട്ടുകാർ സിനിമകളൊക്കെ ഭാമയുടെ കുട്ടിത്തം നിറഞ്ഞ ന്യൂജൻകഥാപാത്രങ്ങളായിരുന്നു.  ഷെറിനാകട്ടെ പ്രായത്തേക്കാൾ പക്വതയുള്ള കഥാപാത്രമായി ഇവിടെ മാറേണ്ടിവരുന്നു. ഗൾഫിലെ ജോലിക്കാരിയും വീട്ടമ്മയുമായ  ഇന്ദുവിനാകട്ടെ ഐപിഎസ്‌ ഓഫീസറുടെ തലയെടുപ്പുളള വേഷവും.രണ്ടുനായികമാർ  പ്രേക്ഷകരെ നയിക്കുന്നത്‌ സുന്ദരമായ അഭിനയ മുഹൂർത്തങ്ങളിലേക്ക്‌...

മുതിർന്നവരും കുട്ടികളുമുൾപ്പെടെ 5000 കരാട്ടെ കലാകാരന്മാർ അണിനിരന്ന ജപ്പാനിൽ നടന്ന ആയോധന മത്സരത്തിൽ ജേതാവായ ഗ്രാൻഡ്‌ മാസ്റ്ററുടെ ജീവിതത്തിലുണ്ടായ ഒരു അപകടം സമ്മാനിച്ചത്‌ അംഗവൈകല്യമായിരുന്നു. സ്വപ്‌നങ്ങൾ തകർന്നടിഞ്ഞ ലോക ജേതാവിന്റെ ജീവിതത്തിലേക്ക്‌   ഷെറിൻ എന്ന യുവതി എത്തുമ്പോൾ നിഗൂഢതയിൽ വ്യാപരിക്കുന്ന ശത്രുക്കളും പോരാട്ടത്തിനെത്തുന്നു. ഇവരുടെ വിവാഹശേഷം നഗരത്തിലെ ഫ്ളാറ്റിലെ ബാൽക്കണി കാഴ്‌ചകളിൽ  ഷെറിന്റെ ജീവിതത്തിൽ ഭൂതകാലം ഓർമകളുടെ കടലിരമ്പമാകുന്നു.

തിരക്കഥാകൃത്ത്‌ ശ്രീവർമ്മ പരവനേഴത്ത്‌ സൂപ്പർ ക്ലൈമാക്‌സിലൂടെ ഷെറിന്റെയും ഗ്രാൻഡ്‌മാസ്‌റ്ററുടെയും സ്വപ്‌നങ്ങൾക്ക്‌ വർണം ചാർത്തുകയാണ്‌. വർത്തമാനകാലത്ത്‌ സമൂഹത്തെ വേട്ടയാടുന്ന പ്രശ്‌നങ്ങൾ സിനിമ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്‌. ടൈറ്റിൽ അവതരണം സാത്താൻ സേവക്കാരനായ യുവാവ്‌ നടത്തിയ നന്ദൻകോട്ട്‌ ഇരട്ടകൊലപാതകത്തിന്റെ വാർത്താശകലങ്ങളിലൂടെയാണ്‌. ഷെറിന്റെ ജീവിതത്തിന്റെ രണ്ടുഘട്ടങ്ങളിലൂടെയുള്ള രണ്ട്‌ പാട്ടുകളും ചിത്രത്തിന്റെ ഹൈലൈറ്റാണ്‌. ഗ്രാൻഡ്‌ മാസ്‌റ്ററായി അജയ്‌ സുരേന്ദ്രനും വിമലായി കമ്മട്ടിപാടം, ഈട  ചിത്രങ്ങളിൽ ശ്രദ്ധേയനായ വിഷ്‌ണു രഘുവും അഭിനയമുഹൂർത്തങ്ങൾക്ക്‌ പൂർണത പകരുന്നു. സണ്ണി പാറക്കണ്ടം, ജോളി ഈശോ, റിയാസ്‌ എം ഡി, അജയ്‌ മാടയ്‌ക്കൽ, ഹാരീസ്‌ മണ്ണഞ്ചേരി, പ്രസാദ്‌ കുട്ടപ്പി, പ്രദീപ്‌ മാളവിക, സുജിത്ത്‌ എസ്‌ നായർ, വിനോദ്‌ കല്ലറ, സുനിൽ, തങ്കച്ചൻ കിടങ്ങൂർ, ഇന്ദു, ബിന്ദു, സിബി ഏറ്റുമാനൂർ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

ഗ്രാമീണതയുടെ പച്ചപ്പിൽ ഏറ്റുമാനൂർ, വൈക്കം ഉല്ലല എന്നിവിടങ്ങളിലാണ്‌ ബാൽക്കണിയുടെ ചിത്രീകരണം. ഇടമുള ഫിലിംസിന്റെ ബാനറിൽ പി സുരേന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കൃഷ്‌ണജിത്ത്‌ എസ്‌ വിജയനാണ്‌.  എഡിറ്റർ ഹുസൈൻ അബ്ദുൾ ഷുക്കൂർ, സംഗീതം ബിജി എം നിഖിൽ പ്രഭ, ഗാനങ്ങൾ അനൂപ്‌ പൊന്നാനിയും ശിവൻ കടവള്ളൂരും, ക്യാമറ അജയ്‌ പി പോൾ.  മെയ്‌ അവസാനത്തോടെ ബാൽക്കണി തിയറ്ററുകൾ എത്തും. ഇടമുള ഫിലിംസിന്റെ  ‘മിഴി’ തമിഴ്‌്, തെലുങ്ക്‌ പതിപ്പുകളിലേക്ക്‌ റീമേക്ക്‌ ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്‌. ഇതിൽ പൂജ വിജയനും അജയ്‌ സുരേന്ദ്രനുമാണ്‌ പ്രധാനവേഷങ്ങളിൽ.

നായികയാണെങ്കിലും ഉഴപ്പില്ല പഠനം
 ഭാവിയിൽ മികച്ച ബിസിനസ്‌ സംരംഭ രംഗത്ത്‌ പ്രവർത്തിക്കാനാണ്‌ രണ്ടാംവർഷ ബിബിഎ വിദ്യാർഥിനിയായ ഭാമയ്‌ക്ക്‌ ഇഷ്ടം. കണ്ണൂരിൽ നിന്നുള്ള  സൗദിമലയാളി അരുൺകുമാറിന്റെ മകളാണ്‌ ഭാമ. സ്‌കൂൾതലംവരെ പഠിച്ചതുംസൗദിയിലാണ്‌.   അമ്മ  ലീനയും  മെഡിക്കൽ വിദ്യാർഥിനിയായ ചേച്ചി ഗാഥയുമാണ്‌ കണ്ണൂർ അഴീക്കോടിലെ ഗാഥഭവനിൽ ഇപ്പോഴുള്ളത്‌. പഠനവും അഭിനയവും കഴിഞ്ഞാൽ ഡാൻസ്‌പ്രാക്ടീസും പാട്ടുമൊക്കെയായി അടിപൊളിയായി ക്യാന്പസ്‌ ഹോസ്‌റ്റൽ ജീവിതം. തൃശൂർ കൊടകരയിൽ സഹൃദയ കോളേജധികൃതർ  നന്നായി പ്രോത്സാഹിക്കുന്നുണ്ട്‌. കൂട്ടുകാരികൾ സിനിമ ഇറങ്ങി ആദ്യദിനം തന്നെ കാണാനും ഒപ്പമുണ്ട്‌.   അഭിനയം വിലയിരുത്താൻ സീനിയേഴ്‌സുണ്ട്‌. ഭാമയുടെ അടുത്ത സിനിമ തമിഴിലാണ്‌. ആഗസ്‌തിലാണ്‌ ചിത്രീകരണം.

അച്ഛൻെറ ആഗ്രഹം നിറവേറ്റി,  കാക്കിയണിഞ്ഞ്‌...
കൊല്ലം പൊലീസ്‌ സ്‌റ്റേഷനിലെ ഹെഡ്‌കോൺസ്‌റ്റബിളായിരുന്ന ഗോപാലകൃഷ്‌ണന്‌  മകളെ ഐപിഎസുകാരിയാക്കണമെന്നായിരുന്നു. മകൾക്കാകട്ടെ നൃത്തവും പാട്ടും മതി. വർഷങ്ങൾക്ക്‌ശേഷം ഇന്ദു ഐപിഎസുകാരിയായി ബാൽക്കണി എന്ന സിനിമയിൽ. ഈ വേഷംകാണാൻ മുഖത്തലയിലെ വീട്ടിൽഅച്ഛൻ ഗോപാലകൃഷ്‌നും അമ്മ സരസ്വതിയമ്മയും ഇല്ലല്ലോയെന്ന ദുഃഖം മാത്രം. ദുബായിൽ ഡച്ച്‌ കന്പിനിയിലെ പർച്ചേസ്‌ വിഭാഗത്തിലാണ്‌ അസിസ്‌റ്റന്റ്‌ മാനേജരാണ്‌ ഇന്ദു. ചെറുപ്പത്തിൽ സ്‌കൂൾ കലോത്സവത്തിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്‌.  ഭർത്താവ്‌  ബൈജുവിന്‌ ഷാർജ എയർപോട്ട്‌ ഫ്രീസോണിലാണ്‌ ജോലി. മോൾ ആരതി. ജോലിത്തിരക്കിനിടവേളകളിൽ ഇന്ദു പറന്നെത്തും.


പ്രധാന വാർത്തകൾ
 Top