28 May Sunday
പ്രത്യേക വകുപ്പ് സ്ത്രീപക്ഷ വികസനത്തിലേക്കുള്ള ആദ്യപടി

സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റ്

ആർ പാർവതി ദേവിUpdated: Saturday Jul 9, 2016

രു സര്‍ക്കാരിന്റെ ബജറ്റിന് സാമ്പത്തിക മാനം മാത്രമല്ല ഉള്ളത്. അത് ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. തങ്ങളുടെ മുന്‍ഗണനകളും പരിഗണനകളും എന്താണെന്നുള്ള പരസ്യ പ്രഖ്യാപനം ആയി വേണം ബജറ്റിനെ കാണാന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇന്നലെ അവതരിപ്പിച്ച ആദ്യ ബജറ്റ് ആ അര്‍ത്ഥത്തില്‍ പാര്‍ശ്വവത്കൃത വിഭാഗങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. സാമൂഹ്യനീതിക്കാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നത്. വികസനത്തിന്റെ മാനുഷിക മുഖം ഉയര്‍ത്തി കാട്ടിയ എല്‍ഡിഎഫ് പ്രകടന പത്രികയോട് ഒത്തുചേര്‍ന്നു പോകുന്ന ബജറ്റ് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 

200611 ലെ ഇടതു സര്‍ക്കാര്‍ കാലത്താണ് ഡോ തോമസ് ഐസക് സ്ത്രീപക്ഷ ബജറ്റ് എന്ന ആശയം തുടങ്ങിവെച്ചത്. ഇതിന്റെ തുടര്‍ച്ചയായി തന്നെ ഇത്തവണത്തെ ബജറ്റിനെയും വിലയിരുത്താവുന്നതാണ്. 

സ്ത്രീകളുടെ ഏറെ നാളത്തെ ആവശ്യമായ പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തിയത് സ്ത്രീപക്ഷ വികസനത്തിലേക്കുള്ള ആദ്യപടിയായി കാണാം. ബാല വികസന സ്ത്രീ ശാക്തീകരണ വകുപ്പ് എന്നത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണമേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കും എന്നതിന് സംശയമില്ല. എല്ലാ പദ്ധതികളിലും സ്ത്രീകള്‍ക്ക് പരിഗണന ഉണ്ടാകുമെന്നും, പദ്ധതി അടങ്കലിനെ 10 % സ്ത്രീ വികസനത്തിനായിരിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 
 
കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്നം സാമ്പത്തിക സ്വാശ്രയത്വമില്ലായ്മ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സ്ത്രീക്ക് ഉണ്ടാക്കുവാന്‍ കഴിഞ്ഞ നേട്ടങ്ങള്‍  വരുമാനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, 90 % ല്‍ കൂടുതല്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത അസംഘടിത മേഖലക്ക് വേണ്ടിയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ സ്ത്രീകള്‍ക്കാണ് ആശ്വാസം പകരുന്നത്. കയര്‍ (232 കോടി)-, കശുവണ്ടി (100 കോടി) കൈത്തറി, ഖാദി (71 കോടി),കരകൌശല വ്യവസായം (8 കോടി), കളിമണ്‍ മേഖല (ഒരു കോടി) കളെയും അവിടെ പണി എടുക്കുന്ന അര്‍ധ പട്ടിണിക്കാരായ സ്ത്രീകളെയും ഐസക്കിന്റെ ബജറ്റ് കാര്യമായി പരിഗണിച്ചിരിക്കുന്നു. ആശാ വര്‍ക്കര്‍മാര്‍ , അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ തൊഴിലാളികള്‍ ആയി പോലും കേന്ദ്ര സര്‍ക്കാരോ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരോ പരിഗണിക്കാത്തത് ആഗോളവല്‍ക്കരണ നയത്തിന്റെ ഫലമാണ്. എന്നാല്‍ ഇടതു ബജറ്റില്‍ അവരും പരാമര്‍ശിക്കപ്പെട്ടു. 

ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആശ്വാസമായി കഴിഞ്ഞിട്ടുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങി കഴിയുമ്പോള്‍ ഐസക് അതു വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ജലാശയങ്ങളുടെ നവീകരണവും മരം നട്ടുപിടിപ്പിക്കലും തൊഴിലുറപ്പില്‍ ഉള്‍ച്ചേര്‍ക്കുന്നത് ആ നിയമത്തിന്റെ അന്ത:സത്ത ഉയര്‍ത്തിപ്പിടിക്കുന്നു. എല്ലാ ക്ഷേമപെന്‍ഷനും വര്‍ധിപ്പിച്ചതും എല്ലാവര്‍ക്കും  ഭൂമിയും വീടും നല്‍കുന്നതും കക്കൂസില്ലാത്ത വീടുകള്‍ ഉണ്ടാകില്ലെന്ന് പറയുമ്പോഴും ഇതിന്റെ ഗുണഫലം ലഭിക്കുന്നത് സ്ത്രീകള്‍ക്കായിരിക്കും. 5 വര്‍ഷമായി  ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്ക്‌ പെന്‍ഷന്‍ എന്നതും ഗാര്‍ഹിക പീഡനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഏറ്റവും പ്രസക്തമാണ്. 
 
12.5 കോടി രൂപ നിര്‍ഭയ അഭയകേന്ദ്രങ്ങള്‍ക്കായി മാറ്റി വെച്ചത് പ്രതീക്ഷ നല്‍കുന്നത് അതിക്രമങ്ങള്‍ക്ക് ഇരകളായ  ആയിരകണക്കിന് പെണ്‍കുട്ടികള്‍ക്കാണ്. ഇപ്പോള്‍ ദയനീയമായ അടിസ്ഥാന സൗകര്യമാണ് നിര്‍ഭയ കേന്ദ്രങ്ങള്‍ക്കുള്ളത് . കാറ്റും വെളിച്ചവും കയറാത്ത ഇരുട്ടു മുറികളില്‍ തടവറയില്‍ ആണ് ഈ പെണ്‍കുട്ടികള്‍ ജീവിക്കുന്നത്. കളിക്കാനോ  പഠിക്കാനോ ആകാതെ അഞ്ചു മുതല്‍ 16 വയസ്സു വരെ പ്രായമുള്ള പെണ്‍കുട്ടികളെ
സുരക്ഷയുടെ പേരില്‍ പൂട്ടി ഇടുന്നതു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. ജീവിതത്തിലേക്ക് ഈ പെണ്‍കുട്ടികളെ മടക്കികൊണ്ടുവരാന്‍ കഴിയുന്ന  പെണ്‍കുട്ടി സൗഹൃദമായ അന്തരീക്ഷമാണ് വേണ്ടത്. ഈ ചിന്ത ആണ് നിര്‍ഭയയെ കുറിച്ചുള്ള ധനമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നില്‍ എന്നു ഉറപ്പിക്കാം. 

അടുത്ത കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് സ്ത്രീസൗഹൃദപരമായ പൊതു ഇടങ്ങള്‍. കേരളത്തിലെ പൊതു ഇടങ്ങള്‍ സ്ത്രീ വിരുദ്ധതക്ക് കുപ്രസിദ്ധമാണ്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അരക്ഷിതമാണ് എന്നു കുടുംബശ്രീയും "സഖി'യും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു സുപ്രഭാതത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല ഇതെങ്കിലും  സ്ത്രീകള്‍ക്ക് ശുചിമുറികള്‍ എന്നത് ഒരു വികസന പ്രശ്നമായി സ്ത്രീകള്‍ ചൂണ്ടികാണിക്കാന്‍ തുടങ്ങിയത് അടുത്തയിടെ ആണ്. ഈ പ്രശ്നത്തെ പരാമര്‍ശിക്കുമ്പോള്‍ സ്ത്രീപക്ഷ ചിന്തയുടെ തെളിച്ചം ബജറ്റിന് ഉണ്ടാകുന്നു. സ്‌കൂളുകളില്‍ പെണ്‍കുട്ടി സൗഹൃദ ശുചിമുറികള്‍ നിര്‍മിക്കുന്നതിന് ബജറ്റില്‍ തുക മാറ്റി വെക്കുന്നത് ആദ്യമാകാം. 

മാത്രമല്ല, ഫ്രഷ് അപ് സെന്റര്‍ എന്ന നൂതന ആശയത്തെ കുറിച്ചും ബജറ്റില്‍ പറയുന്നു. പൊതു ഇടങ്ങളില്‍ ഷീ ടോയ്‌ലെറ്റും ഈ ടോയ്‌ലെറ്റും പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായിട്ടില്ല. കാരണങ്ങള്‍ പലതാകാം. എന്നാല്‍ ശുചി മുറി, മുലഊട്ടല്‍ മുറി, സ്നാക് ബാര്‍ , സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ , വിശ്രമകേന്ദ്രം, തുടങ്ങിയ സൗകര്യങ്ങള്‍ ചേര്‍ന്ന വൃത്തിയും വെടിപ്പും സുരക്ഷിതത്വവും ഉള്ള ഫ്രഷ് അപ് സെന്ററുകള്‍ കുടുംബശ്രീക്കു നടത്താന്‍ കഴിഞ്ഞാല്‍ വികസനത്തിന്റെ സ്ത്രീമുഖം ആയി ഇതു മാറുന്നു. 

ഇങ്ങനെ ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജെന്ഡറുകരെയും ആദിവാസികളെയും ദളിതരെയും അവരിലെ എല്ലാം സ്ത്രീകളെയും പരിഗണിച്ച ബജറ്റ് ചരിത്രത്തില്‍ ഇടംനേടിയിരിക്കുന്നു .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top