30 September Saturday

സ്‌ത്രീ സമത്വത്തിന്റെ വൻമതിൽ

ഡോ .ടി ഗീനാകുമാരിUpdated: Tuesday Dec 18, 2018

 
കൊടിയ പ്രളയത്തിന്റെ വ്യഥകൾക്കു പിന്നാലെ ഉയർത്തെഴുന്നേല്പിന്റെ രജത രേഖകൾ തെളിയിച്ചുകൊണ്ട് പുതുവർഷപ്പുലരിയിൽ കേരളത്തിൽ സ്ത്രീകളുടെ ഐക്യനിര. കേരളത്തിൽ സാമൂഹ്യനീതിക്കുവേണ്ടിയുള്ള എണ്ണമറ്റ പോരാട്ടങ്ങളിൽ മറ്റൊരു നാഴികക്കല്ലായി വനിതാമതിൽ. സ്ത്രീയുടെ അന്തസ്സുറ്റ നിലനിൽപുപോലും  ചോദ്യംചെയ്യപ്പെടുന്ന സംസ്കാരിക ജീർണതയ്ക്കെതിരെ നവോത്ഥാന സന്ദേശവുമായി കേരളത്തിലുടനീളം രൂപപ്പെടുന്ന വനിതാമതിൽ മുന്നോട്ടുവയ്ക്കുന്നത്‌  പൗരാവകാശങ്ങൾ സ്ത്രീയുടേതു കൂടിയാണെന്നാണ്. ജാതിബോധത്തിന്റെയും മുതലാളിത്ത ചൂഷണത്തിന്റെയും ഇരുണ്ട കാലത്തു നിന്ന് സ്ത്രീകളെ മോചിപ്പിക്കാൻ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടത്തിലൂടെ ആർജിച്ച നേട്ടങ്ങൾ അവഗണിച്ചു ഫ്യൂഡൽ ആചാരാനുഷ്ഠാനങ്ങളുടെ തിരിച്ചുവരവിന് ബോധപൂർവം സാഹചര്യം സൃഷ്ടിക്കുന്ന ശ്രമങ്ങൾക്കെതിരെ പൊതുസമൂഹത്തെ ജാഗരൂകമാക്കുകയും വനിതാമതിൽ ലക്ഷ്യമിടുന്നു.

ഇരുളടഞ്ഞ ഇന്നലെകൾ
പൊതു ഇടങ്ങളെല്ലാം നിഷേധിക്കപ്പെട്ടവരായിരുന്നു സ്ത്രീകൾ. വഴിനടക്കാൻ,വിദ്യ അഭ്യസിക്കാൻ,പൊതു ഇടങ്ങളിലേക്ക് കടക്കാൻ,വോട്ടുചെയ്യാൻ തുടങ്ങി സ്വന്തം ശരീരത്തിൽ പോലും സ്വയംനിർണയാവകാശമില്ലാത്തവളായിരുന്നു സ്ത്രീകൾ. ലിംഗപരമായ വിവേചനത്തിന് മേൽജാതി-‐കീഴ്ജാതി വ്യത്യാസമുണ്ടായിരുന്നില്ല. ജാതി-,വർഗ-,ലിംഗ വിവേചനത്തെ ശക്തമായി നിലനിർത്തുന്നതുന്നതിനു മനുവിന്റെസിദ്ധാന്തങ്ങൾ സഹായകമായിരുന്നു. ശ്രേണീബദ്ധമായ സാമൂഹ്യഘടനയിൽ സ്ത്രീ ഏറ്റവും താഴെയായിരുന്നു. മാറുമറയ്ക്കാൻ അവകാശമില്ലാത്ത, കല്ലുമാല മാത്രം ധരിക്കാൻ വിധിക്കപ്പെട്ട കീഴ്ജാതി സ്ത്രീ, പുലയന്റെപെണ്ണിന്റെ കന്യകാത്വം ഭേദിക്കാൻ ജന്മിക്കവകാശമുള്ള സമൂഹം. മണ്ണാപ്പേടിയും പുലപ്പേടിയും അകത്തളങ്ങളിലേക്കൊതുക്കുന്നതിനുള്ള ബ്രാഹ്മണ്യത്തിന്റെ കുടില തന്ത്രങ്ങളായിരുന്നു. പതിനഞ്ചു തികയാത്ത പെൺകിടാങ്ങൾ വയോവൃദ്ധന്മാരുടെ അഞ്ചാം വേളിയും ആറാം വേളിയുമായി ഇല്ലങ്ങളിൽ കുടിവെക്കപ്പെട്ടിരുന്നതും അകാലത്തിൽ വിധവയായി ജീവിതം അകത്തളങ്ങളിൽ ഹോമിക്കപ്പെട്ടിരുന്നതും സാധാരണമായിരുന്നു. സപത്നിമാരുടെ ആത്മസംഘർഷങ്ങൾ, കുളങ്ങളിലും അന്തഃപുരങ്ങളിലും സ്ത്രീ ശരീരങ്ങൾ ശവശരീരങ്ങളായി മാറിയിരുന്നതും, പടി അടച്ച്‌ പിണ്ഡം വയ്‌ക്കലുകളും വാർത്തകളേ ആയിരുന്നില്ല.

മാറുന്ന സമൂഹം
അനാചാരങ്ങളെ ഒന്നൊന്നായി പടിക്കു പുറത്താക്കി, വോട്ടവകാശമായി,വിദ്യാഭ്യാസത്തിനുള്ള അവസരമായി. ശൈശവ വിവാഹം ,ബഹുഭാര്യാത്വം തുടങ്ങിയവ നിരോധിക്കപ്പെട്ടതും വിധവാവിവാഹം സാധ്യമായതും സമുദായങ്ങൾക്കകത്തു തന്നെ സ്ത്രീയുടെ പദവിയിൽ മാറ്റം വരുത്തി. പുലകുളി അടിയന്തരം, തിരണ്ടു കല്യാണം,താലികെട്ട് കല്യാണം തുടങ്ങിയവക്കും അറുതിയായി. അടിമത്തത്തിന്റെ അടയാളങ്ങൾ പേറുന്നവരെന്ന നിലയിൽ നിന്നും മോചനമായി. തീരുമാനമെടുക്കുന്ന വേദികളുടെ പ്രാഥമിക ഇടങ്ങളിലേക്കെങ്കിലും  സ്‌ത്രീ പിടിച്ചുകയറി, തൊഴിലിടങ്ങളിലേക്കും പൊതുഇടങ്ങളിലേക്കുമുള്ള സ്ത്രീകളുടെ കടന്നുകയറ്റം കപട കുലീന വാദികളുടെ കാപട്യത്തിനേറ്റ പ്രഹരമായി. അടിമച്ചമർത്തലുകളിൽ നിന്നും ചൂഷണത്തിൽ നിന്നും പടിപടിയായി കരകയറാൻ തുടങ്ങി. ഭൂപരിഷ്കരണം, സാർവത്രിക വിദ്യാഭ്യാസം,ആരോഗ്യ സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ, ശക്തമായ പൊതുവിതരണ സമ്പ്രദായം, മാന്യമായ സേവന വേതന സമ്പ്രദായം തുടങ്ങി ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകൾ സാമൂഹ്യ ജീവിതത്തിൽ ഗുണമേന്മ വർധിപ്പിച്ചു.

മതിലുകെട്ടേണ്ട സാഹചര്യം
ഇത്തരം മുന്നേറ്റങ്ങൾ സ്ത്രീ ശാക്തീകരണത്തിനുള്ള ഇടപെടലുകളായിരുന്നെങ്കിലും ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീപുരുഷ തുല്യതയെന്നത് പ്രവർത്തികമാക്കാനായില്ല. തീരുമാനമെടുക്കുന്നതിനുള്ള വേദികളിലേക്കും രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ഇതിന്റെ തുടർച്ചയായി സ്ത്രീകൾ കടന്നുവരേണ്ടതായിരുന്നു. കമ്പോളശക്തികളും മതമൗലികവാദവും തീരുമാനങ്ങളിൽ പങ്കുചേരാനുള്ള സ്ത്രീയുടെ അവകാശങ്ങൾക്ക് പ്രതിബന്ധമായിട്ടുണ്ട്‌. ‘സ്ത്രീകൾ അഭിപ്രായം പറയേണ്ടതില്ല, പുരുഷന്മാരെടുക്കുന്ന തീരുമാനങ്ങൾ സ്ത്രീകൾ നിറവേറ്റിയാൽ മതി’ എന്ന മനോഭാവത്തിലും ഇളക്കം തട്ടാതെ തുടരുന്നു. സ്ത്രീകളുടെ ആത്യന്തികസ്ഥാനം വീടും കുടുംബവുമാണെന്ന വാദത്തെ സാധൂകരിപ്പിക്കാനും സ്ത്രീകളെ വീടിന്റെ അകത്തളങ്ങളിലേക്കു പിൻവലിപ്പിക്കാനുമുള്ള ശ്രമങ്ങളും ബോധപൂർവം നടത്തുന്നു.

മനുഷ്യകുലത്തിന്റെ പ്രത്യുത്പാദനത്തിനു നിദാനമായ സ്ത്രീകളുടെ ആർത്തവത്തെ അശുദ്ധമാണെന്ന അബദ്ധജടിലമായ പ്രസ്താവനകൾ സാക്ഷരസാംസ്‌കാരിക കേരളത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതും എതിർക്കപ്പെടേണ്ടതുമാണ്. അഹന്തയും മിഥ്യാഭിമാനവും ദുരയും കൈമുതലായുള്ള സവർണഫ്യൂഡൽ മാടമ്പിമാർ ഭൂരിപക്ഷത്തിനുമേൽ ആധിപത്യം സ്ഥാപിക്കുന്ന ഇടപെടലുകൾ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഫ്യൂഡൽ ആചാരാനുഷ്്‌ഠാനങ്ങളുടെ തിരിച്ചുവരവും മുതലാളിത്ത ആഗോളവത്കരണത്തിന്റെ കെണികളും തുറന്നുകാട്ടപ്പെടണം. പുരുഷാധിപത്യത്തിന്റെ അംശങ്ങൾ,തലമുറകളായി അടിച്ചേല്പിക്കപെട്ട വിധേയത്വവും അവകാശബോധത്തിന്റെ അജ്ഞതയും കുറെയേറെ സ്ത്രീകളെയെങ്കിലും നിസ്സംഗതയിലേക്കോ ആർജിച്ച സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നതിലേക്കോ തള്ളിവിടുന്നു. ഇത്തരം വിഭാഗങ്ങളെക്കൂടി അവകാശ ബോധമുള്ളവരാക്കിമാറ്റാൻ വനിതാ മതിലിന്റെ ആശയ പ്രചാരണത്തിലൂടെ സാധ്യമാകും.

സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ കേരളത്തിലെ സ്ത്രീകൾക്കും സ്ത്രീവിരുദ്ധരല്ലാത്തവർക്കും ജാതിഭേദവും മതസ്പർധയുമില്ലാത്ത, അന്ധവിശ്വാസങ്ങൾക്ക് കീഴ്പെടാത്ത, മതനിരപേക്ഷ കേരളസൃഷ്ടിക്കുവേണ്ടിയുള്ള പ്രചാരണത്തിനും വനിതാമതിൽ നിമിത്തമാകും.

ജനകീയ സംഘാടനം
സമരാനുഭവങ്ങളും ഭാവിയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും മൂലധന മാക്കികൊണ്ടു മുന്നേറുന്ന മുഴുവൻ സംഘടനകളും ഒത്തുചേർന്നുള്ള മതിലാണ് രൂപപ്പെടാൻ പോകുന്നത്. ആണിനും പെണ്ണിനും ജീവിതത്തിന്റെ സമസ്തമേഖലയിലും തുല്യത വേണമെന്ന തീർത്തും ന്യായവും ഉന്നതവുമായ ആവശ്യമാണ് മുന്നോട്ടുവക്കുന്നത്. അതുവേണ്ടെന്നു പറയുന്നവർ സ്ത്രീയുടെ സ്ഥാനം പിന്നാമ്പുറങ്ങളിലെന്നു വാദിക്കുന്ന മനുവാദികളല്ലാതെ മറ്റാരാണ്. അവരുടെ ഇടം ചവറ്റുകൂനയിൽ തന്നെയാണ്. സമസ്ത മേഖലകളിലും സ്ത്രീസമത്വം ആർജിക്കുന്നതിനുള്ള അവകാശബോധം സ്ത്രീകളിലും ഉയർന്നു വരേണ്ടതുണ്ട്. ആ ബോധത്തെ ഉൾക്കൊള്ളാനും അംഗീകരിക്കാനും പൊതുസമൂഹവും പൊതു പ്രസ്ഥാനങ്ങളൂം പ്രാപ്തമാവണം. കേവലം സർക്കാർ ഉത്തരവിലൂടെ നടപ്പാക്കേണ്ടതോ സെമിനാറുകളിലെ വിഷയാവതരണങ്ങളിലോ ഒതുങ്ങേണ്ടുന്നതല്ല ലിംഗസമത്വം എന്ന ആശയം. അതിനു സ്ത്രീയും പുരുഷനും ഒന്നുചേർന്നുള്ള ഇടപെടലാണ് വേണ്ടത്. അപ്രകാരമുള്ള, വർഗവർണ രാഷ്ട്രീയ ഭേദമന്യേ ഭരണഘടന വിഭാവനം ചെയ്യുന്ന, സ്ത്രീ സമത്വത്തിൽ വിശ്വസിക്കുന്ന മുഴുവൻ പേരെയും പങ്കാളിയാക്കുന്നതിനുള്ള പൊതു ഇടമാണ്‌ വനിതാ മതിലിലൂടെ സാധ്യമാവുന്നത്. കേരളീയ നവോത്ഥാന  മൂല്യങ്ങൾ നശിപ്പിക്കാനും മത നിരപേക്ഷ കേരളത്തിന്റെ ആത്മാവിനെ തകർക്കാനുമുള്ള പിന്തിരിപ്പൻ ശക്തികളുടെ ആശയങ്ങൾക്ക് കേളരത്തിന്റെ മണ്ണിൽ ഇടമുണ്ടാവില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് നവവത്സര ദിനത്തിൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്ന പെൺകൂട്ടായ്മ. കേരള സാമൂഹ്യ ചരിത്രത്തിൽ നിർണ്ണായക സ്ഥാനം വഹിക്കാൻ പോകുന്ന വനിതാമതിലിൽ പങ്കാളിയാവേണ്ടത് അഭിമാനബോധമുള്ള ഓരോ സ്ത്രീയുടെയും ഉത്തരവാദിത്തമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top