നബാർഡ് തിരുവനന്തപുരത്ത് വനിതാ ദിനത്തിൽ സംഘടിപ്പിച്ച പുരസ്‌കാര വിതരണ ചടങ്ങിൽ കണ്ണൂർ ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വനിതയാണ് ആറളം ഫാം ആദിവാസി മേഖലയിലെ കെ കെ മിനി. ഫാം ബ്ലോക്ക് പതിനൊന്നിൽ നിന്നാണ് മിനി പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയത്. ഒരു ഘട്ടത്തിൽ കുഞ്ഞുങ്ങളെ പോറ്റാൻ കഴിയാതെ പുഴയിൽ ചാടി മരിക്കാൻ പുറപ്പെട്ട മിനി ഇന്ന് സംതൃപ്‌ത കടുംബജീവിതത്തിന്റെ സന്തോഷങ്ങളിലാണ്. സ്വന്തം തയ്യൽ യൂണിറ്റും മറ്റ് വനിതകളുമായി ചേർന്ന് ഫാം കക്കുവയിൽ ആരംഭിച്ച ചൈതന്യ ഫ്‌ളോർ മിൽ, കോക്കോസ് വെളിച്ചെണ്ണ നിർമാണ യൂണിറ്റ് എന്നിവയും പരിശ്രമത്തിൽ പിറവിയെടുത്തു. ഫാമിൽ നബാർഡ് മുഖേന സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സംരംഭങ്ങളുടെ തലപ്പത്ത് മിനിയുണ്ട്.
ആറളം ആസൂത്രണ സമിതി അംഗം കൂടിയാണ് മിനി. തയ്യൽ യൂണിറ്റിൽ കോവിഡ് കാലത്ത് മാസ്‌ക്ക് തയ്‌ച്ച് വിറ്റ് ഒരു ലക്ഷം രൂപ വരെ നേടാൻ കഴിഞ്ഞതിന്റെ മികവ് കൂടിയുണ്ട് ഈ മൂന്നാം ക്ലാസുകാരിക്ക്. ‘അഞ്ച് മാസ്‌കുകളാണ് ആദ്യ ദിവസം തയ്‌ച്ചത്. പിന്നീടത് ഇരുപതും നൂറുമായി. 2000 എണ്ണം വരെ തയ്‌ക്കാൻ കഴിഞ്ഞതോടെ ആത്‌മവിശ്വാസം ഇരട്ടിച്ചു. സഹപ്രവർത്തകരുമായി ചേർന്ന് മാസ്‌ക് തയ്‌ച്ച് വിറ്റ് ഒരു ലക്ഷം രൂപവരെ നേടാൻ കഴിഞ്ഞു. 45000 രൂപ ഈയിനത്തിൽ സ്വന്തമായി നേടാൻ കഴിഞ്ഞു’–- മിനി പറഞ്ഞു. തയ്യൽ യൂണിറ്റിൽ നൈറ്റികളും ഇതര വസ്‌ത്രങ്ങളും തയ്‌ക്കാനും ഇതിനകം മിനിയും കൂട്ടുകാരികളും പഠിച്ചു. ഈ സംരംഭങ്ങൾക്കൊപ്പം ആടുകളെയും പോറ്റിത്തുടങ്ങി. കറവപ്പശുവിനെയും സ്വന്തമാക്കി.
ഏഷ്യയിലെ ഏറ്റവും വിപുലമായ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. 3500 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമിയും പത്ത് സെന്റ് വീതം വീട് നിർമിക്കാനും സംസ്ഥാന സർക്കാർ പതിച്ചു നൽകിയ പ്രദേശം. തൊട്ടരികിൽ 3500 ഏക്കറിൽ ആറളം ഫാമും പ്രവർത്തിക്കുന്നു. ആദിവാസികളായ ഇരുന്നൂറിലധികം പേർ ഫാമിൽ ജോലി ചെയ്യുന്നു. ഈ കുടുംബങ്ങളിലെ തൊഴിലില്ലാത്തവരുടെ ഉപജീവനം ഉറപ്പാക്കാനാണ് ഫാമിൽ നബാർഡ് മുഖേന വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കുന്നത്. ജൈവ പച്ചക്കറി, മഞ്ഞൾ, ഏത്തവാഴ കൃഷികളും ക്ഷീര വികസന പദ്ധതികളും നബാർഡ് മുഖേന നടപ്പാക്കുകയാണ്. ജൈവ പച്ചക്കറി കൃഷി നടത്തിപ്പിൽ തുടർച്ചയായി കൃഷിവകുപ്പിന്റെയും നബാർഡിന്റെയും പുരസ്‌കാരങ്ങൾ ആറളം ഫാം ആദിവാസി മേഖലയ്‌ക്ക് ലഭിക്കാറുണ്ട്. സെന്റർ ഫോം റൂറൽ ഡവലപ്പ്‌മെന്റ് മുഖേനയാണ് പദ്ധതികളുടെ നടത്തിപ്പ്.
ഫാമിൽ വിളയുന്ന രാജ്യത്തെ ഏറ്റവും മികച്ച കശുവണ്ടി സംസ്‌കരിച്ച് പരിപ്പാക്കി വിപണിയിൽ എത്തിക്കുന്ന പദ്ധതിയും ഉടൻ പ്രവർത്തനക്ഷമമാവും. ആറളം പഞ്ചായത്തും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഇരിട്ടി താലൂക്ക് വ്യവസായ കേന്ദ്രവും വഴികാട്ടികളായുണ്ട്. നിരന്തര ശ്രമങ്ങളിലൂടെ ആദിവാസി മേഖലയുടെ ഉന്നമനത്തിന് വൈവിധ്യമാർന്ന പദ്ധതികൾക്ക് ഫാമിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് പറഞ്ഞു. കേരള സർവകലാശാല തിരുവനന്തപുരത്ത് നടത്തിയ ദേശീയ സാമ്പത്തിക ശാസ്‌ത്ര സെമിനാറിൽ പങ്കെടുത്ത് സ്വന്തം കഠിനാധ്വാനം സമ്മാനിച്ച ജീവിത വിജയത്തെക്കുറിച്ച് അര മണിക്കൂർ ചർച്ച നടത്തിയ ശേഷമാണ് മിനി നാട്ടിലേക്ക് മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..