"രാവിലെ ഞാൻ അഞ്ച് മണിക്കെണീക്കും, ഒരു മണിക്കൂറിനുള്ളിൽ കാപ്പിയും ചോറും ഉണ്ടാക്കും,കൂടെ ഹോർലിക്സും ഫ്ലാസ്കിലാക്കും. എന്നിട്ട് അതൊക്കെ മേശപ്പുറത്തെടുത്തു വെച്ച് കഴുകാനുള്ള തുണി വാഷിംഗ് മെഷീനിൽ ഇട്ട്, വീടും മുറ്റോം അടിച്ചു വാരി, കുളിച്ച് ഒന്നരമണിക്കൂർ ബസ്സിലിരുന്ന് ഇവിടെത്തും. പിന്നെ വൈകിട്ട് ചെന്ന് തുണിയെല്ലാം വിരിച്ചിട്ട്, പിറ്റന്നേക്കുള്ള തേക്കലും കറിക്കരിയലും പാത്രം കഴുകലും കഴിഞ്ഞു രാത്രി പതിനൊന്നു മണിക്ക് കിടക്കുമ്പോൾ ഒരു സംതൃപ്തിയുണ്ട്, ഇത്രയൊക്കെ ഈ അൻപതാം വയസ്സിലും ചെയ്യാൻ പറ്റുന്നുണ്ടല്ലോ എന്ന്."
ഇത് ഞങ്ങളുടെ ടീച്ചർ വന്നു ക്ലാസ്സിൽ പറയുമ്പോൾ ആകെയുള്ള സംശയം അവരുടെ വീട്ടിലുള്ള ബാക്കി മനുഷ്യർക്ക് എന്താ കണ്ണിച്ചോരയില്ലാത്തതെന്നായിരുന്നു! കാരണം വേറെയാർക്കുമറിയില്ലെങ്കിലും എനിക്കവരുടെ ഭർത്താവിനെയും മകനേയും പരിചയമുണ്ടായിരുന്നു. രണ്ടു പേരും നാട്ടിലെ അറിയപ്പെടുന്ന വ്യക്തികളാണ്. സ്വന്തമായി ജോലിചെയ്യാനോ അധ്വാനിക്കണോ തയ്യാറല്ലാത്ത രണ്ടാണുങ്ങൾ. വീട്ടിൽ കുറച്ച് റബ്ബറുള്ള കണക്കിൽ ഗർവ്വോടെ വീടുപേരും പറഞ്ഞു ജീവിക്കുന്നവർ, അവർ വെള്ളം കുടിച്ച ഗ്ലാസ് പോലും കഴുകാൻ കൂട്ടാക്കാറുമില്ല. എന്തുകൊണ്ടോ അവർ അങ്ങനെയൊന്നും ചെയ്യണമെന്ന് ടീച്ചർ ആഗ്രഹിച്ചിട്ടുമില്ല.