ഉന്മാദം, വിഷാദം, ഉത്കണ്ഠ എന്നീയവസ്ഥകളെ, ഇത്തരമവസ്‌ഥകളിലൂടെ കടന്നു പോകുന്നവർ കലാകാരോ എഴുത്തുകാരോ ആണെങ്കിൽ പ്രത്യേകിച്ചും, കാൽപനിക വത്കരിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്ന അനാരോഗ്യകരമായ പ്രവണതയാണ് പലപ്പോഴും സമൂഹത്തിന്റേത്. ഇനി സാധാരണക്കാരാണെന്നിരിക്കട്ടെ, കാല്പനികത കല്ലെറിയലാവും. വിഷാദമെന്നൊരവസ്‌ഥയെ രോഗമായി സമീപിക്കുക പോലും ചെയ്യുന്നില്ല നമ്മുടെ ചുറ്റുവട്ടങ്ങൾ. തെറ്റിദ്ധാരണകളും ഉള്ളു പൊള്ളയായ ഉപദേശങ്ങളും മാത്രമാണ് ചുറ്റും. അതുകൊണ്ടാണ് ഹന്നാ ഗാഡ്‍സ്‌ബിയുടെ സ്റ്റാൻഡ് അപ്പ് ഷോ "നാനെറ്റും" (Nanette), തെരേസ മേരി മെയിൽഹോട്ടിന്റെ ഓർമ്മക്കുറിപ്പ് "ഹാർട്ട് ബെറീസും"(Heart Berries) വായിക്കപ്പെടേണ്ടതും ചർച്ചയാകേണ്ടതും.
അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ വിഭ്രാന്തിയിലും വിഷാദത്തിലും പോലും രാഷ്ട്രീയമുണ്ടെന്ന്, വിഷാദവും വിഭ്രാന്തിയും ഒരു മനുഷ്യനെ എങ്ങനെയെല്ലാം അവനവനിലേക്ക് ചുരുക്കുകയും ഒറ്റപ്പെട്ട തുരുത്തുകളാക്കുകയും ചെയ്യുമെന്ന് കൂടി കാണിച്ചുതരുന്ന കലാസൃഷ്ടികളാണ് "നാനെറ്റും" "ഹാർട്ട് ബെറീസും." സ്വവർഗാനുരാഗികളെ, ഗോത്ര വിഭാഗങ്ങളെ, സ്ത്രീകളെ എങ്ങനെയെല്ലാം സമൂഹത്തിലെ അധീശത്വ, പുരുഷ മേധാവിത്വ മനോഭാവങ്ങൾ വരിഞ്ഞു മുറുക്കുന്നുവെന്ന് വാക്കുകളിലൂടെ വരച്ചിടുകയാണ് ഹന്നയും തെരേസയും.
ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച തന്നോട്, "നിങ്ങൾ മരുന്നുകളെ ആശ്രയിക്കരുത്, സർഗാത്മകതയെ ബാധിക്കും, മരുന്നുകളുടെ സഹായം തേടിയിരുന്നെങ്കിൽ വിൻസെന്റ് വാൻഗോഗിന് സൂര്യകാന്തിപ്പൂക്കളെ വരയ്ക്കാനാകുമായിരുന്നോയെന്ന്" ചോദിച്ച ആസ്വാദകനെ ഹന്നാ ഗാഡ്സ്ബി "നാനെറ്റ് " ൽ ഓർത്തെടുക്കുന്നുണ്ട്. വിൻസെന്റ് വാൻഗോഗ് ചികിത്സ തേടിയിരുന്നെന്നും, അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമായിരിക്കും ഒരു പക്ഷേ അദ്ദേഹത്തിന് സൂര്യകാന്തിപ്പൂക്കളെ വരയ്ക്കാനായത് എന്നുമായിരുന്നു ഹന്നയുടെ മറുപടി. ഹന്ന പറയുന്നു: "സൂര്യകാന്തിപ്പൂക്കളെ മാത്രമല്ല വാൻ ഗോഗ് വരച്ചിരുന്നത്; മനോരോഗ ചികിത്സകരുടെ ഛായാചിത്രങ്ങളും വരച്ചിരുന്നു. ഏതെങ്കിലും മനോരോഗ ചികിത്സകരുടേതല്ല, തന്നെ ചികിത്സിച്ചിരുന്ന, തനിക്ക് മരുന്ന് കുറിച്ച് തന്നിരുന്ന മനോരോഗ ചികിത്സകരുടേത്. അതിലൊരാൾ തന്റെ ഛായാചിത്രത്തിൽ കൈയിൽ പിടിച്ചിരിക്കുന്നത് സൂര്യകാന്തിപ്പൂക്കളല്ല, "ഫോക്സ്‌ഗ്ലോവ്" (foxglove) എന്ന ഔഷധ സസ്യമാണ്. അപസ്മാരത്തിന് വാൻ ഗോഗ് കഴിച്ചിരുന്ന മരുന്നിന്റെ ഘടകങ്ങളിലൊന്ന് ഈ ഫോക്സ്‌ഗ്ലോവിൽ നിന്നാണ് വേർതിരിച്ചെടുത്തിരുന്നത്. ഇനി അത് നിങ്ങൾ ഒരല്പം കൂടുതലളവിൽ കഴിച്ചു എന്നിരിക്കട്ടെ, എന്ത് സംഭവിക്കുമെന്നറിയുമോ? "മഞ്ഞ" എന്ന നിറം നിങ്ങൾ കൂടുതൽ തീവ്രമായി കാണും. അതായത്, ഒരുപക്ഷെ, മരുന്നുകളുടെ സഹായം തേടിയിരുന്നത് കൊണ്ടുകൂടിയാണ് ഇന്ന് നമ്മൾ കാണുന്ന "സൂര്യകാന്തിപ്പൂക്കൾ" വാൻ ഗോഗിന് വരയ്‌ക്കാനായത്." ഹന്ന ചോദിക്കുന്നു: "എന്താണ് നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്? സര്‍ഗാത്മകതയെന്നാൽ നരകിക്കുകയെന്നാണെന്നോ?"
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ, ഒരമേരിക്കൻ-ഇന്ത്യൻ റിസർവേഷനിൽ, സമൂഹത്തിന്റെ ലിംഗ-വംശീയ വിവേചനങ്ങൾ അതിജീവിച്ചു വളർന്ന തെരേസയാകട്ടെ "ഹാർട്ട് ബെറീസ്" എഴുതി തുടങ്ങുന്നത് മാനസികാരോഗ്യ കേന്ദ്രത്തിൽ ബൈപോളാർ ഡിസോർഡറിന് (Bipolar Disorder) ചികിത്സയിലിരിക്കെയാണ്. സ്വയമാണ് തെരേസ ചികിത്സ തേടി പോകുന്നത്. ബാല്യത്തിൽ പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗികപീഡനമാണ് തെരേസയെ മാനസിക വിഭ്രാന്തിയിലേക്ക് നയിക്കുന്നത്. എഴുത്തിലൂടെയാണ്, ചികിത്സയോടൊപ്പം, തെരേസ സ്വയം വീണ്ടെടുക്കുന്നത്. ഒരു പക്ഷെ ചികിത്സ തേടിയിരുന്നില്ലയെങ്കിൽ, അമേരിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കൻ ഇന്ത്യൻ ആർട്ട്സിൽ തെരേസ എത്തിച്ചേരില്ലായിരുന്നു; "I was aware, within may be three sentences that I was in the presence of generational talent", എന്ന് ഷെർമാൻ അലെക്സിയും (Sherman Alexie) "What Mailhot has accomplished in this exquisite book is brilliance both raw and refined" എന്ന് റോക്‌സാന ഗേയും (Roxane Gay) വിശേഷിപ്പിച്ച "ഹാർട്ട് ബെറീസ്" എഴുതിതീർക്കില്ലായിരുന്നു. Purdue University യിൽ പോസ്റ്റ് ഡോക്റ്ററൽ ഫെല്ലോയാണ് തെരേസ ഇന്ന്.
തെരേസയുടെ ഓർമ്മക്കുറിപ്പിലൊരിടത്തും കടന്നുപോകേണ്ടി വന്ന നാളുകളെ കാല്പനികവത്കരിക്കുന്ന എഴുത്തുരീതി വായനക്കാരിക്ക് കാണാനാവില്ല. വായിച്ച പുസ്തക പരിചയങ്ങളൊന്നും തെരേസയുടെ വിഭ്രാന്തികളെ കാല്പനികവത്കരിക്കുന്നുമില്ല. വൈദ്യശാസ്ത്രത്തിന്റെയും എഴുത്തിന്റെയും സഹായത്തോടെ വിഷമതകളെ അതിജീവിച്ച തെരേസയെ അകമഴിഞ്ഞ് അഭിനന്ദിക്കുന്ന കുറിപ്പുകളാണ് അവ. കവയിത്രി ജോൺ നവിയുക്ക് കെയ്‌നിനു (Joan Naviyuk Kane) നൽകിയ അഭിമുഖത്തിൽ തെരേസ തന്നെ പറയുന്നത് കേൾക്കുക: "വികാരങ്ങളെ ശുദ്ധീകരിക്കുക, ചികിത്സയ്‌ക്കു വിധേയയാവുക - ആശ്വാസവും സ്വാതന്ത്ര്യവും പകരാനാവുമെന്ന് ധ്വനിപ്പിക്കുന്ന രണ്ടു വാചകങ്ങളാണ്. പക്ഷെ ചികിത്സയ്‌ക്ക് വിധേയയായാകുക എന്ത് ബുദ്ധിമുട്ടാണെന്നറിയുമോ?! എന്റെ ഏറ്റവും നല്ല ചികിത്സകരൊന്നും തന്നെ എന്നോട് സഹതപിക്കുകയായിരുന്നില്ല, മറിച്ച് ഞാൻ കടന്നുപോയതിനെക്കുറിച്ചെന്നെ സംസാരിക്കാൻ പ്രാപ്‌തയാക്കുകയായിരുന്നു; എഴുത്തിലൂടെ, ചികിത്സയിലൂടെ" (112, "ഹാർട്ട് ബെറീസ്").
ലെസ്ബിയൻ (lesbian) ആയതു കൊണ്ടും സമൂഹം അനുശാസിക്കുന്ന നടപ്പുരീതികൾ പിന്തുടരാൻ തയ്യാറല്ലാത്തതുകൊണ്ടും താൻ ബലാൽസംഗം ചെയ്യപ്പെട്ടതിനെക്കുറിച്ച്,, മുത്തശ്ശിയോട് താനൊരു ലെസ്ബിയൻ ആണെന്ന് തുറന്ന് പറയാനായുമ്പോളൊക്കെയും തന്നെ വേട്ടയാടുന്ന, സമൂഹം തന്നിൽ അടിച്ചേൽപ്പിച്ച അനാവശ്യമായ അപമാനഭാരത്തെക്കുറിച്ച്, ബലാൽസംഗമടക്കമുള്ള ഒരു പുരുഷന്റെ സർവ കുറ്റങ്ങളേയും അയാളുടെ പ്രതിഭ കണക്കിലെടുത്ത് അതേ സമൂഹം എഴുതിത്തള്ളുന്നതിനെക്കുറിച്ചുമൊക്കെ ഹന്ന സംസാരിക്കുന്നു, വേദിയിൽ പൊട്ടിത്തെറിക്കുന്നു. വാൻ ഗോഗിന് തന്റെ ചിത്രങ്ങൾ വിൽക്കാൻ കഴിയാതെ പോയത് അദ്ദേഹത്തിന്റെ പ്രതിഭ സമൂഹം തിരിച്ചറിയാത്തത് കൊണ്ടല്ല, മറിച്ച് വിഷാദവും മാനസിക വിഭ്രാന്തിയും സമൂഹത്തിലേക്കിറങ്ങിച്ചെല്ലുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയത് കൊണ്ടാണ്, അതുകൊണ്ട് ദയവു ചെയ്ത് വിഷാദത്തെ മഹത്വവൽക്കരിക്കരുതെന്ന്, പിക്കാസോ എന്ന വുമനൈസറെ (womanizer), പിക്കാസോ എന്ന മിസോജിനിസ്റ്റിനെ (mysogynist), പിക്കാസോ എന്ന ചൈൽഡ് അബിയൂസറെ (child abuser) അയാളുടെ പ്രതിഭ കണക്കിലെടുത്ത് കുറ്റവിമുക്തനാക്കരുതെന്ന് ഹന്ന സമൂഹത്തോടാവശ്യപ്പെടുന്നു. തന്റെ ഗോത്രസ്വത്വം, തന്റെ സ്ത്രീ എന്ന സ്വത്വം എന്നിവ എങ്ങനെ തന്റെ വ്യക്തിത്വത്തെ ബാധിച്ചു എന്ന്, ബാല്യത്തിൽ നേരിട്ട ലൈംഗികാതിക്രമം തന്നെ വിഭ്രാന്തിയിലേക്കും വിഷാദത്തിലേക്കും നയിച്ചതെങ്ങനെ എന്ന്, തെരേസ പറയുന്നതിനോട് ചേർത്ത് വായിക്കണം ഇത്.
ലോകമെമ്പാടും മുൻപൊന്നുമില്ലാത്തവണ്ണം ഇന്ന് സ്ത്രീകൾ തങ്ങൾ നേരിട്ട, നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറയുന്നത് കാണാം. #metoo, #അവൾക്കൊപ്പം എന്നിങ്ങനെ ഹാഷ്‌ടാഗുകൾക്കൊപ്പം നവമാധ്യമങ്ങളിലൂടെ ഓരോ സ്ത്രീയും ഇവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് കാണാം. എത്രത്തോളമുണ്ട് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന് മനസ്സിലാക്കാൻ ഇവയിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാകും; എത്രത്തോളമുണ്ട് സ്ത്രീവിരുദ്ധതക്ക് സമൂഹത്തിൽ വേരോട്ടമെന്ന് ഇവയോരോന്നിനോടുമുള്ള പൊതുസമൂഹത്തിന്റെ പ്രതികരണത്തിൽ നിന്നും. എന്നിട്ടും കണ്ണടച്ചിരുട്ടാക്കുന്നവരോടാണ്, വംശം, ജാതി, ലിംഗം, ലൈംഗികത എന്നീ സ്വത്വങ്ങൾ അപരവത്കരിച്ചിട്ടില്ലാത്ത, സർവ്വ വിശേഷാധികാരങ്ങളുമുള്ള, അല്ലെങ്കിൽ അവയുടെ പ്രയോജനം ലഭിക്കുന്നവരോടാണ് തെരേസയ്ക്കും ഹന്നയ്ക്കും സംവദിക്കാനുള്ളത്. നമുക്ക് ചെയ്യാനുള്ളതിത്ര മാത്രവും: അവരെ കേൾക്കുക, അവരെ മനസ്സിലാക്കുക, അവരോടൊപ്പം നിൽക്കുക. Let's keep our feedback forms to ourselves.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..