03 October Tuesday

നാടകക്കാരികൾ

കെ ഗിരീഷ്‌Updated: Monday Oct 14, 2019


‘ഞങ്ങളെ നാടകക്കാരികൾ എന്നുതന്നെ വിളിക്കണം. ഞങ്ങൾക്കിപ്പോൾ അതിൽ അഭിമാനമാണുള്ളത്‌’‐ ബാങ്ക്‌ മാനേജരും അധ്യാപികയും വിദ്യാർഥിനിയും പത്രപ്രവർത്തകയും വീട്ടമ്മയും കൂലിപ്പണിക്കാരിയുമെൾെപ്പടെ ഒരു നിര സ്‌ത്രീകൾ ആത്മാഭിമാനത്തോടെ നാടകത്തെ പുണരുകയാണ്‌ തൃശൂരിൽ.
നാടകക്കാരിയാവുന്നത്‌ അപമാനമെന്ന്‌ ധരിച്ചിരുന്നവരാണ്‌ ഇവരിൽ പലരും. നാടകലോകം തന്നെ ശരികേടുകളുടെ എന്തോ ഒന്നാണെന്ന്‌ കരുതിയവർ.

കുടുംബസദാചാരം നാടകക്കാരികളെക്കുറിച്ച്‌ മെനഞ്ഞെടുത്ത സങ്കൽപങ്ങൾക്കും ധാരണകൾക്കും പ്രായശ്‌ചിത്തമാണിപ്പോൾ  അവരുടെ ഏറ്റു പറച്ചിൽ‐‘നിങ്ങൾ ഞങ്ങളെ നാടകക്കാരികൾ എന്നു തന്നെ വിളിക്കു’. ഞായറാഴ്‌ചകളിൽ തൃശൂർ സംഗീതനാടക അക്കാദമി വളപ്പിൽ ഇവരെക്കാണാം. കുടുംബജീവിതത്തിന്റേയും ഔദ്യോഗിക ജീവിതത്തിന്റെയും പ്രാരബ്‌ധക്കെട്ടുകൾ  വലിച്ചെറിഞ്ഞ്‌ അവർ ഓടിയെത്തുന്നത്‌ നാടകപ്രണയം കൊണ്ടു മാത്രമാണ്‌. നാടകം പഠിക്കാനും കാണാനും നാടകക്കാര്യങ്ങൾ സംസാരിക്കാനും .

അമ്പതോളം പെണ്ണുങ്ങൾ വലുതും ചെറുതും മികച്ചതും അല്ലാത്തതുമായ നാടകങ്ങളിൽ അരങ്ങുതകർക്കുമ്പോൾ കേരളം ഉരുട്ടിയുണ്ടാക്കിയ പതിവ്‌ സങ്കൽപ്പങ്ങൾ തകരുകയാണ്‌.

നാടകവും സിനിമയും അക്കാദമിക്‌ പഠനത്തിനായി എത്തുന്ന പെൺകുട്ടികൾ തന്നെ ഏറെപൊരുതിയാണ്‌ ഇപ്പോഴും നാട്ടിലും വീട്ടിലും നിലകൊള്ളുന്നത്‌. അക്കാലത്താണ്‌ കുടുംബത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളിലും കുടുങ്ങിക്കിടന്നവർ നാടകക്കാരികളാവുന്നത്‌. അയ്യേ നാടകമോ?എന്ന ചോദ്യത്തെ ഇപ്പോഴും നേരിടുന്നവർ. ‘കുടുംബത്തിൽ പിറന്ന പെണ്ണി’നെ കുടഞ്ഞെറിഞ്ഞാണ്‌ ഇവർ ഇപ്പോൾ നിലകൊള്ളുന്നത്‌. 

ഒരു വർഷം നീളുന്ന ക്ലാസുകളും പ്രായോഗികപരിശീലനവും.  ഞായറാഴ്‌ചകളിൽ കുടുംബത്തിന്റെ ഒട്ടേറെ വേവലാതികൾ, തിരക്കുകൾ എല്ലാം മാറ്റിവച്ച്‌ നാടകത്തിനായി അർപ്പിതമാവുകയായിരുന്നു 20 വയസ്സുമുതൽ 50 വയസ്സുവരെ പ്രായമുള്ളവർ. ഓരോരുത്തർക്കും നാടകം നൽകിയത്‌ പുതിയ അനുഭവങ്ങൾ. എല്ലാവർക്കും ഒരു കാര്യത്തിൽ ഒറ്റ ശബ്ദം: ‘ മികച്ച കലാകാരികളായിട്ടില്ല ഞങ്ങളെല്ലാം.  എന്നാൽ  ഞങ്ങൾ ഞങ്ങളെയും നാടകലോകത്തേയും തിരിച്ചറിഞ്ഞു എന്നതാണ്‌ നേട്ടം. അഴിഞ്ഞു വീണത്‌ ഒട്ടേറെ മിഥ്യകളാണ്‌. ഉള്ളിലെ ഒരുപാട്‌ കെട്ടുകൾ പൊട്ടിവീണു. നാടകം വെറുതെ ഒരു കലയല്ല. അത്‌ വ്യക്തിത്വവികാസത്തിന്റെ ശാസ്‌ത്രം കൂടിയാണ്‌. ഞങ്ങളിപ്പോൾ പഴയ ഞങ്ങളല്ല’.

തൃശൂർ രംഗചേതനയുടെ സൺഡെ തിയറ്റർ, ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ അനൗപചാരിക നാടകപഠനകേന്ദ്രം. 2000 ഒക്‌ടോബർ 29ന്‌ ആരംഭിച്ച്‌ ഇതിനകം 15 ബാച്ചുകൾ പൂർത്തിയാക്കി. ഒട്ടൊരു ആശങ്കയോടെ ആരംഭിച്ച പ്രസ്ഥാനത്തിലേക്ക്‌ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. ഡോക്‌ടർമാരും വക്കീലന്മാരും പൊലീസ്‌ ഉദ്യോഗസ്ഥരും തൊഴിലാളികളും. ഇതുവരെ അമ്പതോളം സ്‌ത്രീകൾ. സൗജന്യമായി നാടകം പഠിക്കൽ, നാടകത്തിന്റെ എല്ലാ മേഖലയിലും പ്രാഥമിക അറിവു നേടൽ. അതാണ്‌ സൺഡേ തിയറ്റർ.

സൺഡേ തിയറ്റിൽ നിന്ന്‌ പഠനം കഴിഞ്ഞിറങ്ങിയവർ നാടകത്തിലും സിനിമയിലും മറ്റു മേഖലകളിലും സജീവമായുണ്ട്‌.  ജിഷ അഭിനയയാണ്‌ ആദ്യബാച്ചിലെ പെൺകുട്ടി. പിന്നീട്‌ പടിപടിയായി സ്‌ത്രീപ്രാതിനിധ്യം വർധിച്ചു.

അധ്യാപികക്ക്‌ ക്ലാസ്‌ മുറിയിൽ പുതിയ അധ്യാപികയാവാൻ, ഉദ്യോഗസ്ഥയ്‌ക്ക്‌ തന്റെ മുന്നിലെത്തുന്നവരോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്താൻ, വീട്ടമ്മയ്‌ക്ക്‌ തന്റെ പതിവ്‌ പിരിമുറുക്കങ്ങളിൽ നിന്ന് സ്വതന്ത്രമാവാൻ നാടകം അവസരമൊരുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top