26 September Saturday

കൊണ്ടപ്പള്ളി കോടേശ്വരമ്മ ...പോരാട്ടം, എഴുത്തിലും ജീവിതത്തിലും

ഡോ. ശരത് മണ്ണൂര്‍Updated: Tuesday Sep 25, 2018

പോരാട്ടങ്ങളുടെ കനല്‍ വഴികളിലൂടെ എഴുത്തിനേയും ജീവിതത്തേയും കൊണ്ടുപോയ കൊണ്ടപ്പള്ളി കോടേശ്വരമ്മ ഇനി ഓര്‍മ.  സംഭവബഹുലമായ ഒരു ദീര്‍ഘജീവിതത്തിന് പൂര്‍ണവിരാമമിട്ടുകൊണ്ടാണ് ഇക്കഴിഞ്ഞ     പത്തൊന്‍പതിന് തൊണ്ണൂറ്റിയൊന്‍പതാമത്തെ വയസ്സില്‍ അവര്‍ വിടവാങ്ങിയത്.  സ്ത്രീകളുള്‍പ്പെടെയുള്ള, സമൂഹത്തിലെ പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങളില്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയും എഴുത്തിലുടെ   പൊതുസമൂഹവുമായി ആശയസംവാദങ്ങള്‍ നടത്തുകയും ചെയ്തു അവര്‍. രാഷ്ട്രീയ പ്രവര്‍ത്തനം, ആക്ടിവിസം, സാമൂഹ്യ വിപ്ലവം, എഴുത്ത് എന്നിങ്ങനെ കര്‍മനിരതമായ വിവിധ രംഗങ്ങളില്‍ അവര്‍ വിസ്മയിപ്പിക്കുന്ന സാന്നിധ്യമായിരുന്നു.   

ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ പമാറു പട്ടണത്തിലുള്ള ഒരു സമ്പന്ന കുടുംബത്തില്‍ 1920 ല്‍ ജനിച്ച കോടേശ്വരമ്മയുടെ ജീവിതം പക്ഷേ, കടുത്ത പോരാട്ടങ്ങളുടെ പരീക്ഷണശാലയായിരുന്നു. അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ സമ്മര്‍ദ്ദത്താല്‍ ശൈശവ വിവാഹം എന്ന ദുരാചാരത്തിന് അവര്‍ക്കും ഇരയാകേണ്ടി വന്നു.  ഒമ്പതാമത്തെ വയസ്സില്‍ വിധവയാകേണ്ടിവന്ന കോടേശ്വരമ്മ പക്ഷേ തിരിച്ചറിവിന്റെ പ്രായമെത്തിയതോടെ സ്ത്രീവിരുദ്ധമായ എല്ലാ ആചാരങ്ങളേയും എതിര്‍ത്തു. പത്തൊന്‍പതാമത്തെ വയസ്സില്‍ പുനർവിവാഹം ചെയ്ത് അവര്‍ ചരിത്രം തിരുത്തിയെഴുതി. പില്‍ക്കാലത്ത്  പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് എന്ന തീവ്ര ഇടതു സംഘടനയുടെ സ്ഥാപകനായി അറിയപ്പെട്ട സീതാരാമയ്യയായിരുന്നു വരന്‍.

ആയിരത്തി തൊള്ളായിരത്തി നാല്പതുകള്‍ മുതല്‍ കോടേശ്വരമ്മയുടെ ജീവിതത്തിലെ ഏറ്റവും പരീക്ഷണോന്മുഖവും സംഘര്‍ഷഭരിതവുമായ കാലഘട്ടം ആരംഭിക്കുകയാണ്.  തെലങ്കാനയിലെ കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിത്തീര്‍ന്ന അവര്‍ നിസാം ഭരണത്തിനെതിരെയുള്ള സായുധ വിപ്ലവത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അധികാരികളുടെ നോട്ടപ്പുള്ളിയായി. 1946 മുതല്‍ അഞ്ചു വര്‍ഷത്തോളം അവര്‍ ഒളിവിലായിരുന്നു. പക്ഷേ, അപ്പോഴും നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും അണിയറയില്‍ നിന്നും നേതൃത്വം നല്‍കി  ഒളിവുജീവിതവും  അവര്‍ കര്‍മനിരതമാക്കി.

കഥകളും കവിതകളും   ലേഖനങ്ങളുമായി നൂറുകണക്കിന് കൃതികള്‍ രചിച്ച കോടേശ്വരമ്മ നാലു പുസ്തകങ്ങള്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘അമ്മ ചെപ്പിന ഐതു ഗെയാലു', ‘അശ്രു സമീക്ഷണം', ‘സംഘമിത്ര കാതലു', ‘നിര്‍ജന വാരധി' എന്നിവയാണവ. ഇവയില്‍ ഏറ്റവും പ്രധാനം ആത്മകഥയായ ‘നിര്‍ജന വാരധി'യാണ്. ‘ദ ഷാര്‍പ്പ് നൈഫ് ഓഫ് മെമ്മറി' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകം തെലങ്കാനയിലെ സാമൂഹ്യ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. അന്താരാഷ്ട്രതലത്തിലും ഈ കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു.എഴുത്ത് കോടേശ്വരമ്മയെ  സംബന്ധിച്ചിടത്തോളം ഒരിക്കലും ആത്മസംതൃപ്തിക്കുവേണ്ടിയുള്ള ഒരനുഷ്ഠാനമായിരുന്നില്ല.

താനുള്‍പ്പെടുന്ന സ്ത്രീസമൂഹത്തിന്റെ    സ്വത്വപ്രകാശനത്തിന്റേയും  സ്വാതന്ത്ര്യവാഞ്ഛയുടേയും ശക്തമായ ഒരുപാധിതന്നെയായിരുന്നു. തെലങ്കാന പ്രക്ഷോഭത്തിനു  ശേഷം ഭര്‍ത്താവ് സീതാരാമയ്യ കോടേശ്വരമ്മയേയും രണ്ടുമക്കളേയും  തനിച്ചാക്കി പുതിയ  പ്രവര്‍ത്തനപഥങ്ങളിലേക്ക്  തിരിഞ്ഞപ്പോള്‍ കഥകളെഴുതിയും ആകാശവാണിയില്‍ പരിപാടികളവതരിപ്പിച്ചുമാണ്  അവര്‍ ജീവസന്ധാരണത്തിനുള്ള വഴി കണ്ടെത്തിയത്. മെട്രിക്കുലേഷന്‍ പരീക്ഷയെഴുതി സര്‍ക്കാര്‍ സർവീസില്‍  ചെറിയ ജോലിയും കരസ്ഥമാക്കിയ അവര്‍ അക്കാലത്ത്‌ പഠിച്ചത് സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍ കൂടിയായിരുന്നു.

സ്ത്രീത്വത്തിന്റെ ശക്തിയില്‍ വിശ്വസിക്കുകയും അതിനെ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഇന്ധനമാക്കുകയും ചെയ്ത അസാധാരണ വനിതയായിരുന്നു കൊണ്ടപ്പള്ളി  കോടേശ്വരമ്മ.  ധീരതയുടേയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ അവരെക്കുറിച്ചുള്ള ഓര്‍മകള്‍ സത്രീസമൂഹത്തെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top