29 May Monday

7 കുടുംബം, ഒറ്റ അടുക്കള

ഗിരീഷ് വാകയാട്Updated: Sunday Oct 17, 2021


പുലർച്ചെ അഞ്ചിന്‌ ഉണരണം. ഭർത്താവിനും മക്കൾക്കും പ്രഭാത ഭക്ഷണമുണ്ടാക്കണം. പ്രായമായ അച്ഛനും അമ്മയ്‌ക്കും പ്രഭാതഭക്ഷണവും ഉച്ചയൂണും പാത്രത്തിലാക്കി വയ്‌ക്കണം. പത്തുമണിക്കു മുമ്പേ ഓഫീസിൽ എത്താനുള്ള പെടാപ്പാട്. തൊഴിലെടുക്കുന്ന മലയാളി വനിതയുടെ ദിനചര്യ ഇങ്ങനെ.  
ഇവിടെയാണ് വിശ്രമമില്ലാത്ത അടുക്കള ജോലിയോട് ഏഴു കുടുംബം അവധി പറഞ്ഞത്.

ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിൻ മുകളിലാണ് ആ കുടുംബങ്ങൾ. തങ്ങൾക്ക്‌ ഇനി പല അടുക്കള വേണ്ടെന്നാണ് ഇവരുടെ തീരുമാനം. "പൊതു അടുക്കള’ എന്ന കാഴ്ചപ്പാടിലേക്കുള്ള കാൽവയ്പാണ് ഇവർ മലയാള നാടിനുമുന്നിൽ വയ്‌ക്കുന്നത്.  ഈ ഏഴു കുടുംബത്തിലെ പ്രഭാതഭക്ഷണവും  ഉച്ചയൂണിന്റെ വിഭവങ്ങളും ഒരുക്കുന്നത്  കൂട്ടത്തിലൊരാളായ തൊടുവൻകുഴിയിൽ ആസ്യയുടെ അടുക്കളയിൽ. പുലർച്ചെ അഞ്ചിന്‌ ഉണരുന്ന ആസ്യ 7.30ന്‌ ഭക്ഷണമുണ്ടാക്കി കഴിയും. ഇത് വീടുകളിൽ എത്തിക്കുന്ന ചുമതലയും ആസ്യക്കുതന്നെ. സ്ത്രീപക്ഷാശയങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പൊതു അടുക്കളകളെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴാണ് ഒരു ചെറുഗ്രാമത്തിൽത്തന്നെ "കോമൺ കിച്ചൺ’ എന്ന ആശയം നടപ്പാകുന്നത്.


 

സാമൂഹ്യപ്രവർത്തകയും ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റും റിട്ട. അധ്യാപികയുമായ ഗിരിജ പാർവതിയാണ് കോമൺ കിച്ചൺ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നത്. പാലോറ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കെ ബിൻസി, വടകര എൻജിനിയറിങ്‌ കോളേജിലെ ഇലക്ട്രോണിക്സ് ഇൻസ്ട്രക്ടർ ആർ ഡി പ്രീത, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക കെ എം ഷീന, ഉണ്ണികുളം ഗവ. യുപിയിലെ അധ്യാപിക പി സിന്ധു, കൊയിലാണ്ടി താലൂക്കാശുപത്രി മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ കെ പി ലൗസി, ബ്യൂട്ടീഷ്യൻ ഷീജ എന്നിവർ ഗിരിജയ്‌ക്ക്‌ പിന്തുണയുമായുണ്ട്. ഇവരുടെ ആശയത്തെ കുടുംബവും പിന്തുണച്ചതോടെ കോമൺ കിച്ചൺ ചെറിയതോതിലെങ്കിലും യാഥാർഥ്യമാക്കാനായതിലുള്ള സന്തോഷത്തിലാണ്‌ ഇവർ. പരമാവധി നാടൻ വിഭവങ്ങളും ഉപയോഗിച്ച് വീട്ടുരുചിയിൽത്തന്നെ ഭക്ഷണമൊരുക്കാനാണ് ഇവരുടെ തീരുമാനം. ചെലവ് മാസാവസാനം വീതംവയ്‌ക്കുന്നതിനൊപ്പം ആസ്യക്ക്‌ പ്രതിഫലവും നൽകും.

ഏഴു കുടുംബത്തിലായി 26 പേർക്കാണ് അടുക്കളയിൽ വിഭവങ്ങൾ ഒരുക്കുന്നത്. ആഴ്‌ചയിലെ ഏഴു ദിവസവും വ്യത്യസ്ത വിഭവമാണ്. അതിരാവിലെ ജോലിക്ക്‌ പോകുന്നവർക്ക് വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞുവരുമ്പോൾ രാവിലത്തെ ഓട്ടത്തിനിടയിൽ മിക്കപ്പോഴും പ്രഭാതഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ഇതുകൊണ്ട് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. കൂടാതെ വ്യായാമത്തിനോ വായനയ്‌ക്കോ സമയം കിട്ടാറില്ല. ഇതിനൊരു പരിഹാരമായാണ് ഞാൻ ഇതിനെ കാണുന്നതെന്ന് താലൂക്കാശുപത്രിയിലെ കെ പി ലൗസി പറയുന്നു. രാവിലെയും രാത്രിയും നല്ലൊരു സമയം അടുക്കളയിലാകുന്നതിനാൽ ഇഷ്ടപ്പെട്ട പുസ്തകം വായിക്കാൻ  ആഴ്ചകൾ എടുക്കുന്നതായി അധ്യാപികയായ ബിൻസി പറയുന്നു. രാവിലെ പത്രം വായിച്ചശേഷം സ്‌കൂളിലേക്ക്‌ ഇറങ്ങാൻ എത്ര അധ്യാപികമാർക്ക് കഴിയാറുണ്ടെന്നും അവർ ചോദിക്കുന്നു. തന്റെ സർവീസ് കാലത്ത് ഇങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നുവെങ്കിലെന്ന് ഏറെ ആഗ്രഹിച്ചിട്ടുണ്ടെന്ന് ഇവർക്ക് മാർഗനിർദേശംനൽകി കൂടെനിൽക്കുന്ന റിട്ട. അധ്യാപിക നാണിക്കുട്ടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top