18 February Monday

ഭൂമിക്ക് തണല്‍ വിരിക്കുന്നവര്‍

സീമ ശ്രീലയംUpdated: Wednesday Dec 4, 2013

 

ഒരുപാടു മുന്നറിയിപ്പും ഓര്‍മപ്പെടുത്തലുകളുമായി ഇത്തവണയും ലോക പരിസ്ഥിതിദിനം കടന്നുപോയി. പതിവുപോലെ എല്ലാവരും ജൂണ്‍ അഞ്ചിനു പരിസ്ഥിതിദിനം ആചരിക്കുകയും ചെയ്തു. ഇങ്ങനെ ദിനാചരണങ്ങളും ഭൗമ, കാലാവസ്ഥാ ഉച്ചകോടികളുമൊക്കെ മുറതെറ്റാതെ നടക്കുമ്പോഴും താപമാപിനികളില്‍ ചൂട് ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. സര്‍വജീവജാലങ്ങള്‍ക്കും അമ്മയായ ഭൂമി പനിച്ചുപൊള്ളിയും മലിനീകരണത്താല്‍ ശ്വാസംമുട്ടിയും ആസന്നമരണയായിക്കൊണ്ടിരിക്കുന്നു. സുസ്ഥിരവികസനവും ക്രിയാത്മകമായ ഇടപെടലുകളുമാണ് ഇനി നമുക്കു മുന്നിലുള്ള രക്ഷാമാര്‍ഗം. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരവികസനത്തിലും സ്ത്രീകള്‍ക്കു വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്ന് യുഎന്‍ വിമെണിന്റെയും മറ്റും പ്രവര്‍ത്തനം അടിവരയിടുന്നു.

 

ഭൂമിക്ക് തണല്‍ വിരിക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച വനിതകളുടെ ജീവിതം നമ്മുടെ ചിന്തകള്‍ക്കു പച്ചപ്പേകും.ഭഭൂമിക്കു തണുപ്പും തണലുമേകാനുള്ള മനസ്സും നല്‍കും. ഹ്രസ്വമായ ഈ ജീവിതത്തിനിടയില്‍ 30 ദശലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? കഴിയുമെന്ന് തെളിയിച്ച വനിതയാണ് വംഗാരി മാതായി. ഗ്രീന്‍ ബെല്‍റ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതിമുന്നേറ്റത്തിലൂടെ ഗ്രാമീണസ്ത്രീകളെ അണിനിരത്തി അവര്‍ കൈനിറയെ പച്ചപുതപ്പിച്ചപ്പോള്‍ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളിലെ സ്ത്രീമുന്നേറ്റങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത് പുതിയൊരു അധ്യായം. പരിസ്ഥിതിസംരക്ഷണത്തിനൊപ്പം മനുഷ്യാവകാശങ്ങള്‍ക്കായും നിരന്തരം പോരാടിയിരുന്ന വംഗാരി മാതായിയുടെ ജീവിതം വിവാഹമോചനവും ഗവണ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഇടയ്ക്കിടെയുള്ള ജയില്‍വാസവുമൊക്കെ കാരണം സംഘര്‍ഷഭരിതമായിരുന്നു. 2004ലെ സമാധാന നൊബേല്‍ സമ്മാനം ഭൂമിക്കുവേണ്ടിയും മനുഷ്യനു വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തിയ ഈ ആഫ്രിക്കന്‍വനിതയെ തേടിയെത്തി. ഒരു തൈ നടുമ്പോള്‍ വരുംതലമുറകള്‍ക്കായി ഒരു തണലും പ്രതീക്ഷയുമാണ് നടുന്നതെന്ന സത്യമാണ് ഈ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നത്. ജനിതകമാറ്റം വരുത്തിയ വിളകളും ജൈവചോരണവും ജൈവസമ്പത്തിന്മേലുള്ള ബൗദ്ധിക സ്വത്തവകാശത്തര്‍ക്കങ്ങളുമൊക്കെ ചൂടുപിടിക്കുന്നതിനിടയില്‍ സാധാരണ കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു വനിത നമുക്കുണ്ട്. മറ്റാരുമല്ല. വന്ദനാശിവ തന്നെ.

 

നവധാന്യ എന്ന പ്രസ്ഥാനത്തിലൂടെ കര്‍ഷകര്‍ക്ക് അവരുടെ തദ്ദേശീയമായ വിത്തുകള്‍ സംരക്ഷിക്കാനും അതു വിതയ്ക്കാനുമുള്ള അവകാശത്തിനായി പോരാടുന്നു. ഒപ്പം ജനിതകവിളകളോടും രാസകീടനാശിനികളോടും നോ പറയാനുള്ള ആര്‍ജവവും പകര്‍ന്നുനല്‍കുന്നു. ജൈവക്കൃഷിയുടെ നന്മകളിലേക്കും അവരെ കൈപിടിച്ചു നടത്തുന്നു. പരിസ്ഥിതിനാശത്തിന്റെ ദോഷങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണെന്ന സത്യത്തിലേക്കും വന്ദനാശിവയുടെ പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നു. നിശ്ശബ്ദവസന്തം എന്ന ഗ്രന്ഥത്തിലൂടെ രാസകീടനാശിനികള്‍ ജീവനാശിനികള്‍ തന്നെയാണെന്ന് സധൈര്യം ലോകത്തോടു വിളിച്ചുപറഞ്ഞ അമേരിക്കന്‍വനിതയായ റേച്ചല്‍ കാഴ്സണ്‍ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയത് പുതിയൊരു ദിശാബോധമാണ്. ചൈനയില്‍ സ്ത്രീകള്‍ക്കിടയിലും യുവതലമുറയിലും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരവികസനം, പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം എന്നിവയുടെ പ്രാധാന്യമെത്തിക്കാന്‍ അക്ഷീണപരിശ്രമം നടത്തിയ വനിതയാണ് മെയ്ങ് (ങലശ ചഴ). കേറ്റന്‍ നദിയിലെ ജലവൈദ്യുതപദ്ധതിക്കെതിരെ സമരം ചെയ്തും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയും ആരോഗ്യമുള്ള പരിസ്ഥിതിയില്‍ ജീവിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയും റഷ്യയില്‍ ശ്രദ്ധേയയായ വനിതയണ് മരിയ ചെര്‍ക്കാസോവ. ഇന്ത്യയില്‍ നര്‍മദയെയും പോഷകനദികളെയും രക്ഷിക്കാന്‍ നര്‍മദാ ബചാവോ ആന്ദോളനിലൂടെ പോരാടിയ സാമൂഹ്യപ്രവര്‍ത്തകകൂടിയായ മേധാപട്കറും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഊര്‍ജം വലുതാണ്.

 

മരം മുറിക്കാന്‍ മഴുവുമായി എത്തുന്നവരില്‍നിന്നു മരത്തെ രക്ഷിക്കാന്‍ മരത്തെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിപ്കോപ്രസ്ഥാനത്തിന്റെയും തുടക്കം സ്ത്രീകളില്‍ നിന്നായിരുന്നു. ജോധ്പുര്‍ മഹാരാജാവ് പുതിയൊരു കൊട്ടാരം പണിയാനുള്ള മരങ്ങള്‍ മുറിക്കാന്‍ തന്റെ സേവകരെ വിട്ടപ്പോള്‍ അമൃതാദേവി എന്ന വനിത മരത്തെ കെട്ടിപ്പിടിച്ചുനിന്ന് അതിനെ രക്ഷിക്കാന്‍ ശ്രമിച്ചതില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കമെന്നു കരുതപ്പെടുന്നു. പിന്നീട് ഹിമാലയന്‍ താഴ്വരകളില്‍ സ്ത്രീകള്‍ മരത്തെ കെട്ടിപ്പിടിച്ചുനിന്ന് മരം മുറി തടയാന്‍ തുടങ്ങി. ഇതാണ് പിന്നീട് സുന്ദര്‍ലാല്‍ ബഹുഗുണയിലൂടെയും മറ്റും ലോകമറിയുന്ന ചിപ്കോ പ്രസ്ഥാനമായി വളര്‍ന്നത്. പെണ്‍കുട്ടികള്‍ ജനിക്കുന്നത് വലിയൊരു ബാധ്യതയായി കരുതുകയും പെണ്‍ഭ്രൂണഹത്യക്ക് ഒരുങ്ങുകയും ചെയ്യുന്ന വലിയൊരു ശതമാനമുണ്ട് ഈ 21-ാം നൂറ്റാണ്ടിലും. എന്നാല്‍, പെണ്‍കുഞ്ഞിന്റെ ജനനം മരങ്ങള്‍ നട്ടുപിടിപ്പിച്ച് ആഘോഷിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് രാജസ്ഥാനിലെ പിപ്പ്ലാന്ത്രി. ഒരു പെണ്‍കുട്ടി പിറന്നാല്‍ 111 വൃക്ഷത്തൈകള്‍ നടുകയാണ് ഇവിടത്തെ പതിവ്. പെണ്‍കുട്ടികളുടെ ജനനം ഭൂമിക്കു തണല്‍ വിരിക്കുന്ന ഈ ഗ്രാമത്തില്‍ ഒരു കുടുംബാംഗം മരിച്ചാല്‍ 11 മരങ്ങള്‍ നട്ടുവളര്‍ത്തുന്ന പതിവുണ്ട്.

പ്രധാന വാർത്തകൾ
 Top