30 March Thursday

കുഞ്ഞൻ സിനിമകളുടെ വസന്തകാലം

ആദിത്യ ശങ്കരിUpdated: Sunday Aug 28, 2022


ഭാദ്രമാസ വസന്തവുമായി കുഞ്ഞൻ ചിത്രങ്ങളുടെ പൂമഴ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 14–-ാം ഇന്റർനാഷണൽ ഡോക്യുമെന്ററി, ഷോർട്ട്‌ ഫിലിം ഫെസ്റ്റിവലിന്‌ തിരിതെളിഞ്ഞു. വൈവിധ്യങ്ങളുടെ സമന്വയത്തിനൊപ്പം അതിശ്രദ്ധയാകർഷിച്ച നേരനുഭവങ്ങളുടെകൂടി വേദിയാകുകയാണ്‌ ചലച്ചിത്രോത്സവം. ആൽഫ്രഡ്‌ ഹിച്ച്‌കോക്കിന്റെ പ്രശസ്‌തമായ ആ വാക്കുകൾക്ക്‌ ശരിയായ അർഥതലം ഒരുക്കുകയാണ്‌ മലയാളം.  ‘In feature films the director is God; in documentary films God is the director.’

അടുത്തിടെ ലോകം അനുഭവിച്ച, ഇപ്പോഴും ഞെട്ടലിന്റെ  വിട്ടുമാറിച്ചയില്ലാത്ത ഉക്രയ്‌ൻ യുദ്ധത്തിന്റെ പൊള്ളുന്ന നീറ്റലോടെയാണ്‌  ഫെസ്റ്റിവലിന്‌ നാന്ദിയായത്‌. യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഉക്രയ്‌ൻ ചലച്ചിത്രപ്രവർത്തകൻ മൻതാസ് ദരാവിഷ്യസിന്റെ ഓർമകുടീരം കൂടിയാകുന്നു ഈവർഷത്തെ ഫെസ്റ്റിവൽ. 2015ൽ തന്റെ സിനിമാ ചിത്രീകരണത്തിനായി എത്തിയ മൻതാസ് ദരാവിഷ്യസ് ഉക്രയ്‌നിലെ മാരിയുപോളിൽ പരിചയപ്പെടുകയും ചിത്രീകരിക്കുകയും ചെയ്ത മനുഷ്യരോടൊപ്പം ചേർന്നുനിൽക്കാനായി 2022ൽ  നഗരത്തിൽ എത്തി. അവിടെവച്ച്‌ അദ്ദേഹം കൊല്ലപ്പെടുന്നു. തുടർന്ന് നിർമാതാക്കളും സഹപ്രവർത്തകരും അദ്ദേഹത്തിന്റെ കലയും സിനിമയും ആശയങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതാണ്‌  മാരിയുപോളിസ്‌ എന്ന ചിത്രം.

ബോംബുഭീഷണി നിറഞ്ഞുനിൽക്കുന്ന മാരിയുപോളിലെ കവികൾക്കും ചെരുപ്പുകുത്തികൾക്കുമുള്ള സമർപ്പണമാണ്‌ ഈ ചിത്രം. യുദ്ധാനന്തരകാലത്തെ സാമൂഹ്യാവസ്ഥയും പ്രകടമായ മാറ്റങ്ങളും മാരിയുപോൾ  എന്ന 90 മിനിറ്റ്‌ ചിത്രം ചൂണ്ടിക്കാട്ടുന്നു.

സർഗാത്മക ഡോക്യുമെന്ററികളുടെ പിതാവെന്ന്‌ അറിയപ്പെടുന്ന റഷ്യൻ ചലച്ചിത്രകാരൻ സിഗ വെർട്ടോവിന്റെ ആനിവേഴ്‌സറി ഓഫ്‌ ദ റെവല്യൂഷൻ അത്യപൂർവമായ അനുഭവമാണ്‌. ഉപേക്ഷിക്കപ്പെട്ടത്‌ കണ്ടെടുത്ത ഉത്സാഹഭരിതമായ അന്തരീക്ഷത്തിനാണ്‌ ഈ നിശ്ശബ്ദചിത്രം സാക്ഷിയായത്‌. റഷ്യൻ വിപ്ലവത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ചിത്രം ആരംഭിക്കുന്നത്‌ ഫെബ്രുവരി വിപ്ലവത്തിലും അവസാനിക്കുന്നത്‌ സോഷ്യലിസ്റ്റ്‌ സമൂഹസൃഷ്ടിയിലുമാണ്‌. ലെനിനും ട്രോസ്‌കിയുമെല്ലാം ജീവിക്കുന്ന ഇതിഹാസമായി വീണ്ടും നിറയുന്നു. 100 വർഷത്തിനുശേഷം പുനഃസൃഷ്ടിക്കപ്പെട്ട ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്‌.

പ്രവാസിയായ ഇന്ത്യൻ ഡോക്യുമെന്ററി ഇതിഹാസം റീന മോഹന്‌ സമഗ്രസംഭാവനാ പുരസ്‌കാരമാണ്‌ ഫെസ്റ്റിവൽ സമ്മാനിക്കുന്നത്‌. ഡ്രീമിങ്‌ താജ്‌മഹൽ,  ഇൻ ദ ഫോറസ്റ്റ്‌ ഹാങ്‌സ്‌ എ ബ്രിഡ്‌ജ്‌, കമലാബായ്‌, ഓൺ ആൻ എക്‌സ്‌പ്രസ്‌ ഹൈവേ, സാക്രിഫൈസ്‌ ഓഫ്‌ ബാബുലാൽ ഭൂയിയി, സ്‌കിൻ ഡീപ്‌, സിറ്റി ബ്യൂട്ടിഫുൾ, മൈന്റ്‌ ഓഫ്‌ ക്ലേ തുടങ്ങിയ റീന മോഹൻ പങ്കാളിയായ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്‌.

മത്സരവിഭാഗങ്ങൾ കൂടാതെ മ്യൂസിക്‌, അനിമേഷൻ, ഇന്റർനാഷണൽ ഫിക്‌ഷൻ, നോൺ ഫിക്‌ഷൻ ചിത്രങ്ങളും മലയാള വിഭാഗവും വെവ്വേറെയുണ്ട്‌. സുദേബ് സുവാന എന്ന ട്രാൻസ് വ്യക്തിയുടെ സൂക്ഷ്മമായ ജീവിതം പറയുന്ന ‘എ ഹോം ഫോർ മൈ ഹാർട്ട്‌’ മത്സരചിത്ര വിഭാഗത്തിലുണ്ട്‌.  മനസ്സും ശരീരവും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന സുദേബിന് കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും നേരിടുന്ന എതിർപ്പാണ്‌ മുഖ്യപ്രമേയം.  കാണാതാകുന്ന പെൺകുട്ടികളുടെ നിഴൽച്ചിത്രങ്ങൾ പൊതുഭിത്തികളിൽ വരയ്‌ക്കുന്ന കലാകാരനും അതേസമയം, വേശ്യാലയങ്ങളിൽനിന്ന്  കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്ന ഒരു ആക്ടിവിസ്റ്റിന്റെയും ജീവിതമാണ്‌ ‘ഫ്രം ദ ഹാഡോസ്‌ മിസിങ്‌ ഗേൾസ്‌.’ ‘ഇൻ എ ഡിസെന്റ്‌ മാനർ എന്ന ചിത്രം പറയുന്നത്‌ 2019 ഡിസംബർ 15ന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ക്യാമ്പസിൽ പൊലീസും ആർഎഎഫ് സൈന്യവും വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച ഭയാനകമായ ആ രാത്രിയെയാണ്‌.

മറവിരോഗംമൂലം വീടിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവന്ന എൺപതുകാരനായ ചിത്രകാരൻ നീൽ പവൻ ബറുവയുടെ ജീവിതത്തെ ആധാരമാക്കിയ ചിത്രം ‘ബ്രഷ്‌ സ്ട്രോക്ക്‌’ ഷോർട്ട്‌ ഡോക്യുമെന്ററി വിഭാഗത്തിൽ മത്സരചിത്രമാണ്‌.  അസമിലെ ആധുനിക ചിത്രകലയുടെ പ്രയോക്താക്കളിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയാണ് മറവിരോഗം ദയനീയമാക്കിയതെന്ന് ഡോക്യുമെന്ററി കാട്ടിത്തരുന്നു. ‘സീജ്‌ ഇൻ ദ എയർ’ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കശ്മീരിലുണ്ടായ നിരോധനം ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്ന നോക്കിക്കാണലാണ്‌. കോവിഡ്‌ പശ്ചാത്തലമാക്കി നിരവധി ചിത്രവും പ്രദർശനത്തിലുണ്ട്‌. മത്സര വിഭാഗത്തിലല്ലാതെ ഒട്ടേറെ മലയാള ചിത്രവുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top