15 December Sunday

സ്വപ്നച്ചിറകുള്ള റാണി അഥവാ അനുമോൾ

ജ്യോതിമോൾ ജോസഫ്‌Updated: Tuesday Jul 2, 2019


നിങ്ങൾ കണ്ടിട്ടുണ്ടോ ഒരിടത്തും തോൽക്കാത്ത മനുഷ്യരെ. ചിലരങ്ങനെയാണ്. തോൽക്കില്ലെന്ന്‌ തീരുമാനിച്ചാൽ പിന്നെ ഒരു പ്രതിബന്ധവും അവരെ തളർത്തില്ല. അനുമോൾ ഇന്ന് നാടറിയുന്ന പെൺകരുത്തായതും അങ്ങനെ തന്നെ.  അരയക്ക് താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ട അവളിന്ന് പരിമിതികളില്ലാതെ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ്.

അനുമോളും  അച്ഛൻ   സലിയും

അനുമോളും അച്ഛൻ സലിയും

ടി എസ് അനുമോൾ കോട്ടയം വേളൂർ തൈപ്പറമ്പിൽ സലിയുടെയും ശ്യാമളയുടെയും ഇളയമകൾ. എന്തിനും ഏതിനും പരസഹായം തേടേണ്ടി വന്നേക്കാമായിരുന്നവൾ  ഇന്ന് കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ ക്ലർക്കായി ജോലി നോക്കുന്നു. മകളുടെ ജീവിതം നാലു ചുവരുകൾക്കിടയിൽ ഒതുങ്ങിപ്പോകരുതെന്ന അച്ഛനമ്മമാരുടെ വാശിയാണ് അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. ആ വാശിയാണ് അവൾക്ക് മനക്കരുത്തായത്. 27 വയസുള്ള അനുവിന്റെ ഭാരം 29 കിലായാണ്. 130 സെന്റീമീറ്റർ പൊക്കവും. അച്ഛനൊപ്പം കാറിൽ ജോലി സ്ഥലത്തെത്തുന്ന അനു  നാലാം നിലയിലെ വ്യക്തഗത വായ്‌പാവിഭാഗത്തിൽ  റിമോട്ടിന്റെ സഹായത്താലുള്ള വീൽചെയറിൽ തന്റെ ജോലികളിൽ വ്യാപൃതയാണ് പരിമിതികളേതുമില്ലാതെ.

പിച്ചവച്ചു നടക്കേണ്ട നാളുകളിൽ മരുന്നുകളെ കൂടെ കൂട്ടിയതാണ് അനുമോൾ. ചെറുപ്പത്തിൽ നന്നായി തടിച്ചിരുന്നതിനാൽ വൈകല്യം തിരിച്ചറിയാൻ വൈകി. കുട്ടി എഴുന്നേൽക്കാനും മറ്റും ശ്രമിക്കാതിരുന്നപ്പോഴാണ് അസ്വഭാവികത തോന്നുന്നത്. നന്നേ ചെറുപ്പത്തിൽ കാലിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൂടെക്കൂടെയുള്ള ഫിസിയോതെറാപ്പി  ശ്വാസം മുട്ടലും പനിയും വരുത്തിയതോടെ ആയുർവേദത്തെ ആശ്രയിച്ചു. ഇന്ന്  ആയുർവേദ ചികിത്സകളോടെയാണ് ഓരോ ദിനവും തുടങ്ങുന്നത്. ആഴ്ചയിൽ മൂന്ന്ദിവസം ഡോക്ടർ വിട്ടിലെത്തി ഫിസിയോ തെറാപ്പി ചെയ്യുന്നു. ചികിത്സയുടെ ഫലമായി  ഇടയ്ക്ക് ചെറുതായി പിടിച്ചുനടന്നിരുന്നെങ്കിലും രണ്ടുവർഷമായി കാലിന് തീരെ ശേഷിയില്ല.

ഒരേ പ്രായത്തിലുള്ള മറ്റു കുട്ടികൾ അക്ഷരമുറ്റത്തേക്ക് പിച്ചവച്ചപ്പോഴും അനുമോൾ കാല് നിലത്തുറപ്പിക്കാനുള്ള പ്രയത്നത്തിലായിരുന്നു. അത് അച്ഛനുമമ്മയ്ക്കും ഉണ്ടാക്കിയ വേദനയും ചെറുതല്ലായിരുന്നു. വേദന  വാശിയായി മാറാനും അധിക സമയം വേണ്ടി വന്നില്ല. അങ്ങനെയാണ് അമ്മയുടെ തോളിലേറി വീടിനടുത്തുള്ള അങ്കണവാടിയിൽ പോയി തുടങ്ങിയത്. "മോളും എല്ലാമൊന്ന് കണ്ടോട്ടെ. അങ്ങനെ ഒരു ആഗ്രഹമേ അന്ന് ഉണ്ടായിരുന്നുള്ളു" തൊണ്ടയിടറി അമ്മ ശ്യാമള പറയുമ്പോൾ മുഖത്ത് നിറയുന്നത് അഭിമാനംമാത്രം. പോയിത്തുടങ്ങിയപ്പോഴേ പ ഠിക്കാൻ താൽപ്പര്യം കാണിച്ചതിനാൽ വേളൂർ ഗവർമെന്റ്‌ എൽപിഎസിൽ ഒന്നിൽ ച്ചേർത്തു. ചെത്തുതൊഴിലാളിയായ അച്ഛൻ അന്ന് പാലാക്കാട്ട് ജോലി ചെയ്തിരുന്നതിനാൽ ഒരു കിലോമീറ്റർ ദൂരം എടുത്തു കൊണ്ടുപോയിരുന്നത് അമ്മയാണ്. പരസഹായം വേണമെന്നതിനാൽ ക്ലാസ് മുറിയിൽ എപ്പോഴും പരിമിതികൾ കൂട്ടായി.

നാലാം ക്ലാസിനപ്പുറമുള്ള ലോകത്തെപ്പറ്റി ചിന്തിക്കാൻ പോലു കഴിയുമായിരുന്നില്ല. പക്ഷേ, പിന്നീട്‌  ഇല്ലിക്കൽ സെൻ്റ് ജോൺസ് യു പി എസ്, പുത്തനങ്ങാടി സെൻ്റ് തോമസ് ഗേൾസ് എച്ച്എസ്, കാരാപ്പുഴ എൻ എസ് എസ് എച്ച്എസ്എസ് എന്നിവിടങ്ങളിലായി പ്ലസ് ടു വരെ ഉയർന്ന മാർക്കോടെ വിജയം കൂടെ തന്നെ എത്തി.  ഈ കാലയളവിൽ അധ്യാപകരും കൂട്ടുകാരും എന്തിനും ഏതിനം ഒപ്പം നിന്നത് നൽകിയ ആശ്വാസം ചെറുതല്ല. സ്കൂൾ കവാടം വരെ ഓട്ടോയിലും അമ്മയുടെ തോളിലേറിയും ആയിരുന്നു യാത്ര.

ബി കോമിന് നഗരത്തിലെ മികച്ച കോളേജിൽ പ്രവേശനം ലഭിച്ചെങ്കിലും മുകൾ നിലയിലുള്ള ക്ലാസ് മുറിയിലേക്ക് വീൽ ചെയറിലുള്ള പോക്ക് സാധ്യമല്ലാത്തതിനാൽ ആ മോഹത്തിന് തിരശീലയിട്ടു.

പിന്നീട് സ്വകാര്യ കോളേജിൽ 3 വർഷത്തെ ബിരുദം പൂർത്തിയാക്കി. ഈ കാലയളവിൽ കംപ്യൂട്ടർ ഡിപ്ലോമയും നേടി. നാട്ടകം ഗവർമെന്റ്‌  കോളേജിൽ എം.കോം, നാട്ടകം പോളിയിൽ നിന്ന് ഫാഷൻ ഡിസൈങ്‌ ഡിപ്ലോമ.  പിന്നീട് പി എസ് സി പരിശീലനത്തിന് ചേർന്നെങ്കിലും പടിക്കെട്ടുകൾ വില്ലനായതോടെ വീട്ടിൽ പ്രസിദ്ധീകരണങ്ങളുടെയും ഇന്റർനെറ്റിന്റെയും സഹായത്താലായി പഠനം.

പിന്നീട് പരീക്ഷ കേന്ദ്രങ്ങളിലൂടെയുള്ള യാത്രയും ഏറെ വലച്ചു. അമ്മക്ക് കഴിയാതെ വന്നതോടെ  മകളെ കരുതി ജോലി ഉപേക്ഷിച്ചെത്തിയ അച്ഛന്റെ തോളിലേറിയായിരുന്നു പരീക്ഷാകേന്ദ്രങ്ങളിലത്തുന്നത്.  കോട്ടയത്തും എറണാകുളത്തുമായിരുന്നു കേന്ദ്രങ്ങൾ. പരീക്ഷാ കേന്ദ്രങ്ങളിൽ അധികൃതരുടെ സമീപനം അനുമോൾ വേദനയോടെയാണ് ഓർമിക്കുന്നത്. സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമുള്ള യാത്ര ദുഷ്കരമായതോടെ സ്വന്തമാക്കിയ കാറിലാക്കി യാത്ര. ബിരുദകാലത്ത് തുടങ്ങി പരീക്ഷ എഴുതുന്നു. ഇക്കാലയളവിൽ എഴുതിയ സഹകരണ ബോർഡിന്റെ പരീക്ഷകളിലെല്ലാം റാങ്ക് ലിസറ്റിൽ ഇടം നേടാനായത് ആത്മവിശ്വാസം വർധിപ്പിച്ചു. ഒടുവിൽ തുണയായത് എംകോം പൂർത്തിയാക്കിയ ശേഷം എഴുതിയ പിഎസ്‌ സി പരീക്ഷയാണ്.

2019 മെയ് 24ന് ജില്ലാ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ഒരു മാസത്തിനിപ്പുറം ആദ്യ പ്രതിഫലം കിട്ടിയ സന്തോഷം സഹപ്രവർത്തകരുമായി പങ്കുവയ്ക്കാനും അനു മറന്നില്ല. എന്നാൽ സന്തോഷങ്ങൾക്കിടയിലും അനുവിന്റെ സ്വപ്നങ്ങൾ കൂടുതൽ കരുത്താർജിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന നെറ്റ് പരീക്ഷയും എഴുതിക്കഴിഞ്ഞു. സാഹിത്യത്തിൽ താൽപര്യമുള്ള അനുമോളുടെ അടുത്ത ലക്ഷ്യം മലയാളത്തിൽ ബിരുദാനന്തര ബിരുദവും അധ്യാപക ജോലിയുമാണ്.

ഞായറാഴ്ചകളിലെ സംഗീതക്ലാസുകളും ചിത്രരചനയും എംബ്രോയിഡറി ജോലികളുമൊക്കെയായി എപ്പോഴും പ്രസരിപ്പോടെയാണ് അനുമോൾ.  നേടിയതിലേറെയും നേടാനുണ്ടെന്ന് വിശ്വസിക്കുന്ന കരുത്തുറ്റ സ്വപ്നച്ചിറകുള്ള റാണിയാണവൾ. അഛനമ്മമാർക്കൊപ്പം ചേച്ചി സനുമോളും ഭർത്താവ് രഞ്ജുവും ആ സ്വപ്നങ്ങൾക്ക് കൂട്ടായുണ്ട്.

ഫോട്ടോ: ജിഷ്‌ണു


പ്രധാന വാർത്തകൾ
 Top