അത്രയൊന്നും നല്ലതല്ലാത്ത ഒരു ജീവിതത്തിന്റെ ഇഴകീറിയ ഏടുകൾ തുന്നിക്കെട്ടി പുത്തനാക്കിയെടുക്കൽ, ഏറെ ശ്രമകരമെന്നറിഞ്ഞും അതു തുടർന്നുകൊണ്ടേയിരിക്കുക.... ചിലപ്പോൾ ജീവിതം അങ്ങനെയുമാകാം. സിഫിയ ഹനീഫ്... അഥവാ... ചിതൽ.... എന്നറിയപ്പെടുന്നവൾ. സ്വജീവിതം മറ്റുള്ളവർക്കായി സമർപ്പിച്ചവൾ. ഒരുവേള പിന്നിട്ട നിമിഷങ്ങളെ തിരുത്തിയെഴുതി നാളേക്കുള്ള കുറിപ്പുകൾ ബാക്കിയാക്കുന്നവൾ. മികച്ച സാമൂഹ്യപ്രവർത്തകക്കുള്ള നീരജ ഭാനോട്ട് അവാർഡ് ഉൾപ്പെടെയുള്ള പുരസ്‌ക്കാരങ്ങൾ ഇന്നവളെ തേടിയെത്തുന്നതും മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്.
വിധവയുടെ കുപ്പായം
വൈധവ്യം സ്‌ത്രീയെ എത്രത്തോളം അവനവനിൽ നിന്നും തന്നെ ഇല്ലാതാക്കുമെന്ന് അനുഭവത്തിലൂടെ പഠിച്ച ദിനങ്ങൾ. അവിടെ സിഫിയ ചേർത്തുപിടിച്ചു. കണ്ണീരുപ്പുനുണഞ്ഞ ഒരു കൂട്ടം പേരെ. അവരെല്ലാം പെട്ടെന്നൊരു നാൾ സിഫിയയെപ്പോലെ ഭർത്താവ് മരിച്ച പെണ്ണുങ്ങളായിരുന്നു. ഒരു നാൾ പുലർച്ചെ മുതൽ എങ്ങനെ ജീവിക്കുമെന്നറിയാത്തവരായിരുന്നു... പക്ഷേ അവർക്ക് മുന്നേ നടന്ന് സിഫിയ സ്വയം വെളിച്ചം പകർന്നു. വിധവകൾക്ക്, കുട്ടികൾക്ക്, രോഗബാധിതർക്ക്, നിരാലംബർക്ക് ... അവർക്ക് സിഫിയ ജീവശ്വാസമാകുന്നതിന് ഒരുത്തരമേയുള്ളു. സ്‌നേഹം... ‘ചിതൽ’ എന്ന ഫേസ്‌ബുക്ക് പേജിലൂടെ അശരണർക്ക് സഹായമൊരുക്കുകയാണ് പാലക്കാട് വടക്കഞ്ചേരി മംഗലംപാലം സ്വദേശിയായ ഈ പെൺകുട്ടി.
അന്നൊരിക്കൽ...
16 ‐ാം വയസിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു സിഫിയയുടെ വിവാഹം. 19 വയസായപ്പോഴേക്കും രണ്ടുകുഞ്ഞുങ്ങൾ ജനിച്ചു. പെട്ടെന്നായിരുന്നു ഒരപകടത്തിൽ ഭർത്താവിന്റെ മരണം. മൂത്ത മകന് മൂന്നും ഇഴയവന് ഒന്നും വയസ്. ഭർത്താവിന്റെ മരണത്തോടെ ദിവസങ്ങൾക്കകം കുഞ്ഞുങ്ങളേയും കൊണ്ട് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ആ മടക്കയാത്രയിൽ തനിക്ക് ചുറ്റുമുള്ള ലോകത്തെ അവൾ കണ്ണുകളുയർത്തി നോക്കി... അന്നാദ്യമായെന്നപോലെ.

തെരുവിൽ കഴിയുന്ന കുട്ടികൾക്ക് സിഫിയ ഹനീഫ് ഭക്ഷണം നൽകുന്നു
പിന്നീടുള്ള ദിവസങ്ങൾ ‘നോട്ടങ്ങളുടേതു’ കൂടെയായിരുന്നെന്ന് സിഫിയ പറയുന്നു. ‘സമൂഹത്തിന്റെ നോട്ടങ്ങൾ’. ഭർത്താവ് മരിച്ച സ്‌ത്രീയെ പിന്നീട് നടത്താൻ പഠിപ്പിക്കുന്നത് സമൂഹമാണ്. ഭർത്താവിനൊപ്പം ബംഗളൂരുവിൽ സ്‌കർട്ടും ജീൻസും ധരിച്ചു നടന്ന എന്നെ പിന്നീടവർ തുറിച്ച കണ്ണുകളോടെ നോക്കി. ‘അരുതു’കളുടെ ആകെത്തുകയിൽ എന്റെ ജീവിതത്തെ അവർ മാറ്റിയെഴുതാൻ ശ്രമിച്ചു. എല്ലാത്തിനും മുന്നിൽ നിസഹായരായി നിൽക്കേണ്ടി വരുന്ന മാതാപിതാക്കളും.
പെട്ടെന്നൊരു ദിവസം ഞാൻ പറഞ്ഞു. എനിക്ക് പാതിയിൽ നിർത്തിയ പ്ലസ് വൺ പഠനം തുടരണം. എന്റെ ആവശ്യത്തെ വീട്ടുകാർ അത്‌ഭുതത്തോടെ നോക്കി. രണ്ടു കുട്ടികളേയും കൊണ്ട് ഞാൻ വീണ്ടും പഠിക്കുകയോ... ‘മറ്റൊരു വിവാഹം’, അതായിരുന്നു അവർ എനിക്കായി കണ്ടെത്തിയ ഉത്തരം. പക്ഷേ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആരും തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കേ മൂത്ത കുഞ്ഞിനെ വീട്ടിലാക്കി ഞാൻ ഒരു ദിവസം ഇളയ കുഞ്ഞിനേയും കൊണ്ട് ബംഗളൂരുവിലേക്ക് പോയി. അവിടെയെത്തിയതും മകന് കടുത്ത പനി. കൈയ്യിലെ കുറഞ്ഞ പൈസക്ക് ചികിത്സ കിട്ടുന്ന ഒരിടം തേടി അവനേയും കൊണ്ട് കിലോമീറ്ററുകൾ നടന്നു. ഒരു ബസ് സ്‌റ്റോപ്പിൽ തളർന്നിരിക്കേ ‘പാട്ടി’ എന്നൊരു സ്‌ത്രീ എന്റടുത്തെത്തി. വിവരങ്ങൾ ചോദിഞ്ഞറിഞ്ഞ അവർ എന്നെ കന്യാസ്‌ത്രീകൾ നടത്തുന്ന അനാഥാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയവർ എന്നെ സംരക്ഷിക്കാമെന്നേറ്റു. പകൽ അവർ കുഞ്ഞിനെ നോക്കും. ഞാൻ ജോലിക്ക് പോകും. അതായിരുന്നു വ്യവസ്ഥ. റോഡുപണിക്കും ഭിക്ഷാടനത്തിനും പോകുന്ന സ്‌ത്രീകളുടെ കുട്ടികളെ നോക്കുന്നയിടം കൂടിയാണത്.
അവിടെ സിഫിയയുടെ ജീവിതം വഴി മാറിയൊഴുകുകയായിരുന്നു. ഈ നാളുകളിലത്രയും മൂത്തമകനെ ഫോണിൽ വിളിക്കും.. അമ്മയുടെ അവസ്ഥ പറഞ്ഞ് മനസിലാക്കും. വരാൻപോകുന്ന ഒരു നല്ലദിവസം സ്വപ്‌നം കാണാൻ പഠിപ്പിക്കും... എട്ടുമാസം സിഫിയ അവിടെ ജോലി ചെയ്‌തു. പിന്നീട് ജോലിയെടുത്ത് ജീവിക്കാമെന്ന ആത്‌മധൈര്യത്തോടെ നാട്ടിലേക്ക് മടങ്ങി. പാലക്കാട്ടെ ആശുപത്രിയിൽ റിസപ്‌ഷനിസ്‌റ്റായി ജോലി ആരംഭിച്ചു. പിന്നിട്ട ദിനങ്ങളുടെ ഓർമകളിലാണ് പുത്തൻ തീരുമാനങ്ങളെടുത്തത്. ‘കിട്ടുന്ന പണത്തിൽ നിന്ന് മറ്റുള്ളവരെ സഹായിക്കുക. അതും ഭർത്താവ് മരിച്ച സ്‌ത്രീകൾക്കായി’. അങ്ങനെ അച്‌ഛനില്ലാത്ത അഞ്ചുകുട്ടികളുടെ പഠന ചെലവ് അവൾ ഏറ്റെടുത്തു.
ചിതലായി മാറിയവൾ
ഇതിനിടെ സിഫിയ ബിഎഡ് പഠനത്തിന് ചേർന്നു. ഒപ്പം കുട്ടികൾക്ക് ട്യൂഷനെടുത്തു. അങ്ങനെ കിട്ടുന്ന വരുമാനം അംഗവൈകല്യം ബാധിച്ച കുട്ടികൾക്ക് ചികിത്സാ സഹായത്തിനായി മാറ്റിവെച്ചു. കൂടുതൽ പണം ആവശ്യമാണെന്നിരിക്കേയാണ് ഫേസ്‌ബുക്കിൽ ‘ചിതൽ’ എന്ന പേരിൽ സിഫിയ സഹായ അഭ്യർഥന നിറഞ്ഞ കുറിപ്പുകൾ എഴുതിത്തുടങ്ങിയത്. പിന്നീട് ‘ചിതൽ’ എന്ന പേജ് ആരംഭിച്ചു. എന്തുകൊണ്ട് ചിതൽ എന്ന ചോദ്യത്തിന് മുന്നിൽ സിഫിയ മെല്ലെ ചിരിച്ചു, പിന്നെ പറഞ്ഞു. ‘ ആരും എത്തിപ്പെടാത്ത... തിരിച്ചറിയപ്പെടാത്ത ഇടങ്ങളിൽ ചിതൽ നിറയുന്നു. എന്നെപ്പോലെ തിരിച്ചറിയപ്പെടാത്ത എത്രയോ പേർ നമുക്ക് ചുറ്റിനുമുണ്ട്... വൈധവ്യത്തിന്റെ ചിതലരിച്ച കുപ്പായത്തിനുള്ളിൽ.’
സ്‌നേഹസാനിധ്യം
‘മറ്റുള്ളവർക്ക് വേണ്ടി എനിക്കാവും വിധം ചെയ്യുന്നുവെന്ന് മാത്രം. 50ലധികം നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തി. വീടില്ലാത്ത 94 കുടുംബങ്ങൾക്ക് വീടുവെച്ചു നൽകി. 24 കുടുംബങ്ങൾക്ക് ശുചിമുറിയായി. കോളനികളിലെ വിധവകളുടെ നൂറിലധികം കുട്ടികൾക്ക് പഠന സഹായം നൽകുന്നു. 20ലധികം വീടുകളിൽ കിണർ നിർമിച്ചു നൽകി. ക്യാൻസർ ബാധിതർക്ക് മുടങ്ങാതെ മരുന്ന് എത്തിക്കുന്നു. 36 വിധവകൾക്ക് പെൻഷൻ നൽകുന്നു. തത്തമംഗലം, പെരുവെന്പ്, കൊല്ലത്തറ ആദിവാസി കോളനികളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നു. ഓണം, പെരുന്നാൾ ആഘോഷങ്ങളിൽ വേറെയും സഹായം. 60 കുടുംബങ്ങൾക്ക് ആറ് വർഷം തുടർച്ചയായി എല്ലാമാസവും സഹായം നൽകുന്നു. വീണ്ടും പറയട്ടെ, ഒന്നും എന്റെ പണമല്ല. എനിക്ക് കിട്ടുന്നത് ഞാൻ മറ്റുള്ളവർക്കായി നൽകുന്നുവെന്ന് മാത്രം. ഒരിക്കൽപോലുമറിയാത്ത ഒരുകൂട്ടം പേരായിരിക്കാം ചിലപ്പോൾ നമുക്ക് തണലായെത്തുക. നാട്ടിൽ സഹായത്തിന് കെഡി പ്രസേനൻ എംഎൽഎയുമുണ്ട്.’
ഇംഗ്ലീഷിൽ ബിരുദം, പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ഡിപ്ലോമ, ബി എഡ്, എംഎസ് ഡബ്ലിയു എന്നിവയിൽ പഠനം പൂർത്തിയാക്കിയ സിഫിയ പിഎച്ച്‌ഡി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
ക്ലാരസ് അവാർഡ്, കെ എംസിസി ഇ അഹമ്മദ് സാഹിബ് പുരസ്‌ക്കാരം, അവാർഡ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദരം, സൗത്ത് ഇന്ത്യ എൻജിഒ സോഷ്യൽ സ്‌റ്റാർ അവാർഡ്, വിജയ സ്‌മൃതി പുരസ്‌ക്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ സിഫിയയെ തേടിയെത്തിയിട്ടുണ്ട്. മംഗലംപാലം ഹനീഫിന്റേയും സുബൈദയുടേയും മകളാണ് സിഫിയ. മൂത്തമകൻ മുഹമ്മദ് അനീസ് എട്ടിലും ഇളയവൻ മുഹമ്മദ് അർഷദ് അഞ്ചിലും പഠിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..