29 May Monday

സ്‌നേഹത്തിന്റെ ഗന്ധമാണ് നീര്‍മാതളപ്പൂവിന്‌

രാജശ്രീ നിലമ്പൂർUpdated: Tuesday May 28, 2019

‘‘ഒരുപക്ഷേ, ഇതൊരു സ്ത്രീയുടെ ഭ്രാന്തൻസ്വപ്നം തേടിയുള്ള യാത്രയായിരിക്കാം. എങ്കിലും ഞാൻ പറഞ്ഞു, ശരി,
പോയിനോക്കട്ടെ.’’പുലർകാലത്തെ ആദ്യബസാണ്. നാട്ടിൽ നിന്ന് നഗരത്തിലേക്കുള്ള യാത്ര. പരിചയക്കാരാണ് പല യാത്രക്കാരും. ചിലരെല്ലാം ചോദിച്ചു. ‘‘എവിടേക്കാ. ഇത്ര നേരത്തെ? അമ്പലത്തിലേക്കാവും ല്ലേ. തലയാട്ടി ഒന്നും മിണ്ടാതെ ഞാനിരുന്നു. പൂ തേടിയുള്ള യാത്ര ഇതിഹാസപ്പഴമയിൽ സുപരിചിതമത്രെ.

കേട്ടുകേൾവി മാത്രമുള്ള നീർമാതളപ്പൂ തേടിയുള്ള എെൻറ സ്വപ്നസഞ്ചാരത്തിന് തുടക്കം.തനിച്ചുള്ള യാത്രകൾ എപ്പോഴും ഒാർമകളുടെ തണൽവീഥികളിലൂടെയാണ്. മുമ്പൊരു വിദേശയാത്രയിൽ പരസ്പരം മാതൃരാജ്യങ്ങളുടെ പേര് പറഞ്ഞ് അഭിസംബോധന ചെയ്യേണ്ടിവന്ന ഒരു സന്ദർഭം. ‘‘താങ്കൾ ഇന്ത്യയിൽ നിന്നാണെന്നോ, കമലാദാസിെൻറ നാട്ടിൽ നിന്നും’’. സുന്ദരിയായ മദാമ്മ എന്നെ ആലിംഗനം ചെയ്തു. പളുങ്ക് ഗോട്ടിയെ അനുസ്മരിപ്പിക്കുന്ന അവരുടെ കൃഷ്ണമണികൾ വികസിക്കുന്നതിൽ നിന്ന് ‘Kamala- an exceptional genius’ എന്ന വാക്കുകൾ  ഞാൻ തിരിച്ചറിഞ്ഞു. ആ എഴുത്തെന്നും അങ്ങനെയായിരുന്നല്ലോ. നീർമാതളപ്പൂ പോലെ നൈർമല്യമുള്ള, നീലാംബരിയുടെ നേർത്ത അലയൊലികൾ പോലെ ഒാർമയിലെന്നും തങ്ങിനിൽക്കുന്ന വിഷാദത്തിന്റെയോ, ഉന്മാദത്തിന്റെയോ അകമ്പടിയുള്ള അക്ഷരങ്ങൾ.

പുന്നയൂർക്കുളം എന്ന സ്ഥലപ്പേര് മാത്രമേ അറിയുമായിരുന്നുള്ളൂ. സ്വന്തമായി വാഹനമില്ലാത്ത യാത്രികർക്ക് കുറച്ചധികം പ്രയത്നിച്ച് മാത്രമെത്താനാകുന്ന, സ്ഥലച്ചൂണ്ടുപലകകൾ ഇല്ലാത്ത ഒരു ഗ്രാമം. പലരോടും ചോദിച്ചു. ഒടുവിൽ ചെങ്കല്ലുവെട്ടി കെട്ടിയുണ്ടാക്കിയ വീടും തരിശായിക്കിടക്കുന്ന വയലും താണ്ടി നാലപ്പാട് തറവാടിെൻറ തൊടിയിലേക്ക്. എന്നിൽ ആകാംക്ഷ നിറഞ്ഞുനിന്നു. അതാ.. തലയുയർത്തിനിൽക്കുന്നു കമലയുടെ സ്മാരകമന്ദിരം. ഒരു ചെറുകാറ്റായി ആ വലിയ ജീവിതം എെൻറ മുന്നിൽ നിൽക്കുന്നത് പോലെ.  അവരെ പേരെടുത്ത് വിളിക്കാനാണ് എളുപ്പം. ഒാർമച്ചിത്രമായിട്ട് പതിറ്റാണ്ട് പിന്നിടുേമ്പാഴും ചെറുപ്പം മുറ്റിനിൽക്കുന്ന ചിത്രമായേ എഴുത്തുകാരി മനസിൽ നിറയുന്നുള്ളൂ. എട്ടിലോ, ഒമ്പതിലോ പഠിക്കുന്ന കാലത്താണ് അവർ എന്നെ വിടാതെ പിടികൂടുന്നത്. സ്നേഹത്തിെൻറ ഭാഷയിൽ മാത്രമാണവർ എഴുതിയത്.

നേരിൽ കാണാൻ ഏറെ കൊതിച്ച ഏക എഴുത്തുകാരിയാണ്.  കണ്ടിട്ടില്ലെങ്കിലും ഒാരോ വരിയിലുടെയും നീർമാതളഭൂമി എനിക്ക് സുപരിചിതമായിരുന്നു. സർപ്പക്കാവും അതിലെ ആൽമരവും ഇപ്പോഴും അവിടെത്തന്നെയുണ്ട്. ചെറുതാക്കപ്പെട്ട കുളവും മുളങ്കൂട്ടവും സ്മാരകമന്ദിരത്തിന് കാവൽ നിൽക്കുന്നു. കായ്ച്ച് തലകുനിച്ച് വലിയൊരു മാവിൻചില്ല ബാൽക്കണിയെ തൊട്ടുരുമ്മി നിൽക്കുന്നുണ്ടായിരുന്നു. പടികയറിച്ചെല്ലുേമ്പാൾ, കമല ഉപയോഗിച്ചിരുന്ന സാധനസാമഗ്രികൾ പഴമയുടെ ഗരിമ പേറി വരവേറ്റു. വില മതിക്കാനാകാത്ത ഏതാനും പുരസ്കാരങ്ങൾ എന്തൊക്കെയോ ഒാർമ്മിപ്പിച്ചു. ആ പേനയടക്കം എല്ലാം കൊതിതീരാതെ കണ്ടു.
രണ്ടാമത്തെ നിലയിൽ അപൂർവ്വങ്ങളായ ചില ഫോേട്ടാകളും പുസ്തക പുറംചട്ടകളും വിരുന്നൊരുക്കിയിരുന്നു. മുറ്റത്തേക്ക് തിരിച്ചിറങ്ങുേമ്പാൾ ഉള്ള് പിടഞ്ഞു. വീണുകിട്ടിയ ഇൗ ഇടവേളയിൽ പ്രവാസത്തിൽ നിന്ന് വന്ന ഇൗയുള്ളവളെ കാണാൻ ആ മരം പൂത്തുലഞ്ഞിരിക്കുമോ, അതോ. മഹാഭാഗ്യം. പൂവുള്ള സമയമാണത്രെ. വർഷത്തിൽ കുറഞ്ഞ ദിനം മാത്രം അനുഭവിക്കാനാവുന്ന സൗഭാഗ്യം. സർപ്പക്കാവിൽനിന്നും ചെരിഞ്ഞുവളർന്ന് വഴിയിലേക്ക് പൂത്തുനിൽക്കുന്നു. അങ്ങിങ്ങായി ഇളം മഞ്ഞ പൂങ്കുലകൾ. നിലത്ത് വീണുകിടക്കുന്ന വാടാത്ത പൂക്കളെടുത്ത് ഞാൻ മൃദുവായി ശ്വസിച്ചു.

‘‘നീർമാതളപ്പൂക്കളുടെ സുഗന്ധം കാറ്റിൽ വന്നെത്തുന്ന എത്രയോ നേർത്ത ഒരു ഗാനശകലം പോലെയാണ്... നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു’’.നനുത്ത ഗന്ധം. ആഴത്തിൽ ശ്വസിക്കുേമ്പാൾ മാത്രം തിരിച്ചറിയാൻ കഴിയുന്ന അതിലോലമായ സുഗന്ധം. എെൻറ ഒാർമ്മച്ചെപ്പുകളിലെവിടെയും ഇൗയൊരു ഗന്ധം ആലേഖനം ചെയ്യപ്പെട്ടിട്ടില്ല. ലോകസാഹിത്യത്തിലെവിടെയെങ്കിലും ഇത്രമേൽ സ്നേഹിക്കപ്പെട്ട ഒരു മരമുണ്ടാകുമോ-? കൈവിരലുകൾ ആ തടിയിലമർത്തി ഞാനതിനോട് പറയാതെ പറഞ്ഞു. പിന്നെ തിരിഞ്ഞുനടക്കാൻ തുടങ്ങി. മങ്ങിത്തുടങ്ങിയ വെയിലിലൂടെ ഏതാനും സന്ദർശകർ വരുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളിലേക്ക് നോക്കുേമ്പാൾ നമുക്ക് കമലയെ കാണാം. ഇൗ ഭൂഗോളത്തിലുടനീളമുള്ള വായനക്കാരുടെ മനസുകളിലാണ് അവർ ജീവിക്കുന്നത്.
കഥാകാരി, ഇംഗ്ലീഷ് കവയിത്രി, മതംമാറ്റത്തിലുടെ മലയാളി ഏറെ ചർച്ച ചെയ്ത സ്ത്രീ... പല കാലങ്ങളിൽ പലതായിരുന്നെങ്കിലും പത്തുവർഷം പിന്നിടുേമ്പാഴും അവർ ഓർമയിൽ നിറഞ്ഞുനിൽക്കുന്നത് ആ അക്ഷരങ്ങളുടെ കരുത്തിനാൽ തന്നെയാണ്. ‘എെൻറ കഥ’ യിലുടെ വായനക്കാരെ പൊള്ളിച്ച ആ തൂലിക ‘നീർമാതളം പൂത്ത കാല’മടക്കമുള്ള കൃതികളിലുടെ ഗൃഹാതുരത്വത്തിെൻറ കുളിരേകി. സ്നേഹരാഹിത്യവും അഗമ്യഗമനവുമെല്ലാം ആ വരികളിലുണ്ടായിരുന്നു.

ഒരു പെണ്ണ് ദാമ്പത്യരഹസ്യങ്ങൾ തുറന്നെഴുതിയപ്പോൾ അവരെ പുരുഷാധിപത്യ സമൂഹം സംശയത്തോടെ നോക്കി.  ‘ഗുരുവായൂരിൽ ശ്രീകൃഷ്ണനില്ല, എെൻറ കൂടെ ഇറങ്ങിപ്പോന്നു’ എന്നെഴുതാൻ നമുക്കൊരു കമലാസുരയ്യ മാത്രമേയുണ്ടായിരുന്നുള്ളൂ. നെയ്‌പായസത്തിലുടെ അമ്മമാരുടെ സ്നേഹത്തെക്കുറിച്ചെഴുതി. 1968 ൽ എഴുതിയ ‘റാണി ’ എന്ന കഥ പിതാവും പുത്രിയും തമ്മിലുള്ള ബന്ധത്തെ കാമുകി- കാമുക ബന്ധത്തോട് ഉപമിച്ചു. ഭ്രാന്തിയായ വൃദ്ധയെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന ‘സ്വയംവരം’ എന്ന കഥയുൾപ്പെടെ പലതും നടുക്കത്തോടെയല്ലാതെ വായിക്കാനാകില്ല.

അറ്റമില്ലാത്ത സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു ആ രചനകളിലുടനീളം.  വേണ്ട, പല വായനക്കാർ പല തരത്തിൽ അനുഭവിച്ച ആ മഹാസാന്നിധ്യത്തെക്കുറിച്ച് എന്തെഴുതിയാലും അധികപ്പറ്റാകും. നിതാന്ത സ്നേഹത്തിനായി കൊതിച്ച  ആ എഴുത്തുകാരിക്ക് നമ്മൾ മലയാളികൾ കാര്യമായൊന്നും തിരിെക നൽകിയില്ലല്ലോ  എന്ന പരിഭവം മാത്രമിപ്പോഴുമുണ്ട്. ഇൗ കാവും മാവും കുളവും നീർമാതളഭൂവും നമുക്കായി നീക്കിവെച്ച പ്രിയ സാഹിത്യകാരീ... ആ സാമീപ്യം നേരിട്ടനുഭവിക്കാനായില്ലല്ലോ എന്ന സങ്കടംമാത്രം ബാക്കിനിർത്തി ഞാൻ പടിയിറങ്ങട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top