12 August Wednesday

'അഭിനയ ചാരുലത'; വിശ്രുത നടി മാധവി മുഖര്‍ജിയുടെ ജീവിതത്തിലേക്കൊരു സഞ്ചാരം

അനില്‍കുമാര്‍ എ വിUpdated: Wednesday Jan 3, 2018

ഡോ. രാധിക സി നായര്‍ എഴുതിയ 'ബംഗാളി സിനിമയുടെ സുവര്‍ണരേഖ' എന്ന കൃതി മുന്‍നിര്‍ത്തി, എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന  വിശ്രുത നടി മാധവി മുഖര്‍ജിയുടെ ജീവിതത്തിലേക്കൊരു സഞ്ചാരം.


കാശത്ത്  പറക്കുന്ന മാലാഖമാരെക്കാള്‍ മണ്ണില്‍ ചവുട്ടുന്ന  സ്ത്രീയായി സ്വയം നിര്‍വചിക്കുന്നവരെല്ലാം അഭിനയത്തിന്റെ മണ്ഡലത്തില്‍ ഗൗരവമുള്ള നടികളാവാനാണ് ആഗ്രഹിക്കുക. ആ ശ്രേണിയിലെ സമാനതകളില്ലാത്ത സാന്നിധ്യമായിരുന്നു മാധവി മുഖര്‍ജി. പണത്തിനും പദവിക്കും ഗ്ലാമറിനും പിന്നാലെ ഭ്രാന്തസമാനമായി പരക്കംപായുന്ന മുഖ്യധാരക്കെതിരായ വിമര്‍ശനംകൂടിയായിരുന്നു ബംഗാളീ നവതരംഗത്തിന്റെ ആ പ്രതീകം. പരിഗണനയിലും പ്രതിഫലത്തിലും ആണ്‍കോയ്മയുടെ ഭാരം അടിച്ചേല്‍പ്പിക്കപ്പെട്ട മേഖലയാണ് സിനിമയുടേത്. അത് അനുഭവങ്ങളുടെ പകര്‍ത്തിവയ്ക്കലിലും ദൃശ്യവുമാണ്. മികച്ച അഭിനേത്രികളുടെ ആത്മകഥകളും ജീവചരിത്രങ്ങളും എന്തുകൊണ്ട് അത്രയധികം അച്ചടിമഷി പുരളാത്തതെന്ന അന്വേഷണം അതിനാല്‍ അതീവസംഗതവുമാണ്. ഇവിടെയാണ് 'അമി മാധവി' എന്ന മാധവി മുഖര്‍ജിയുടെ ആത്മകഥ പൊട്ടിത്തെറിയുണ്ടാക്കിയത്. അതിന്റെ അനുബന്ധമാണ് ഡോ. രാധിക സി നായര്‍ രചിച്ച് കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച 'മാധവി മുഖര്‍ജി: ബംഗാളി സിനിമയുടെ സുവര്‍ണരേഖ'  ലഘുജീവചരിത്രം. 22ാമത് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മുഖ്യാതിഥിയായ അവര്‍ക്കുള്ള ആദരമായാണ് ഈ കൃതി വെളിച്ചംകണ്ടത്.

ജീവചരിത്രമെന്നതിലുപരി ബംഗാളി സിനിമയുടെ പ്രത്യേകഘട്ടത്തിലൂടെയുള്ള സഞ്ചാരം കൂടിയാണ് രാധികയുടെ പുസ്തകം. 'ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്' എന്ന ആദ്യ അധ്യായം  നവോത്ഥാന പരിശ്രമങ്ങള്‍ സാധ്യമാക്കിയ പൊളിച്ചെഴുത്തുകളില്‍ സ്പര്‍ശിച്ചാണ് അവസാനിക്കുന്നത്. ആ ഉണര്‍വുകള്‍ക്ക് മുമ്പുള്ള സ്ത്രീയവസ്ഥ ഊഹിക്കാന്‍പോലുമാവില്ല. അനാചാരങ്ങള്‍ ചെറുതായി തൂത്തുവൃത്തിയാക്കിയാണ് അറിവിന്റെയും യുക്തിയുടെയും വെളിച്ചം തുരന്നുവന്നത്. ബലിഷ്ഠമായ ഈ പശ്ചാത്തലത്തിലാണ് സത്യജിത് റായിയുടെ 'ചാരുലത'യെ അടയാളപ്പെടുത്തേണ്ടത്. അതിലെ നായികയായ മാധവി മുഖര്‍ജിയും വേഗം വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ്. |

ബംഗ്ലാദേശില്‍ പിറന്ന മാധവി അച്ഛനമ്മമാര്‍ക്കിടയില്‍ രൂപപ്പെട്ട  സ്വരച്ചേര്‍ച്ചയില്ലായ്മ കാരണം അമ്മയുമൊത്ത് കൊല്‍ക്കത്തയിലെത്തി. ആദ്യ പേര് മാധുരി. സാമ്പത്തിക ക്ലേശം കാരണം ആ കൊച്ചിനും വെറുതെയിരിക്കാനായില്ല. മുഖകാന്തിയും അഭിനയപാടവവും കൈമുതലായ അവള്‍ സിനിമയിലെത്തി. എട്ടാം വയസ്സില്‍ പ്രേമേന്ദ്ര മിത്രയുടെ 'കന്‍കന്‍തലാ ലൈറ്റ് റെയില്‍വേ'യിലായിരുന്നു പരീക്ഷണം. ചലച്ചിത്രങ്ങള്‍ക്കൊപ്പം രംഗവേദിയിലും നിറഞ്ഞുനിന്നു. നിര്‍മലേന്ദു ലാഹിരി, ശിശിര്‍ ബാദുരി, അഹിന്ദ്ര ചൗധരി, ഛബ്ബി ബിശ്വാസ് തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. നാ, കലാറാ പോലുള്ള നാടകങ്ങള്‍ പ്രേക്ഷക പ്രശംസ നേടി. ബലിഷ്ഠമായ ആ നാടകാനുഭവങ്ങളാണ് മാധവിയുടെ അഭിനയത്തെ ചെത്തിമിനുക്കിയത്. പതിനെട്ടാം വയസ്സില്‍ മൃണാള്‍സെന്നിന്റെ 'ബൈഷേയ് ശ്രാവണി'ലൂടെയായിരുന്നു ഗൗരവമുള്ള സിനിമാ പ്രവേശനം.
നടിയെന്നനിലയില്‍ മാധവി ആഴ്ത്തിയ മായാമുദ്രകള്‍  പ്രശസ്ത ചലച്ചിത്രകാരന്മാരുടെ രചനകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിലെ ഭാഗം പഠനാര്‍ഹമാണ്.്യൂ1960ല്‍ ബൈഷേയി ശ്രാവണിലെ പ്രധാന കഥാപാത്രമായി അക്ഷരാര്‍ഥത്തില്‍ പേരെടുക്കുകയുണ്ടായി അവര്‍. അരക്കോടി മനുഷ്യരെ ജഡക്കൂമ്പാരമാക്കിയ 1943ലെ കൊടുംവരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കഥ. അതില്‍ മധ്യവയസ്‌കന്റെ ജീവിതം പങ്കിടുന്ന പതിനാറുകാരിയുടെ വേഷം. നിര്‍മാതാവ് ബിജോയ് ചാറ്റര്‍ജിയാണ് മാധുരിയെ മാധവിയെന്നാക്കിയത്. ദേശീയ പുരസ്‌കാരങ്ങള്‍ തൂത്തുവാരിയ 1973ലെ ദിബ്രത്രീര്‍കാവ്യയിലും ആ അഭിനയ തികവ് ബോധ്യപ്പെട്ടു. ഒട്ടേറെ ബദല്‍ സിനിമാ പരിശ്രമങ്ങളില്‍ ഭാഗഭാക്കായപ്പോഴും മാധവിയുടെ പേരിന്റെ പര്യായമായത് സത്യജിത് റേയുടെ ചാരുലത. ടാഗോറിന്റെ നഷ്ടനീഡ് എന്ന ചെറുകഥയുടെ സിനിമാഭാഷ്യമായിരുന്നു അത്. ''പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടക്കുന്ന കഥയായി ടാഗോര്‍ വിഭാവനംചെയ്ത നഷ്ടനീഡിനെ കൃത്യമായ കാലസൂചിയിലേക്ക് മാറ്റിക്കെട്ടുകയാണ് റായ്. നവോത്ഥാനാരംഭത്തിലെ കഥയെ നവോത്ഥാനത്തിന്റെ നിര്‍ണായക വര്‍ഷത്തിലേക്ക് പറിച്ചുനട്ടു. മാത്രവുമല്ല, കൃത്യമായി കാലം രേഖപ്പെടുത്തുകയും ചെയ്തു.'' എന്ന ഗ്രന്ഥകാരിയുടെ നിരീക്ഷണം സൂക്ഷ്മതയാര്‍ജിച്ചതാണ്. ചാരുലതയെപ്പോലൊരു സ്ത്രീയുടെ സൗന്ദര്യം അവളുടെ മനസ്സിന്റേതാണ്. ആ മനസ്സിന്റെ സമ്പന്നത പുറത്തുകൊണ്ടുവരാന്‍ മാത്രമാണ്  ശ്രമിച്ചതെന്നാണ് റായ് പ്രസ്താവിച്ചത്.
പ്രക്ഷുബ്ധമായ കാലഘട്ടം നല്‍കിയ വളര്‍ച്ചയുടെ തലയെടുപ്പ് കഥാപാത്രങ്ങളിലേക്ക് പ്രസരിപ്പിച്ചുവെന്നതാണ് മാധവിയുടെ സംഭാവന.  റായിയുടെ മഹാനഗരത്തിലെയും കാപുരുഷിലെയും കൊടുമുടിയേറിയ അഭിനയത്തിന്റെ വിശദാംശങ്ങളിലൂടെ അത്  പ്രേക്ഷകരറിഞ്ഞു. റായി നല്‍കിയ മൂന്നു വേഷങ്ങളും അവരുടെ അതുല്യ ഭാവാഭിനയ തികവിന്റെ പൂര്‍ത്തീകരണങ്ങളായി. വേഗം അനുകരിക്കാനാവാത്ത മാധവിയുടെ  വ്യത്യസ്തകളും ആരാധനയോടെ വിവരിക്കുന്നുണ്ട്. മഹാസംവിധായകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴും  വിനയവും ലാളിത്യവും കെടാതെ സൂക്ഷിച്ചുവെന്നതാണ് അതിലെ ഒരേട്. താരപ്പകിട്ടില്‍ ഒരിക്കല്‍പ്പോലും അഭിരമിക്കാതിരുന്ന അവര്‍ അഭിനയസാധ്യത തുറക്കുമെങ്കില്‍ തുച്ഛവേഷങ്ങളും സ്വീകരിച്ചു. ബംഗാളി സിനിമയെ അളവറ്റ് പ്രണയിച്ച മാധവി കൂറ്റന്‍ അവസരങ്ങള്‍ കാത്തുകെട്ടിനിന്നിട്ടും മറ്റ് ഭാഷകളിലേക്ക് കുടിയേറിയില്ല. ആറുമാസം രാജ്കപൂര്‍ പ്രതീക്ഷിച്ചിരുന്നിട്ടും  മേരാ നാം ജോക്കറിലേക്ക് കൈവന്ന അവസരം തീരുമാനത്തില്‍നിന്ന് വ്യതിചലിപ്പിച്ചുമില്ല. 

മാധവിയുടെ അസാമാന്യ ധീരതയുടെ തെളിവായി ചില സന്ദര്‍ഭങ്ങളും രാധിക വായനക്കാരുടെ മുന്നിലിടുന്നുണ്ട്. വേശ്യാത്തെരുവിലെ അന്തേവാസികളോട് നടത്തിയ പ്രസംഗമാണ് അതിലൊന്ന്. ''ഞാനും നിങ്ങളും പണിയെടുക്കുന്നത് ശരീരം കൊണ്ടാണ്. കഥാപാത്രമായി അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ ശരീരത്തെ പ്രത്യേകരീതിയിലാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ സ്വന്തം തൊഴിലില്‍ ശരീരത്തെ വ്യത്യസ്തമായി ഉപയോഗിക്കുന്നു.  ഒരിക്കലും നിങ്ങള്‍ തൊഴിലില്‍ ലജ്ജിക്കേണ്ടതില്ല.''  ഏറ്റവും നികൃഷ്ടരെന്ന്  സമൂഹം വരവുവയ്ക്കുന്ന ഒരു വിഭാഗത്തിന് ആത്മവിശ്വാസം നല്‍കിയതായിരുന്നു ആ വാക്കുകള്‍. സത്യജിത് റേയോട് മാധവിക്ക് നനുത്ത കൗതുകമുണ്ടായിരുന്നെന്നത്  പലരുടെയും ഒളിഞ്ഞുനോട്ടത്തില്‍ പതിഞ്ഞിരുന്നു. രാധിക അത് ഒറ്റ വാചകത്തില്‍ ഒതുക്കുകയാണ്. 1965 66 കാലത്ത് റായിയുടെ ഹൃദയത്തിലെവിടെയോ തൊട്ട ഒരു സ്ത്രീയെക്കുറിച്ച് ഭാര്യ ബിജോയ ആത്മകഥയായ 'അമാധേര്‍ കഥ'യില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഒരു കാലഘട്ടത്തെ കൈയിലെടുത്ത മാധവിക്ക്, സംഭാവനകള്‍ക്ക് തത്തുല്യമായ അംഗീകാരങ്ങള്‍ ലഭിച്ചില്ലെന്ന് രാധിക  സൂചിപ്പിക്കുന്നുണ്ട്. നടിക്കുള്ള ദേശീയ അവാര്‍ഡ് ഒരുവട്ടമേ തേടിയെത്തിയുള്ളൂ. മൃണാള്‍ സെന്നിന്റെ 'ദിബ്രത്രീര്‍കാവ്യ' യിലെ അഭിനയത്തിനായിരുന്നു ആ ബഹുമതി. ദാദേസാഹബ് ഫാല്‍ക്കേ പുരസ്‌കാരവും പത്മ അവാര്‍ഡുകളും ഒഴിഞ്ഞുപോയി. സംവിധാന മേഖലയിലേക്കും മാധവി കാലെടുത്തുവച്ചെങ്കിലും നടന്നില്ല. 'നല്ല ആശയം കൈമുതലായുള്ളവര്‍ക്ക് പണമില്ല; പണമുള്ളവര്‍ക്കാകട്ടെ ആശയങ്ങളുമില്ല' എന്നായിരുന്നു അവരുടെ പ്രതികരണം. മാധവിയുടെ  ആദ്യ സംവിധാന സംരംഭമായ 'ആത്മജ' നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്റെ സഹായത്തോടെയായിരുന്നു. മഹാശ്വേതാദേവിയുടെ 'രുദാലി'യും ടെസ്റ്റ്ട്യൂബ് ശിശുക്കളെക്കുറിച്ചുള്ള മറ്റൊരു കഥയും സിനിമയാക്കാന്‍ മോഹിച്ചെങ്കിലും നിര്‍മാതാവിന്റെ  അഭാവം കാരണം അവ തുടക്കത്തിലേ അലസി.

ഒരുവട്ടംമാധവി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും  പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ആ സാഹസം. ജാദവ്പൂര്‍ മണ്ഡലത്തില്‍ ബുദ്ധദേവ് ഭട്ടാചാര്യയോട് മുപ്പതിനായിരം വോട്ടിന് പരാജയപ്പെടുകയായിരുന്നു. കൗതുകങ്ങളും വിസ്മയങ്ങളും നിറഞ്ഞുതുളുമ്പുന്ന ആ ജീവിതം ചായം പുരട്ടാതെ തുറന്നുവയ്ക്കുന്ന ഡോ. രാധികയുടെ ദൗത്യം ഇനിയും വികസിക്കേണ്ടുന്ന സിനിമാ ജീവചരിത്രങ്ങള്‍ക്കൊരു മാതൃകയാണ്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top