02 October Monday

നിങ്ങൾ കരുതുംപോലെ അത്ര സുഖകരമല്ല ഞങ്ങളുടെ ജോലി

വസുന്ധരUpdated: Tuesday Feb 5, 2019

എ സി റൂമിൽ കാണുേമ്പാൾ നിങ്ങളോർക്കുക ഞങ്ങളുടെ  സുഖസൗകര്യങ്ങളെക്കുറിച്ചാകും. സമ്പന്നതയുടെ മടിത്തട്ടിൽ കഴിയുന്ന, ഉന്നതവർഗമെന്ന മട്ടിലാകും ഒാരോ ഇടപാടുകാരും ഞങ്ങളെ വിലയിരുത്തുക. ഇത്രയും സൗകര്യങ്ങൾക്ക് നടുവിലെ ആഡംബര ജീവിതത്തെക്കുറിച്ചാകും സമൂഹം മിക്കപ്പോഴും ചർച്ച ചെയ്തിട്ടുണ്ടാവുക. പക്ഷേ, ആരോടും സങ്കടങ്ങള്‍ പറയാനില്ലാതെ ഉള്ളില്‍ ഉരുകിത്തീരുന്ന വര്‍ഗമാണിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരെന്ന് എത്രപേർക്കറിയാം. ഏറ്റവുമൊടുവിൽ പാർലമെൻറ് സമിതി പോലും ചൂണ്ടിക്കാണിച്ചിരിക്കുന്നു, ബാങ്കിംഗ് രംഗത്തെ കൊടിയ ചൂഷണത്തെക്കുറിച്ച്. മതിയായ വിശ്രമം പോലും ലഭിക്കാത്തതിനാൽ ബാങ്കുകളിലെ സ്ത്രീജീവനക്കാരുടെ ‍അവസ്ഥ നരകതുല്യമാണിന്ന്. 

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ, ഉള്ളവരെ മൃഗങ്ങളെപ്പോലെ ജോലിയെടുപ്പിക്കുന്നതാണ്  ബാങ്കുകളിലെ ജോലി ഇത്രമേൽ ദുരിതപൂർണമാക്കുന്നത്. ബ്രാഞ്ചിെൻറ ചുമതലക്കാരും വായ്പയടക്കമുള്ള ബിസിനസ് കാര്യങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്നവരുമായ ജീവനക്കാര്‍ അക്ഷരാര്‍ഥത്തില്‍ ഓരോ ദിവസവും കഴിഞ്ഞുകിട്ടാന്‍ പ്രാര്‍ഥനയിലാണ്.  രാവിലെ ഒമ്പത് മണിക്ക് ഓഫിസിലെത്തിയാല്‍ രാത്രി എട്ടിനും എട്ടരക്കും ഒമ്പതിനും മറ്റും മാത്രം പുറത്തിറങ്ങാന്‍ കഴിയുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. കുടുംബത്തേയും മക്കളെയും പരിചരിക്കാനാകാതെ നീറിനീറിക്കഴിയുന്ന എത്രയോ സ്ത്രീകള്‍ അടങ്ങുന്നതാണ് ബാങ്ക് ജീവനക്കാരുടെ സമൂഹം‍.

കുടുംബത്തിലെ ഒരു പരിപാടികള്‍ക്കും സംബന്ധിക്കാന്‍ സാധിക്കാതെ വരുന്നവരാണ് ബഹുഭൂരിപക്ഷവും. അവധിയുണ്ടെങ്കിലും അതനുഭവിക്കാന്‍ പോലും യോഗമില്ലാത്തവര്‍. രാത്രി വൈകി വീട്ടിലോ റൂമിലോ എത്തിയാല്‍ മര്യാദക്ക് ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാതെ ഉറങ്ങേണ്ടിവരുന്നു. ജോലിഭാരത്താല്‍ തലവേദനിച്ച് ഒന്നും കഴിക്കാനാകാത്ത എത്രയോ ദിനങ്ങള്‍ എനിക്ക് തന്നെയുണ്ടായിട്ടുണ്ട്. അത്രയേറെ ക്ഷീണിച്ചാണ് ഉന്നതതസ്തികകളിലെ പലരും ജോലി കഴിഞ്ഞത്തെുന്നത്. വനിതാജീവനക്കാര്‍ മാത്രം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഇതിലുമെത്രയോ അധികമാണ്.

ശാരീരികമായി സ്ത്രീകള്‍ക്കുണ്ടാകുന്ന പല അവസ്ഥകളുടെ സമയത്തും വര്‍ക് ഷെഡ്യൂളുകളില്‍ ഒരു മാറ്റവുമില്ല. ഇതിന്റെ ഭാഗമായി രോഗബാധിതരായവര്‍ എത്രയോ ഏറെയാണ്. ചെറിയ കുഞ്ഞുങ്ങളുള്ളവര്‍ക്ക് കൃത്യസമയത്ത് മുലപ്പാല്‍ നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥ. കുഞ്ഞുങ്ങളുടെ ഒരാവശ്യവും ചെയ്ത് കൊടുക്കാൻ സാധിക്കാതെ വരുന്നത് അവരുമായുള്ള അടുപ്പത്തെ ബാധിക്കുന്നതിന് പുറമെ കുടുംബബന്ധങ്ങളെ തന്നെ പ്രതികൂലമായി ബാധിക്കുന്നു. പുതിയ നിയമനം നടത്തില്ലെന്ന്‌ മാത്രമല്ല, ഉള്ള ജീവനക്കാരോട് മേലധികാരികള്‍ വളരെ ക്രൂരമായി പെരുമാറുന്നതും തൊഴിലന്തരീക്ഷം കൂടുതൽ വഷളാക്കുന്നു. ടാര്‍ജറ്റ് തികക്കാത്തതിന്‍െറ പേരില്‍ നടത്തുന്ന ചീത്തവിളികള്‍ സ്റ്റാഫിന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നു. എല്ലാ അതിരും ലംഘിച്ചാണ് മേലധികൃതരുടെ പെരുമാറ്റം. സ്വന്തം പ്രെമോഷന്‍ മാത്രം പരിഗണിക്കുന്ന ഇവര്‍ താഴത്തെട്ടിലുള്ള ജീവനക്കാരെ പഴിചാരി രക്ഷപ്പെടുകയാണ് മിക്കപ്പോഴും ചെയ്യാറുള്ളത്. തുടര്‍ച്ചയായ വഴക്കുപറയലിനത്തെുടര്‍ന്ന് ആത്മഹത്യ ചെയ്ത ബ്രാഞ്ച് മാനേജര്‍മാരുടെ എണ്ണം ഭീമമാണ്. നല്ല ജോലി, സമൂഹത്തിലെ സ്റ്റാറ്റസ് എന്നിവയോര്‍ത്ത് പലരും എല്ലാം സഹിക്കുന്നുവെന്നതാണ് യാഥാർഥ്യം. 

നോട്ട് നിരോധന സമയത്തും ജിഎസ്ടി നടപ്പാക്കിയപ്പോഴും ജീവനക്കാർ നേരിട്ട അമിതജോലിഭാരം സർക്കാർ ഗൗനിച്ചതേയില്ല. വായ്പ ആവശ്യപ്പെട്ട് വരുന്ന പലരും കാണിക്കുന്ന കൃത്രിമങ്ങള്‍ക്ക് ബലിയാടാകുന്നതും ജീവനക്കാരാണ്. കാലാനുസൃതമായ ശമ്പളവര്‍ധന പോലും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന സത്യം കൂടി പൊതുസമൂഹം അറിയണം. ജീവനക്കാരുടെ പണിമുടക്ക് തുടർക്കഥയാകുന്ന ഇക്കാലത്തും ഭരണാധികാരികൾ കണ്ണ് തുറക്കുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top