13 August Saturday

സർഗാത്മകതയുടെ 'നവലോക' മേഖലകൾ

ബിനോയ്‌ കുറ്റുമുക്ക്‌Updated: Tuesday May 8, 2018

കലയുടെ 'നവലോക'ത്തിലേക്ക് ഒരു ജാലകം തുറന്നിടുകയാണ് ഈ കൃതി. അനുദിനം മാറുന്ന ലോകത്തിലാണ് നാമിപ്പോൾ. ചിത്ര‐ശിൽപ്പ കലാരംഗത്തെപ്പറ്റിയുള്ള സ്ഥൂലധാരണകൾ നിലംപൊത്തി. പുതിയ ധാരണകൾ പലതും ക്ഷണികമായി. ആശയ മണ്ഡലത്തിലെ കലാസമരത്തിൽ കലയുടെ രാഷ്ട്രീയം എന്ന ആയുധത്തെ മൂർച്ചകൂട്ടേണ്ടിയിരിക്കുന്നു. ആധുനിക കേരളത്തിലെ ചിത്രകല, ശിൽപ്പകല എന്നിവയിലെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയുള്ള അന്വേഷണങ്ങളിലൂടെ ഊളിയിട്ടുപോകുന്ന ശക്തമായ രചന. കലയെ ഗൗരവത്തോടെ കാണുന്ന ആർക്കും ഒഴിവാക്കാനാവാത്ത പുസ്തകം.

മാറുന്ന കലാരംഗത്തെ വിലയിരുത്തിക്കൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണ് 'കലയുടെ നവലോകം'. ആധുനികത ചൂട്ടുമിന്നിച്ച കാലംമുതലുള്ള കലയുടെ പൊതുമണ്ഡല നിർമ്മിതിയെ വിശദമായി പഠിച്ച കൃതി. ചിത്രകാരിയും കവിയും കലാഗവേഷകയും തൃശ്ശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽ കലാചരിത്രം അധ്യാപികയുമായ ഡോ. കവിതാ ബാലകൃഷ്ണനാണ് കലയുടെ രാഷ്ട്രീയം വിശകലനം ചെയ്യാനുള്ള ധീരമായ ശ്രമം 'നവലോക'ത്തിൽ നടത്തിയത്.

മാറ്റത്തിന്റെ ഈ കാലത്ത് കൂടുതലായും കേരളത്തിൽ ജീവിക്കുകയും കലാപ്രവർത്തനങ്ങളിൽ പല അവസ്ഥാന്തരങ്ങളിൽ ഇടപെടുകയും ചെയ്തതിന്റെ 2007 മുതലുള്ള ചില സാക്ഷ്യങ്ങളാണ് ഈ ലേഖന സമാഹാരം. പുതിയ സന്ദർഭത്തിൽ കലയുടെ ആസ്വാദനക്കുറിപ്പുകളോ സൗന്ദര്യ ചിന്തയോ അതിന്റെ രാഷ്ട്രീയമോ ഓരോ നിലയ്ക്ക് ഒറ്റയ്ക്കെടുത്ത് എഴുതുന്ന രീതിയല്ല ഈ പുസ്തകത്തിൽ അവലംബിക്കുന്നത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഉണ്ടാകുന്ന കലയെന്ന കുറെക്കൂടി വിശാലവും ചരിത്രപരമായ വ്യാവഹാരികതയും അതിനോടുള്ള കാലികസമീപനങ്ങളുമാണ് ഇതിലെ ലേഖനങ്ങളുടെ പരിഗണന.

'സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തെ ആധുനിക കല'യാണ് ഇന്ന് നമ്മൾ കാണുന്നത്. മാന്ദ്യം സാമ്പത്തികം മാത്രമല്ല, അത് വ്യവസ്ഥകൾ തരുന്ന സാധ്യതകളുടെ ഉറവിന്റെ കാര്യവുമാണ്. കല അപ്പോൾ അതിന്റെ തന്നെ നിലനിൽപ്പിനായി അപ്രവചനീയതകളുടെ സാധ്യതകൾ പെരുപ്പിക്കുന്നു. ഒരു കലാസൃഷ്ടിയുടെ മൂല്യം, പ്രസക്തി, കാരണം ഇവ കൂടുതൽ ശരിയായി ഊഹിക്കാമോ, എന്നതാണ് വീണ്ടും ഇപ്പോൾ ചിന്തിക്കേണ്ടി വരുന്നത്.

പ്രശസ്ത നോവലിസ്റ്റ് ഒ വി വിജയന്റെ സഹോദരി ഒ വി ശാന്ത അഥവാ ശാന്ത ഗംഗാധരൻ എന്ന ചിത്രകാരി ചിത്രകാരിയെന്ന നിലയിലല്ല, 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപികയാണ് എന്നത് അധികമാരും അറിയാനിടയില്ല. ഒ വി വിജയൻതന്നെ തന്റെ ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ ആ നോവലെഴുതാൻ പ്രചോദനമായിരുന്ന അനിയത്തി ശാന്തയെകുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ കെസിഎസ് പണിക്കർ, പത്മിനി, സി എൻ കരുണാകരൻ, നമ്പൂതിരി, കാനായി, എം വി ദേവൻ, ബിനാലേ ഫൗണ്ടേഷന്റെ സാരഥികളായ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, ഗോപീകൃഷ്ണ, വി ശങ്കരൻ, ചാർളി, ശിൽപി കൃഷ്ണകുമാർ...ഇങ്ങനെ എത്രയോ പേരെ കവിതയുടെ തൂലിക കൈവെയ്ക്കുന്നു.


എല്ലാറ്റിനെയും തുറന്ന് വിചാരണചെയ്യുന്ന ഈ കൃതി വാസ്തവത്തിൽ ഒരു ദാർശനികതലം ഉൾക്കൊള്ളുന്നുണ്ട്. അത് ഒരു ആത്മീയമായ  ഉയിർത്തെഴുന്നേൽപ്പിന്റെ അന്വേഷണം കൂടിയാണ്. ആത്മകഥാപരമായ ആഖ്യായികയെന്നു വിളിക്കാം. ചില വർണനകൾ വളരെ പച്ചയായി അനുഭവപ്പെടുമെങ്കിലും മൊത്തത്തിൽ ഇത് വളരെ ഗൗരവമുള്ള ഒരു സാഹിത്യസൃഷ്ടിതന്നെയാണ്. കലയെക്കുറിച്ചും അതിന്റെ പ്രേരണയെക്കുറിച്ചും നാണിക്കാനൊന്നുമില്ലെന്ന് കലാകാരി നമ്മെ ഓർമ്മപ്പെടുത്തുന്നു. ചൂഷക സമൂഹത്തിന്റെ ധർമരോഷങ്ങൾ വെറും നാട്യമാണ്. കല സുന്ദരമാണ്. അത് കച്ചവടവൽക്കരിക്കപ്പെടുമ്പോഴാണ് മലിനവും വിരൂപവുമാകുന്നത്.


ഓരോ ലേഖനത്തിലും യഥാർഥ സംഭവങ്ങളുണ്ട്. ഈ സംഭവങ്ങളെ ഭാവനാത്മകമായി ആവിഷ്കരിക്കുന്ന കലാകൗശലവുമുണ്ട്. ഇവ രണ്ടും ആഖ്യാനശാസ്ത്രത്തിനു മുഖ്യമാകുന്നു. പരസ്പരം ഇഴചേർന്നുകിടക്കുന്ന ശിൽപ്പവും ചിത്രവും വേർപിരിയുമ്പോൾ അവയുടേതായ യുക്തിയും വാസ്തവികതയും തലച്ചോറിലെ രക്തക്കുഴലുകളെ ഉണർത്തും. കലാനിരൂപണ വിചാരത്തിൽ തന്റേതായ ഒരു പാത കവിത വെട്ടിയുണ്ടാക്കി എന്നുപറയാം. യൂറോപ്യൻ ദർശനങ്ങളും പടിഞ്ഞാറൻ കലയും ബന്ധിപ്പിക്കുന്നതിൽ കവിത നല്ലൊരു പങ്കാണ് വഹിച്ചിട്ടുള്ളത്. ഉൾക്കട്ടിയുള്ള പ്രബന്ധങ്ങൾ കവിതയിൽനിന്നുണ്ടാകുന്നു.


ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ ഒരു സത്യം മനസ്സിലാകും‐ യഥാർഥ കലാനിരൂപകർ നമുക്കില്ല എന്നതാണു സത്യം. നിരൂപകർ എല്ലാവരും സുഹൃത്തുക്കളായിരിക്കും. നിർഭാഗ്യകരമെന്നു പറയട്ടെ, കലാകാരനെയും ആസ്വാദകനെയും നവീകരിക്കുന്ന നിരൂപകർ നമ്മുടെ ഇടയിൽ വളരെ കുറവാണ്. പ്രത്യേകിച്ച് കലാനിരൂപണത്തിൽ. വളരെ ചുരുക്കം പേരെ ആർട്ടിസ്റ്റുമാരുമായി സംവദിക്കുന്നുള്ളൂ. പുസ്തകം വായിച്ചാൽ മാത്രം ഒരു കലാകാരന്റെ സംഭാവന എന്തെന്ന് അറിയാൻ കഴിയില്ല. അവരുടെ വർക്ക് കാണണം, അവരുമായി സംഭാഷണത്തിലേർപ്പെടണം.


ആശയങ്ങൾ, സംഘടിപ്പിച്ച സംവാദങ്ങൾ, മുന്നോട്ടുവെച്ച സമസ്യകൾ പോസ്റ്റ്‐പോസ്റ്റ് മോഡേൺ കാലത്തും ആലോചനാ മണ്ഡലങ്ങളിൽ എത്തുന്നു. അവയുടെ ചൂടും വെളിച്ചവും നഷ്ടമായിട്ടില്ല. വ്യത്യസ്ത 'നവലോക'ങ്ങളെക്കുറിച്ചുള്ള പല അടരുകളെ ഒന്നിച്ചെടുക്കുന്ന, ഏകപക്ഷീയമാകാൻ താല്പര്യപ്പെടാത്ത ധാരണയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളെ പരസ്പരം ഘടിപ്പിക്കുന്നത്. 21 ലേഖനങ്ങളാണ് ഇതിലുള്ളത്. ഡിസി ബുക്സാണ് ഇത് പ്രസിദ്ധീകരിച്ചത്. വില: 250.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top