23 March Thursday

ജന്മിത്വം അടയാളപ്പെടുത്തിയ ജീവിതങ്ങള്‍; ബിന്ദുവിന്റെ വരികള്‍ പാടിപ്പറഞ്ഞത് വയനാടന്‍ ഗോത്രതാളം...

പി ഒ ഷീജUpdated: Tuesday Jul 4, 2017

'ഇങ്ക്ഒരുക്ക വാത്തമ ചിന്തുരിപോണ്ണെ
എന്നെകൂടാ വാഞ്ചെവാ, ചിന്തൂരിപോണ്ണെ
നിന്നെക്കൂടാ വാന്തൊല്ല കാവില പോവാ
പുള്ളിയുള്ള കുപ്പായ വാങ്കിതരുവയോ........*

ആടിയും പാടിയും ആര്‍ത്തുല്ലസിക്കുന്ന പ്രണയമിഥുനങ്ങള്‍. വിദൂരതയില്‍ നിന്നുയരുന്ന അവരുടെ പാട്ടിന് കാട്ടരുവികള്‍ താളമിട്ടു. കാടകംവാണ ഗജവീരര്‍ ചെവികൂര്‍പ്പിച്ച് ശാന്തരായി. ഇലച്ചാര്‍ത്തുകളില്‍ ഒളിച്ചിരുന്ന കുയിലുകള്‍ അരുവിയുടെ സംഗീതത്തിന് ഈണമിട്ടു. മയിലുകള്‍ നൃത്തംചവിട്ടി. പുള്ളിമാന്‍ കൂട്ടങ്ങള്‍ എത്തിനോക്കി...... കാട്ടാറില്‍ തുള്ളിക്കളിച്ചും ഞാറ്റുപാട്ടിന്റെ ഈണമുയരുന്ന വയലുകളില്‍ മണ്ണപ്പംചുട്ടും ചെളിവാരിയെറിഞ്ഞും  നിറഞ്ഞൊഴുകുന്ന തോടുകളില്‍ മീന്‍പിടിച്ചും ചേറുപുരണ്ട വയലിന്റെ ഓരങ്ങളിലേക്ക് മറയുന്ന ഞണ്ടിനെ കോര്‍ത്തുപിടിച്ചും ബാല്യകൌതുകങ്ങളിലെ കുസൃതികളും ആഹ്ളാദങ്ങളും യൌവനത്തിന്റെ കാല്‍പ്പനികതയും നിറച്ച് ആ പ്രണയജോഡികള്‍ യൂട്യൂബില്‍ വൈറലായി. 'കാട്ടുതേന്‍' എന്ന മ്യൂസിക് ആല്‍ബത്തിലാണ് വയനാടന്‍ ഗോത്രജീവിതത്തിന്റെ നോവും നൊമ്പരവും ദൃശ്യവല്‍ക്കരിച്ചത്. കുടകിലെ ഇഞ്ചിപ്പാടത്ത് മരിച്ചുവീഴുന്ന ആദിവാസി ജീവിതമാണ് പ്രണയകഥാരൂപത്തില്‍ മ്യൂസിക് ആല്‍ബമായി രംഗാവിഷ്കാരം നടത്തിയത്. ആയിരങ്ങള്‍ ലൈക്കുചെയ്ത ഈ ആല്‍ബത്തിന് പിന്നില്‍ വേദനയുടെ കണ്ണീരുപ്പുണ്ടണ്ട്‌. പട്ടിണിയുടേയും വറുതിയുടേയും ഇല്ലായ്മകളുടേയും കദനകഥകളുണ്ടണ്ട്‌..... ഈ ആല്‍ബത്തിന് നിദാനമായ പാട്ട് എഴുതിയത് ബിന്ദു ദാമോദരന്‍ എന്ന ആദിവാസി യുവതിയാണ്. സ്കൂളിന്റെ പടി ചവിട്ടാന്‍ ഭാഗ്യംകിട്ടാത്ത ഈ പണിയ യുവതി ഇന്ന് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന കവയിത്രിയാണ്. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത ഇവര്‍ ഇമ്പമൂറുന്ന നാടന്‍ പാട്ടുകളിലൂടെ സംഗീതലോകത്തും ചുവടുറപ്പിച്ച് കഴിഞ്ഞു. നല്ല മലയാളത്തിലും ആദിവാസി ഭാഷയിലും എഴുതിയും പാടിയും അഭിനയിച്ചും ഗോത്രഗരിമയുടെ ആത്മാവാണ് ബിന്ദു ലോകത്തിന് നല്‍കുന്നത്. അവഗണനയുടെ പുറമ്പോക്കുകളിലേക്ക് തഴയപ്പെട്ട, ജനിച്ച മണ്ണില്‍നിന്ന് നിഷ്കാസിതരാകുന്ന, സ്വന്തം സ്വത്വംപോലും നഷ്ടമായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഗോത്ര ജനതയുടെ വേദനകളും സംസ്കൃതിയുടെയും ജീവിതത്തിന്റെയും താളങ്ങളുമാണ് ഈ 39കാരിയുടെ അക്ഷരങ്ങള്‍ക്ക് ജീവന്‍പകരുന്നത്. കമ്പളനാട്ടിപ്പാട്ട്, വട്ടക്കളി പാട്ട്, ഗോത്രപ്രണയ പാട്ട്, താരാട്ട് പാട്ട്, കൂളിയ പാട്ട്, കാവ് പാട്ട്, കുട്ടികളുടെ കളിപ്പാട്ട്, കൃഷിപ്പാട്ട്് തുടങ്ങി 500ലധികം കവിതകള്‍ ഇവര്‍ എഴുതിയിട്ടുണ്ടണ്ട്‌. ജന്മിത്വം അടയാളപ്പെടുത്തിയ കമ്പളനാട്ടിയില്‍ അനാഥത്വം വേട്ടയാടുന്ന ആദിവാസി ജീവിതത്തിന്റെ തേങ്ങലുകളാണ്.

തമ്പുരാന്റെ പാപ്പാത്തിക്ക് കാണാന്‍വേണ്ടി കമ്പളനാട്ടി ചെയ്യേണ്ടിവരുന്നതും, ജന്മിമാരുടെ വീട്ടിലെ കിണറ്റില്‍നിന്നും ഒരു കലം വെള്ളം കോരുവാന്‍പോലും അനുവാദമില്ലാത്തവരുമായ തങ്ങളുടെ അടിമജീവിതവും ഇവരുടെ കമ്പളനാട്ടിപ്പാട്ടില്‍ കാണാം.  ഒരു കാലത്ത് ആദിവാസികള്‍ അനുഭവിച്ച് വന്ന അടിമത്തവും അയിത്തവും എല്ലാം ഈ കവിതകളില്‍ ഉണ്ട്. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നാടന്‍പാട്ടും ആദിവാസികലാരൂപങ്ങളും നാട്ടുകൂട്ടവും ഇവര്‍ അവതരിപ്പിച്ച് വരുന്നു.  'കാട്ടുതേന്‍' വീഡിയോ ആല്‍ബത്തിന് പുറമേ ബിന്ദുവിന്റെ വരികള്‍ ജീവന്‍ പകര്‍ന്ന "എന്റെ  വയനാട് വീഡിയോ ആല്‍ബ''വും യൂട്യൂബില്‍ ഹിറ്റാണ്. 'മൊഴിമുത്തുകള്‍' എന്ന പേരില്‍ ആദിവാസി ഗാനങ്ങളുടെ സിഡിയും ബിന്ദു പുറത്തിറക്കിയിട്ടുണ്ട്. അന്യംനിന്നുപോകുന്ന നെല്‍കൃഷിയെകുറിച്ച് ഇവര്‍ തയ്യാറാക്കിയ 'ഏര് പാട്ട'് ചിങ്ങമാസത്തില്‍ മ്യൂസിക് ആല്‍ബമായി പുറത്തിറങ്ങും.

കൃഷിയിടങ്ങളില്‍നിന്ന് അക്ഷരങ്ങള്‍ തേടി...
മേപ്പാടി പഞ്ചായത്തിലെ കല്ലുമല റാട്ടക്കൊല്ലി കോളനിയിലെ  ചാത്തിയുടേയും കല്യാണിയുടേയും മകളാണ് ബിന്ദു. കാരാപ്പുഴ അണക്കെട്ടിനുവേണ്ടി കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങളില്‍ ഒന്നാണ് ഇവരുടേത്. പദ്ധതിക്കുവേണ്ടി ഭൂമി ഒഴിഞ്ഞ് കൊടുത്ത ചാത്തിക്ക് ഒരു കൈയില്‍ കൊച്ചുബിന്ദുവിനെയും മറു കൈയില്‍ ഒരു കെട്ട് വിറകും അല്‍പ്പം മുറുക്കാന്‍ കൂട്ടുമായി ജനിച്ച മണ്ണില്‍നിന്നും  പടിയിറങ്ങേണ്ടിവന്നു. മേപ്പാടിയില്‍ കല്ല്മല വനത്തോടുചേര്‍ന്ന ഭൂമിയില്‍ അവര്‍ കുടിപ്പാര്‍ത്തു.

ബിന്ദുവിനെ സ്കൂളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ നടന്നില്ല. പുല്ലുമേഞ്ഞ കൂരയിലെ ഇരുട്ടുമുറിയില്‍ ജന്മംകൊള്ളുന്ന ആദിവാസികള്‍ക്ക് ആര് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍. സ്കൂളില്‍പോകാന്‍ കഴിയാത്തതിനാല്‍ അപ്പനും അമ്മയ്ക്കുമൊപ്പം തമ്പ്രാക്കന്മാരുടെ കൃഷിയിടങ്ങളിലേക്ക് ബിന്ദുവും പണിക്കുപോയി. ഹരിശ്രീ ഗ്രന്ഥശാലയ്ക്കുസമീപം നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന പാടങ്ങളില്‍ അമ്മയ്ക്കും മറ്റ് ആദിവാസികള്‍ക്കുമൊപ്പം  ബിന്ദുവും പണിക്കിറങ്ങി. ഞാറുപറിച്ചും കളമാന്തിയും കാര്‍ഷിക ജീവിതത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുമ്പോള്‍ ആ ആദിവാസി ബാലികയ്ക്ക് പ്രായം ആറ്. വേലയെടുത്ത് മടുക്കുമ്പോള്‍ തൊട്ടടുത്ത വായനശാലയ്ക്കുസമീപം എത്തും. അവിടെ കൂട്ടിയിട്ട പഴയ പത്രങ്ങള്‍ നോക്കും. കറുത്ത് കുനുകുനെയുള്ള അക്ഷരങ്ങളില്‍ ഒളിപ്പിച്ച അറിവിന്റെ അക്ഷയ ഖനിക്കായി അവളുടെ ഉള്ളംപിടഞ്ഞു.

അക്ഷരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം വൈകിട്ട് കോളനിക്കുസമീപം നടത്തുന്ന സാക്ഷരതാക്ളാസിലേക്ക് അവളെ എത്തിച്ചു. അവിടെ  പഠിപ്പിക്കുന്ന അക്ഷരങ്ങളോരൊന്നും  സാധനങ്ങള്‍പൊതിഞ്ഞ കടലാസിലെ അക്ഷരങ്ങളുമായി ഒത്തുനോക്കി അവള്‍ വായിക്കാന്‍ പഠിച്ചു. കാപ്പിക്കുരുക്കളെണ്ണി അക്കങ്ങള്‍ പഠിച്ചു.

സാക്ഷരതാക്ളാസിലെ അധ്യാപകരാണ് ബിന്ദുവിന്റെ എഴുതാനും പാടാനുമുള്ള കഴിവ് തിരിച്ചറിഞ്ഞത്. സാക്ഷരതാ കലോത്സവത്തിലും കേരളോത്സവങ്ങളിലും പാട്ടിനങ്ങളില്‍ ജേതാവായി. പല കലോത്സവങ്ങളിലും കലാതിലകമായി. ലളിതഗാനം, നാടന്‍പാട്ട്, തുടങ്ങിയ ഇനങ്ങളിലാണ് ബിന്ദു മികവ് തെളിയിച്ചത്. സ്വന്തമായി എഴുതിയ പാട്ട് പാടിയും ഒന്നാം സ്ഥാനത്തെത്തി. റേഡിയോഗാനങ്ങള്‍ കേട്ടാണ് പാട്ട് പഠിച്ചത്. ബിന്ദുവിന്റെ ഗാനങ്ങള്‍ മുഴുവന്‍ കിര്‍ത്താഡ്സ് സമാഹരിച്ചിട്ടുണ്ടണ്ട്‌.

ബിന്ദു പാടിയ ആല്‍ബങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നാടന്‍പാട്ടും ആദിവാസി കലാരൂപങ്ങളും അവതരിപ്പിച്ച് വരുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച സാഹിത്യ സെമിനാറിലും പങ്കെടുത്തിട്ടുണ്ട്. 2009ല്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ നടന്ന സാക്ഷരതാ വിരുന്നിലും ബിന്ദു പങ്കെടുത്തു. ശ്രീ മുത്തപ്പന്‍ സീരിയലിലും ഇവര്‍ വേഷമിട്ടു. മക്കളും ബന്ധുക്കളും എല്ലാം ഉള്‍പ്പെട്ട മണിമല നാട്ടുകൂട്ടം എന്ന നാടന്‍പാട്ട് ട്രൂപ്പിനും ഇവര്‍ ജന്മം നല്‍കിയിട്ടുണ്ടണ്ട്‌.

ഭര്‍ത്താവ് ദാമോദരന്‍ ബിന്ദുവിന്റെ എല്ലാ കഴിവുകളെയുംപ്രോത്സാഹിപ്പിച്ച് ഒപ്പമുണ്ട്. 'എന്റെ വയനാട്' മ്യൂസിക് ആല്‍ബം നിര്‍മിച്ചത് ഇദ്ദേഹമാണ്. അഞ്ചാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ദാമോദരന്‍ കെട്ടിടനിര്‍മാണ ജോലിചെയ്താണ് ബിന്ദുവിന്റെ വൃദ്ധമാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബം കഴിയുന്നത്. പ്ളസ് ടു വിദ്യാര്‍ഥികളായ സുധീഷ്കുമാര്‍, സുധന്യ, പത്താം ക്ളാസ് വിദ്യാര്‍ഥിനി രേവതി എന്നിവരാണ് ഇവരുടെ മക്കള്‍.

സമ്പാദ്യം സുഗതകുമാരിയുടെ കവിതാസമാഹാരം
ഗാനങ്ങള്‍ എഴുതിയും പാട്ട് പാടിയും കാസറ്റ് ഇറക്കിയും ഗോത്രതാളം തിരികെപിടിക്കാന്‍ ശ്രമിക്കുന്ന ബിന്ദുവും കുടുംബവും പക്ഷേ ഇപ്പോഴും ദാരിദ്യ്രത്തിലാണ്. കാസറ്റുകള്‍ വിറ്റും കച്ചവടം ചെയ്തും ലാഭമുണ്ടാക്കാന്‍ ഗോത്രസംസ്കാരം ഇവരെ പഠിപ്പിച്ചിട്ടില്ല. ഒരു ബുക്ക് സ്വന്തമായി വാങ്ങാന്‍പോലും ഇവര്‍ക്ക് പണമില്ല. എന്തിന് വര്‍ത്തമാനപത്രം വാങ്ങാന്‍പോലും ഭാരിച്ച ജീവിത ചെലവ് കാരണം നിവര്‍ത്തിയില്ലെന്ന് ബിന്ദു പറയുന്നു.

ഒരു വിദ്യാലയം ആദരിച്ചപ്പോള്‍ സമ്മാനമായി ബിന്ദു ആവശ്യപ്പെട്ടത് സുഗതകുമാരിയുടെ കവിതാസമാഹാരമാണ്. ദാരിദ്യ്രം പടുന്തിരി കത്തുന്ന കൊച്ച് വീട്ടില്‍ ആകെയുള്ളതും ആ പുസ്തകമാണ്. പക്ഷേ ഇവര്‍ക്ക് എഴുത്തും പ്രതിഭയുമൊന്നും വെറുമൊരു കച്ചവടച്ചരക്കല്ല. മണ്ണിനോടും പ്രകൃതിയോടുമുള്ള അനന്യ പ്രണയത്തിന്റെ ഉള്ളുലക്കുന്ന ആത്മാവിഷ്കാരമാണ്. സാംസ്കാരികാധിനിവേശത്തില്‍ സ്വത്വം നഷ്ടമാകുന്ന മദ്യത്തിനടിപ്പെട്ട് വംശനാശം സംഭവിക്കുന്ന ഗോത്രജീവിതത്തിനുള്ള ഉണര്‍ത്തുപാട്ടാണ്. അതു കൊണ്ടാണ് "ഇനിയെന്ത് ചെയ്യും നാം എന്നോര്‍ത്തിരിക്കല്ലെ, ഇനിയെന്ത് ചെയ്യേണ്ടു നാം എന്ന് ചിന്തിക്കുവിന്‍'' എന്ന് ഈ കവയിത്രി നമ്മെ ഓര്‍മപ്പെടുത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top