31 March Friday

യൂണിഫോം മാറുമ്പോൾ

ഡോ. മിഥുൻ സിദ്ധാർഥ്‌Updated: Sunday Jan 23, 2022


അടുത്തിടെ കേരളത്തിലെ ചില സ്‌കൂളുകളിൽ പെൺകുട്ടികളുടെ യൂണിഫോം പരിഷ്‌കരിച്ചിരുന്നു. കൂടുതൽ സൗകര്യപ്രദമെന്ന് പൊതുവെ കുട്ടികൾ തന്നെ അംഗീകരിച്ച വസ്‌ത്രങ്ങളാണ്  യൂണിഫോമായി സ്വീകരിച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും ഒരേതരം യൂണിഫോമുകൾ (ജെൻഡർ ന്യൂട്രൽ) മതിയെന്ന ആശയവും അവതരിപ്പിക്കപ്പെട്ടു. എന്നാൽ, യൂണിഫോം മാറ്റത്തിനെതിരെ ചില വ്യക്തികളും സംഘടനകളും പ്രതിഷേധിച്ചു. പരസ്യമായ സമരം നടത്തി.  യൂണിഫോമിന്റെ ആവശ്യകതയെക്കുറിച്ചും ഉചിതമായ യൂണിഫോം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും കേരളം ചർച്ചചെയ്‌തു.

- 2019–--2020 അധ്യയന വർഷത്തെ കണക്കനുസരിച്ച് ഒന്നുമുതൽ പത്തുവരെ 12,951  സ്‌കൂളിലായി 37,16,897 വിദ്യാർഥികൾ  കേരളത്തിൽ പഠിക്കുന്നുണ്ട്.  ഇത്രയധികം കുട്ടികളെ ബാധിക്കുന്ന  കാര്യം എന്ന നിലയ്‌ക്ക്‌ യൂണിഫോമിനെക്കുറിച്ചുള്ള ചർച്ചകളും ആലോചനകളും ശാസ്‌ത്രീയമായ ധാരണകളെയും അറിവുകളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാകണം. കൂടാതെ ആധുനിക സമൂഹത്തിലെ ലിംഗനീതിയുടെ കാഴ്‌ചപ്പാടുകൾ ഉൾക്കൊള്ളുന്നതും സാംസ്‌കാരിക വൈവിധ്യങ്ങളെ പരിഗണിക്കുന്നതുമായ  സമീപനവും  ചർച്ചകളിലുണ്ടായിരിക്കണം.

യൂണിഫോമും ആരോഗ്യവും
യൂണിഫോമിന്റെ ഉചിതമായ ഡിസൈൻ എന്തെന്ന് ആലോചിക്കുമ്പോൾ പലവിധ ഘടകങ്ങൾ പരിഗണിക്കണം. വിവിധതരം വൈദഗ്ധ്യങ്ങളുടെ ഏകോപനം ആവശ്യമുള്ള  പ്രക്രിയയാണത്. കുട്ടികളുടെ ആരോഗ്യത്തെ യൂണിഫോം ഏതു തരത്തിലെല്ലാമാണ് സ്വാധീനിക്കുന്നതെന്ന് ഇന്നു ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

യൂണിഫോമിന് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സ്വാധീനിക്കാൻ കഴിയും. യൂണിഫോം കുട്ടികളുടെ ശാരീരികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം. ധരിക്കാൻ സൗകര്യമുള്ളതും കാലാവസ്ഥയ്‌ക്ക്‌ അനു യോജ്യമായതും സുരക്ഷ ഉറപ്പുവരുത്തുന്നതുമായ ഒന്നായിരിക്കണം യൂണിഫോം എന്നതാണ് പൊതുതത്വം. ശരീരമിളകിയുള്ള പ്രവർത്തനങ്ങളിലും (Physical Activity) കളികളിലും പങ്കെടുക്കാൻ യൂണിഫോം എത്രത്തോളം സഹായകരമാണ് എന്നതാണ് ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട കാഴ്‌ചപ്പാടിലെ പ്രധാന ചോദ്യം. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്‌ക്കുന്ന പ്രധാന നിർദേശങ്ങളിലൊന്ന് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ്. മാത്രവുമല്ല, കായിക പ്രവർത്തനങ്ങൾ പഠനപ്രകിയയെയും പൊതുവായ സ്വാസ്ഥ്യത്തെയും ഗുണകരമായി സ്വാധീനിക്കുന്നു എന്നും പഠനങ്ങളുണ്ട്.

- പെൺകുട്ടികളിൽ യൂണിഫോമിന്റെ ഡിസൈൻ പലപ്പോഴും കായികപ്രവർത്തനങ്ങളിൽനിന്ന്‌ അവരെ അകറ്റിനിർത്താറുണ്ട്‌. ഓസ്ട്രേലിയയിലെ പ്രൈമറി വിദ്യാർഥികളിൽ 2019ൽ നടത്തിയ പഠനത്തിൽ പ്രൈമറി തലത്തിലെ പെൺകുട്ടികളിൽ സാധാരണ യൂണിഫോമിനു പകരം സ്‌പോർട്സ് വസ്‌ത്രങ്ങൾ- ധരിക്കുന്ന ദിവസങ്ങളിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഉചിതമായ അളവിലുള്ള കായിക പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടിട്ടുണ്ട്. ശരീരചലനത്തെയും അതുവഴി ഫിസിക്കൽ ആക്ടിവിറ്റിയുടെ തോതിനെയും അളക്കുന്ന സംവിധാനമാണ് പെഡോ മീറ്റർ (Pedometer). പെഡോമീറ്റർ ഉപയോഗിച്ച് പഠനത്തിന്റെ ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും മറ്റുമുള്ള കുട്ടികളുടെ കായിക പ്രവർത്തനങ്ങളുടെ തോത് അളന്നുകൊണ്ട് നടത്തിയ പഠനങ്ങളുണ്ട്. ചലനത്തിന് അനുയോജ്യമാംവിധം രൂപകൽപ്പനചെയ്‌ത വസ്‌ത്രങ്ങൾ ഉപയോഗിക്കുന്ന ദിവസങ്ങളിലാണ് പെൺകുട്ടികൾ കൂടുതൽ കായിക പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന്  പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്‌. ഉച്ചഭക്ഷണസമയത്തെ ഒഴിവിൽ കളികളിൽ ഏർപ്പെടുന്നതിൽനിന്ന് തങ്ങളെ നിരുത്സാഹപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായി യൂണിഫോം ഡിസൈനിനെ പെൺകുട്ടികൾ - കണക്കാക്കുന്നുണ്ട്.

യൂണിഫോം മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ എന്നതുമായി ബന്ധ-പ്പെട്ട് കാര്യമായ  പഠനങ്ങൾ നടന്നിട്ടില്ല. എന്നാൽ, ജൻഡർ ന്യൂട്രലായതും ചലനസൗകര്യമുള്ളതും സൗകര്യപ്രദവുമായ യൂണിഫോമുകൾ കുട്ടികളുടെ പൊതുവിലുള്ള സ്വാസ്ഥ്യത്തെയും ആത്മവിശ്വാസത്തെയും ഗുണപരമായി സ്വാധീനിക്കും. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് ഉചിതമായ യൂണിഫോം എന്തായിരിക്കണമെന്ന കാര്യത്തിൽ പഠനങ്ങൾ ആവശ്യമുണ്ട്.

സാമ്പ്രദായികമായി നിലവിലുള്ള യൂണിഫോമിന്റെ ഡിസൈൻ പെൺകുട്ടികളുടെ കായികപ്രവൃത്തികളെ കാര്യമായ രീതിയിൽ പരിമിതപ്പെടുത്തുന്നു എന്നു നാം കണ്ടു. ഇതിന് ആരോഗ്യപരമായ പരിണിതഫലങ്ങൾ ഉണ്ട്. മാത്രവുമല്ല കുട്ടികളുടെ ആത്മവി ശ്വാസത്തെയും പൊതുവായ സ്വാസ്ഥ്യത്തെയും ദോഷകരമായി ബാധിക്കാം. ഇതിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ നിലവിലെ യൂണിഫോം പരിഷ്‌കരണം അഭികാമ്യമാണെന്നു മനസ്സിലാകും. -സാംസ്‌കാരിക, പ്രാദേശിക വൈവിധ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമാംവിധം യൂണിഫോം പരിഷ്‌കരിക്കുന്നതിനുള്ള അന്വേഷണങ്ങളും പഠനങ്ങളും നടക്കേണ്ടതുണ്ട്. വ്യത്യസ്‌ത തരത്തിലുള്ള മാനസിക–- ശാരീരിക ആവശ്യങ്ങൾ - ഉള്ള കുട്ടികളുടെ സവിശേഷ താൽപ്പര്യങ്ങളെ അനുഭാവപൂർവം പരിഗണിക്കാനുള്ള ഒരു - വഴക്കം കൂടി വിദ്യാഭ്യാസ സംവിധാനത്തിൽ ഉണ്ടാകണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top